മരണം പതിയിരുന്ന 90 മിനിറ്റുകൾ
Friday, August 22, 2025 2:38 PM IST
രാജസ്ഥാനിലെ രന്തംബോർ നാഷണൽ പാർക്കിൽ വന്യമൃഗങ്ങളുടെ കാഴ്ചകൾ ആസ്വദിച്ചുള്ള സഫാരി യാത്രക്ക് തയാറെടുക്കുന്പോൾ അവർക്ക് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. നാഷണൽ ജോഗ്രഫിക് ചാനലിലും മറ്റും കാണുന്ന പോലെ സഫാരി കാന്ററിലിരുന്ന് കടുവകളേയും മറ്റും അടുത്തു കാണാനുള്ള അവസരമായിരുന്നു അത്.
സ്ത്രീകളും കുട്ടികളുമടക്കം ഇരുപതു പേരാണ് വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്നത്. എല്ലാവരും സന്തോഷത്തിലും ത്രില്ലിലും ആയിരുന്നു. കാമറയൊക്കെ സെറ്റ് ചെയ്ത്, മൊബൈൽ ഫോണെല്ലാം ഫുൾ ചാർജ് ചെയ്ത് കഴിക്കാനുള്ളതെല്ലാം കൈയിൽ കരുതി അവർ യാത്ര പുറപ്പെട്ടു.
വരാനിരിക്കുന്നത് ഭീതിയുടെ നിമിഷങ്ങളാണെന്നറിയാതെയുള്ള വനയാത്ര.... രാജസ്ഥാനിലെ രന്തംബോർ നാഷണൽ പാർക്ക് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് .
1955 ൽ സവായ് മധോപൂർ ഗെയിം സാങ്ച്വറി എന്ന പേരിൽ രന്തംബോർ ദേശീയോദ്യാനം സ്ഥാപിതമായി, 1974 ൽ ഇത് പ്രോജക്ട് ടൈഗർ റിസർവുകളിൽ ഒന്നായി പ്രഖ്യാപിക്കപ്പെട്ടു. 1980 ൽ ഇത് ഒരു ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു.
ഓരോ വർഷവും നീരവധി സഞ്ചാരികളാണ് ഇവിടേക്ക് ഇന്ത്യയ്ക്കകത്തു നിന്നും പുറത്തുനിന്നുമായി എത്താറുള്ളത്. അങ്ങിനെ രന്തംബോറിലെ കാഴ്ചകൾ കാണാനെത്തിയവരുടെ യാത്രയാണ് മുന്നോട്ടുപോയ്ക്കൊണ്ടിരിക്കെ അപ്രതീക്ഷിത ട്വിസ്റ്റുകൾ കാരണം ഹാപ്പിജേർണി ടെറിബിൾ ജേർണി ആയി മാറിയത്.
വളരെ സുഗമമായി യാത്ര മുന്നോട്ടു പോകുന്നതിനിടെയാണ് പെട്ടന്ന് സഫാരി കാന്റർ നിന്നുപോയത്. എന്തോ സാങ്കേതിക തകരാർ. കേൾക്കുന്പോഴും പറയുന്പോളും വളരെ ലളിതമാണെന്ന് തോന്നുമെങ്കിലും ഒരു സഫാരി യാത്രയിൽ സഫാരി കാന്റർ കേടുവന്നാൽ, അത് പെട്ടന്ന് ശരിയാക്കുകയോ ബദൽമാർഗം ഒരുക്കുകയോ ചെയ്തില്ലെങ്കിൽ സംഭവിക്കാവുന്ന പ്രശ്നങ്ങൾ ചില്ലറയല്ല.
വണ്ടി കേടുവന്നപ്പോൾ ആദ്യം യാത്രികർ കരുതിയത് സ്വഭാവികം എന്നാണ്. കടുവ സംരക്ഷണ കേന്ദ്രത്തിലെ സോണ് ആറിലെത്തിയപ്പോഴാണ് തീർത്തും അപ്രതീക്ഷിതമായി സഞ്ചാരികളുടെ സഫാരി കാന്ററിന് കേടുപാടുകൾ സംഭവിച്ചത്.
ശരിയാക്കാൻ പലവട്ടം നോക്കിയിട്ടും സഫാരി കാന്റർ അനങ്ങുന്നില്ല. ഇതിനിടെ സഞ്ചാരകൾക്കൊപ്പമുണ്ടായിരുന്ന ഗൈഡും സഞ്ചാരികളുമായി വാക്കുതർക്കമായി.
ഇനിയാണ് കഥയുടെ അടുത്ത ട്വിസ്റ്റ്
എന്നാൽ നിങ്ങളിവിടെ നിൽക്ക് ഞാൻ പോയി വേറെ വണ്ടി കൊണ്ടുവരാമെന്നും പറഞ്ഞ് ഗൈഡ് പതിയെ സ്ഥലം വിട്ടു. ഏതു പ്രതിസന്ധി ഘട്ടത്തിലും കൂടെ നിൽക്കേണ്ട ഗൈഡാണ് വിനോദസഞ്ചാരികളെ പെരുവഴിയിൽ അല്ല, കൊടുംകാട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
സത്യത്തിൽ ഗൈഡ് മുങ്ങിയതാണെന്നോ കടന്നുകളഞ്ഞതാണെന്നോ സഞ്ചാരികൾക്കാർക്കും മനസിലായില്ല. വേറെ വണ്ടിയുമായി കക്ഷി വരുമല്ലോ എന്ന് പ്രതീക്ഷിച്ച് സഞ്ചാരികൾ ചുറ്റുമുള്ള കാടും നോക്കി വണ്ടിയിൽതന്നെയിരുന്നു.
കാട്ടിൽ പെട്ടന്നാണ് ഇരുട്ടു പരക്കുക. രന്തംബോർ നാഷണൽ പാർക്കിലെ കാട്ടിലും ഇരുട്ട് പെട്ടന്നെത്തി. അപ്പോഴാണ് വിനോദസഞ്ചാരികൾ തങ്ങൾ പെട്ടുവെന്ന സത്യം മനസിലാക്കിയത്.
നേരം ഇരുട്ടികുത്തിയെത്തിയപ്പോഴേക്കും എല്ലാവരും ഭയത്തിന്റെ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. മൊബൈൽ റേഞ്ചും കുറവായിരുന്നു. പിന്നെ എല്ലാവരും മൊബൈൽ ഫോണുകളിലെ ഫ്ളാഷ് ലൈറ്റുകൾ ഓണ് ചെയ്തു. അപ്പോഴേക്കും കുട്ടികൾ പേടിച്ചു കരയാൻ തുടങ്ങിയിരുന്നു.
സ്ത്രീകളും പേടിയോടെ ചുറ്റും നോക്കി. പുരുഷൻമാർ എല്ലാവർക്കും ധൈര്യം കൊടുത്ത് മൊബൈലിൽ അധികാരികളെ ആരെയെങ്കിലും ബന്ധപ്പെടാൻ പറ്റുമോ എന്ന് ശ്രമിച്ചുകൊണ്ടേയിരുന്നു. രന്തംബോർ നാഷണൽ പാർക്കിനെക്കുറിച്ച് കേട്ടും പറഞ്ഞുമറിഞ്ഞ കാര്യങ്ങൾ ഓർത്തപ്പോൾ വിനോദസഞ്ചാരികൾക്ക് നെഞ്ചിടിപ്പ് കൂടി.
നിരവധി സസ്തനികളുടെയും, ഉരഗങ്ങളുടെയും, പക്ഷികളുടെയും ആവാസ കേന്ദ്രമാണ് ഈ പാർക്ക്. രാജസ്ഥാനിലെ ഈ ദേശീയോദ്യാനം പ്രധാനമായും റോയൽ ബംഗാൾ കടുവകളുടെ ആവാസ കേന്ദ്രമായാണ് അറിയപ്പെടുന്നത്.
ഇതിനുപുറമെ, പുള്ളിപ്പുലികൾ, സ്ലോത്ത് കരടികൾ, വരയുള്ള കഴുതപ്പുലികൾ, സാന്പാർ മാൻ, മാർഷ് മുതല, ഈന്തപ്പന വെട്ടുകിളി, കുറുക്കൻ, മരുഭൂമി കുറുക്കൻ, സർപ്പ കഴുകൻ, ജലപക്ഷികൾ, എന്നിവയും ഈ ദേശീയോദ്യാനത്തിൽ ധാരാളമുണ്ട്. ഇവയോടൊപ്പം 40 ഇനം സസ്തനികളും, 35 ഇനം ഉരഗങ്ങളും, 320 ഇനം പക്ഷികളും ഇവിടെയുണ്ട്.
കാട്ടുപൂച്ചകൾ, കാരക്കൽസ്, സ്ലോത്ത് കരടികൾ, ബ്ലാക്ക് ബക്ക് മാനുകൾ, വാലുള്ള മുയൽ, ഇന്ത്യൻ കാട്ടുപന്നി, ടോഡി പൂച്ച, മഞ്ഞ വവ്വാലുകൾ, മരുഭൂമി പൂച്ചകൾ, അഞ്ച് വരയുള്ള പാം അണ്ണാൻമാർ, ഇന്ത്യൻ വ്യാജ വാന്പയർമാർ, ഇന്ത്യൻ പറക്കുന്ന കുറുക്കന്മാർ, മുള്ളൻപന്നികൾ, ചതുപ്പുനില മുതലകൾ,
ഉരഗങ്ങൾ, മൂക്കുമൂടിയ മാർഷ് മുതലകൾ, മരുഭൂമി മോണിറ്റർ പല്ലികൾ, ആമകൾ, വിഷപ്പാന്പുകൾ, മൂർഖൻ, ഇന്ത്യൻ പെരുന്പാന്പുകൾ, വടക്കേ ഇന്ത്യൻ ഫ്ളാപ്പ് ഷെൽഡ് ആമകൾ,തുടങ്ങി വന്യമൃഗസന്പന്നമാണ് ഇവിടം. 2023ലെ കണക്കു പ്രകാരം ഇവിടുത്തെ കടുവകളുടെ എണ്ണം 88 ആണ്.
സമയം കടന്നുപോയിക്കൊണ്ടിരുന്നു. വേറെ വണ്ടിയുമായി വരാമെന്ന് പറഞ്ഞു പോയ ഗൈഡിനെ കാണാനില്ല. സഞ്ചാരികൾക്ക് ഹൃദയമിടിപ്പ് താളം തെറ്റി. പലരും കരയാൻ തുടങ്ങിയിരുന്നു. ചിലരൊക്കെ മരവിച്ച അവസ്ഥയിലുമായി.
എപ്പോൾ വേണമെങ്കിലും തങ്ങൾക്കു നേരെ വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകുമെന്നവർ ഭയന്നുവിറച്ചു. ഓരോ ചെറിയ ശബ്ദവും കേട്ടവർ നടുങ്ങി. ചെറിയ കരിയിലയനക്കം പോലും അവരെ ഭയപ്പാടിലാഴ്ത്തി.
നീണ്ട 90 മിനുറ്റുകൾ കടന്നുപോയതിനൊടുവിൽ സഞ്ചാരികളെ കൊണ്ടുപോകാൻ മറ്റൊരു വണ്ടിയെത്തി. അതിന്റെ വെളിച്ചം കണ്ണിൽ പതിഞ്ഞപ്പോൾ, അതിന്റെ ശബ്ദം ചെവിയിൽ തൊട്ടപ്പോൾ സഞ്ചാരികൾ അക്ഷരാർത്ഥത്തിൽ തുള്ളിച്ചാടുകയായിരുന്നു.
പലരും പ്രാർഥിക്കുന്നുണ്ടായിരുന്നു, നന്ദിയോടെ, ഒരാപത്തും കൂടാതെ കാത്തുരക്ഷിച്ചതിന്... കൊടുംകാട്ടിലകപ്പെട്ട വിനോദസഞ്ചാരികളെക്കുറിച്ച് വിവരം കിട്ടിയപ്പോൾ സമയം കളയാതെ കാട്ടിനകത്തേക്ക് കുതിച്ചെത്തുകയായിരുന്നു അധികാരികൾ.
വിനോദസഞ്ചാരികൾക്കുണ്ടായ ഇത്രയും ഭീതിനിറഞ്ഞ അനുഭവങ്ങൾക്ക് നിരുപാധികം മാപ്പു പറഞ്ഞ ഡെപ്യൂട്ടി കണ്സർവേറ്റർ ഓഫ് ഫോറസ്റ്റ്സ് പ്രമോദ് ധകാദ് ഈ സംഭവത്തിനുത്തരവാദികളായവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് സഞ്ചാരികളെ അറിയിച്ചു.
അപ്പോഴേക്കും കാട്ടിനകത്ത് ഫോണിന്റെ ഫ്ളാഷ് ലൈറ്റിൽ പേടിച്ചു വിറച്ച് വിറങ്ങലിച്ചിരിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും വീഡിയോ വൈറലായി. നിരവധി പേർ രാജസ്ഥാൻ ടൂറിസത്തേയും അധികാരികളുടെ ഉത്തരവാദിത്വമില്ലായ്മയേയും കുറ്റപ്പെടുത്തി. ഗൈഡിന്റെ നിഷേധാത്മക നിലപാടിനേയും വിമർശിച്ചവരേറെ.
ഏറെ പ്രാധാന്യവും പ്രശസ്തിയുമുള്ള രന്തംബോർ നാഷണൽ പാർക്കിനെക്കുറിച്ച് ഇത്രയും മോശപ്പെട്ട അനുഭവം സഞ്ചാരികൾക്കുണ്ടായതും സോഷ്യൽമീഡിയയിലും മറ്റു മാധ്യമങ്ങളിലും പാർക്കിലെ സംഭവം വലിയ വിവാദചർച്ചയായതും അധികാരികളെ വെട്ടിലാക്കി.
കടുവകളുടെ സാന്നിധ്യം കൂടുതലുള്ള ഇടമാണ് സോണ് ആറ്. ഇവിടെ പേടിച്ച് വിറങ്ങലിച്ചിരിക്കുന്ന കുട്ടികൾ അടക്കമുള്ളവരുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
സഫാരി കാന്റർ ഡ്രൈവർമാരായ കനയ്യ, ഷെഹ്സാദ് ചൗധരി, ലിഖായത്ത് അലി, ഗൈഡ് മുകേഷ് കുമാർ ബൈർവ എന്നിവരോട് സംഭവത്തെക്കുറിച്ചുള്ള അന്വേഷണം അവസാനിക്കുന്നവരെ പാർക്കിൽ പ്രവേശിക്കരുതെന്ന് കർശന നിർദ്ദേശം നൽകി.
രന്തംബോർ നാഷണൽ പാർക്കിലേക്ക് ഇനിയും സഞ്ചാരികളൊഴുകും. സഫാരി കാന്റർ അവരേയും കൊണ്ട് ഇനിയും കാടുകയറും. പക്ഷേ അന്ന് ആ യാത്രക്കുപോയ 20 പേർക്ക് അതൊരു മറക്കാനാവാത്ത യാത്ര തന്നെയായിരുന്നു.
അവർ ഒരിക്കലും ഓർക്കാനാഗ്രഹിക്കാത്ത 90 മിനുറ്റുകളുടെ ഭീതിനിറഞ്ഞ യാത്രാവേള...