കേരളത്തെ മയക്കുന്ന രാസലഹരികേന്ദ്രങ്ങള്
Tuesday, August 26, 2025 1:35 PM IST
കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനത്തേക്കെത്തുന്ന രാസലഹരിയുടെ ഉറവിടം കണ്ടെത്തി. ഡൽഹി, ഹരിയാന പോലീസിനൊപ്പം കോഴിക്കോട് ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദക്ഷിണേന്ത്യൻ സംസ്ഥാനത്തേക്ക് ഒഴുകിയിരുന്ന രാസലഹരിയുടെ കേന്ദ്രം കണ്ടെത്താൻ സാധിച്ചത്.
ഹരിയാനയിലെ ഗുർഗോണിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനുള്ളിലാണ് രാസലഹരി ഉത്പാദിപ്പിക്കുന്ന കിച്ചണുകൾ പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. ഇതിന് നേതൃത്വം നൽകിയ മൂന്ന് ആഫ്രിക്കൽ സ്വദേശികളെയും പോലീ പിടികൂടിയതായാണു സൂചന.
പ്രതികളെ ടൗൺ ഇൻസ്പക്ടർ പി. ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട്ടെത്തിച്ചു.
ലഹരി ഉദ്പാദിപ്പിക്കുന്ന കിച്ചണുകള്‍
ആദ്യമായാണ് രാസലഹരി ഉത്പാദിപ്പിക്കുന്ന കിച്ചണുകൾ കണ്ടെത്തുന്നത്. ബംഗളൂരുവിലും ഡൽഹിയിലും ഉണ്ടെന്ന് പറയുകയല്ലാതെ വർഷങ്ങളായി വിവിധ അന്വേഷണ ഏജൻസികൾക്ക് കിച്ചണുകൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അതിനിടെയാണ് മൂന്നു സംസ്ഥാനങ്ങളുടെ പോലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കിച്ചണുകൾ തിരിച്ചറിഞ്ഞത്.
ഈ വർഷം ഫെബ്രുവരിയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്ന് 778 ഗ്രാം എം ഡിഎംഎയുമായി മലപ്പുറം പുതുക്കോട്ട് സ്വദേശി കെ. സിറാജിനെ പിടികൂടിയതിനെത്തുടർന്ന് നടത്തിയ അന്വേഷണമാണ് കിച്ചണുകൾ കണ്ടെത്തുന്നതിൽ നിർണായകമായത്.
ഹിമാചൽ പ്രദേശിൽ ഉൾപ്പെടെ ലഹരികേസുകളുള്ള സിറാജ് ഡൽഹി, ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ടൗൺ പോലീസ് രണ്ടു ടീമുകളായാണ് അന്വേഷണം നടത്തിയത്.
എസ്ഐ സജി ഷിനോബും സംഘവും ഡൽഹിയിലും ഹരിയാനയിലുമായിരുന്നു അന്വേഷിച്ചത്. മറ്റൊരു സംഘം ഹിമാചൽപ്രദേശിലും അന്വേഷണം നടത്തി. അന്വേഷണത്തിൽ ഡൽഹി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന ആഫ്രിക്കൽ സ്വദേശി ഹെൻട്രിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു.
ഹെൻട്രിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചതോടെ വിവരം ഡൽഹി, ഹരിയാന പോലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുർഗോണിലെ രാസലഹരി ഉത്പാദിപ്പിക്കുന്ന കിച്ചൺ കണ്ടെത്തിയത്.
ഇവിടെ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധിപേര്‍ ജോലി ചെയ്തിരുന്നതായി കണ്ടെത്തി. പാക്കിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഉത്തരന്ത്യേക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ നിരവധി പേരെ പിടികൂടാനുണ്ട്.
എല്ലാം ട്രെയിന്‍മാര്‍ഗം
ഡൽഹിയിൽ നിന്നു ട്രെയിൻ മാർഗമായിരുന്നു സിറാജ് കോഴിക്കോട്ടേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്. സിറാജ് കോഴിക്കോട് നിന്നു ട്രെയിനിൽ ഗോവയിൽ എത്തുകയും അവിടെ നിന്ന് ഫ്ളൈറ്റിൽ ഡൽഹിക്ക് പോകുകയുമാണ് ചെയ്തിരുന്നത്.
ഡൽഹിയിൽ നിന്നു ഹെൻഡ്രി വഴി എംഡിഎംഎ ശേഖരിക്കും. ശേഖരിച്ച ലഹരി വസ്തുക്കൾ ഗോവ വഴി കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ട്രെയിനിന്റെ എസി കോച്ചിലെ ബാത്ത് റൂമിൽ ഒളിപ്പിച്ചു വയ്ക്കും.
ബോഗി നമ്പർ മനസിലാക്കി ട്രെയിൻ ഗോവയിൽ എത്തുന്നതിന് മുൻപെ ഡൽഹിയിൽ നിന്നും ഫ്ളൈറ്റിൽ സിറാജ് ഗോവയിൽ എത്തും. പിന്നീട് ട്രയിൻ ഗോവയിൽ എത്തുമ്പോൾ ഏതെങ്കിലും ബോഗിയിൽ കയറുകയും കോഴിക്കോട് എത്താറാകുമ്പോൾ ഒളിപ്പിച്ച മയക്കുമരുന്ന് ശേഖരിച്ച് പുറത്ത്കടക്കുകയുമായിരുന്നു രീതി.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. പ്രതികളെ കോഴിക്കോട്ടെത്തിച്ച ശേഷം കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുക്കും. ഇതിനായി സൈബര്‍ വിംഗിന്റെ സഹായവും തേടിയിട്ടുണ്ട്.