1993ലെ സ്പെഷൽ റൂൾ പട്ടയം മലയോര കർഷകർക്കുള്ള സമ്മാനം
Wednesday, April 10, 2019 12:10 PM IST
കട്ടപ്പന: ഹൈറേഞ്ചു കുടിയേറ്റത്തിന്റെ നാൾമുതൽ കർഷകർ നെഞ്ചോടു ചേർത്തുവച്ച കേരള കോണ്‍ഗ്രസിന്റെ ഒരു കാലഘട്ടംകൂടി ചരിത്രമാകുന്പോൾ കുടിയേറ്റ കർഷകർക്ക് ഒർമയിൽ കരുതാൻ ഒന്നുകൂടിയുണ്ട്. രാഷ്ട്രീയ വടംവലിയിലും വിലപേശലിലും നിലച്ചുപോയ കർഷകരുടെ കൈവശ ഭൂമിക്കുള്ള പട്ടയത്തിനു രണ്ടാംവരവ് സാധിച്ചെടുത്തത് കെ.എം. മാണിയുടെ തന്ത്രമാണ്.
1956 മുതൽ ഹൈറേഞ്ചു കർഷകരുടെ ഭൂമിക്കു നൽകിയിരുന്ന പട്ടയ വിതരണം 1975ൽ നിലച്ചുപോയപ്പോൾ മറുതന്ത്രം മെനഞ്ഞാണ് രണ്ടാമതു പട്ടയവിതരണം ആരംഭിച്ചത്. 1 - 1-77 ന് മുന്‍പുള്ള കർഷകരുടെ കൈവശഭൂമിക്കു പട്ടയം നൽകാൻ സംസ്ഥാന കാബിനറ്റ് അംഗീകാരം നൽകിയെങ്കിലും നടപടിക്രമങ്ങൾ നീണ്ടുപോയി. ഒടുവിൽ കെ. കരുണാകരൻ മുഖ്യമന്ത്രിയും കെ.എം. മാണി റവന്യു മന്ത്രിയുമായിരുന്ന മന്ത്രി സഭ 1993ൽ പട്ടയം നൽകാൻ ഉത്തരവിറക്കിയാണ് യാഥാർഥ്യമാക്കിയത്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരുന്ന കമൽനാഥ് നെടുങ്കണ്ടത്തെത്തിയാണ് പട്ടയ പ്രഖ്യാപനം നടത്തിയത്. പക്ഷേ, ആ പ്രഖ്യാപനത്തിനു മണിക്കൂറുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളു. കമൽനാഥ് ഡൽഹിയിൽ തിരിച്ചെത്തിയപ്പോൾ പട്ടയ നടപടി മരവിപ്പിച്ചു. ഇതിനെതിരേ റവന്യു മന്ത്രിയായിരുന്ന കെ.എം. മാണി നടത്തിയ കൗശല തന്ത്രമാണ് 1993ലെ സ്പെഷൽ റൂൾ എന്നറിയപ്പെടുന്ന വനഭൂമി കൈയേറ്റം ക്രമീകരിക്കൽ നിയമവും 1993 പട്ടയവും.
സിഎച്ച്ആർ വനഭൂമിയാണെന്ന വാദം ഉന്നയിച്ചാണ് പട്ടയ നടപടി മരവിപ്പിച്ചത്. അതിനെ മറികടക്കാൻ സിഎച്ച്ആർ വനഭൂമിയാണെന്ന് അംഗീകരിച്ചു കൈയേറ്റം ക്രമീകരിച്ചുനൽകാൻ നൽകിയ അപേക്ഷയിലാണ് കേരളത്തിലെ 28,588 ഹെക്ടർ സ്ഥലം പതിച്ചുനൽകാൻ കേന്ദ്രമന്ത്രാലയം അനുമതി നൽകിയത്. അന്ന് അതേ മാർഗമുണ്ടായിരുന്നുള്ളൂ എന്ന് 2010ൽ നെടുങ്കണ്ടത്തെത്തിയ കെ.എം. മാണി ലേഖകനോടു പറഞ്ഞിരുന്നു. സിഎച്ച്ആർ വനമാണെന്നു സമ്മതിച്ചതു തെറ്റായിരുന്നില്ലേ എന്ന ചോദ്യത്തിനു അദ്ദേഹം നൽകിയ മറുപടിയായിരുന്നു.
വനഭൂമിക്കു പട്ടയം നൽകുന്നതിനെതിരേ എറണാകുളം ആസ്ഥാനമായ ഒരു സംഘടന കോടതിയെ സമീപിച്ചെങ്കിലും അന്നു കേരള കോണ്‍ഗ്രസിന്റെ ട്രഷററായിരുന്ന മുൻ എംഎൽഎ തോമസ് ജോസഫിന്റെ നേതൃത്വത്തിൽ അഭിഭാഷകനായ ജോണ്സണ് മനയാനിയെകൊണ്ട് കേസു നടത്തിച്ചു കർഷകർക്ക് അനുകൂലവിധി നേടിയെങ്കിലും സംഘടന സുപ്രീം കോടതിയിൽ അപ്പീൽനൽകി പട്ടയനടപടി വീണ്ടും തടഞ്ഞു.
പിന്നീട് 2009-ലാണ് 1993-ലെ സ്പെഷൽ റൂൾ അനുസരിച്ചു കർഷകർക്കു പട്ടയം നൽകാൻ തുടങ്ങിയത്. അന്നു കെ.എം. മാണി സ്പെഷൽ റൂൾ ഉണ്ടാക്കി പട്ടയം നൽകാൻ അനുമതി നേടിയില്ലായിരുന്നെങ്കിൽ ഹൈറേഞ്ചിന്റെ സ്ഥിതി മറ്റൊന്നാകുമായിരുന്നു.
കെ.എസ്. ഫ്രാൻസിസ്
അവസാന ഒപ്പ്
യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന് പാർട്ടി ചിഹ്നമായ രണ്ടില അനുവദിക്കാൻ വരണാധികാരിക്ക് കത്ത് നൽകാൻ ജനറൽ സെക്രട്ടറി ജോയി ഏബ്രഹാമിനെ ചുമതലപ്പെടുത്തുന്ന രേഖയിൽ ഒപ്പുവച്ചതാണ് അവസാനത്തെ ഒൗദ്യോഗിക കർമം. മാർച്ച് അവസാനം ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അവസാനമായി ഒപ്പുവച്ചത്.