ആരോഗ്യസുരക്ഷയിലെ പാളിച്ച
പ്രത്യേക ലേഖകൻ
Monday, October 6, 2025 3:26 AM IST
മധ്യപ്രദേശിലും രാജസ്ഥാനിലും കഫ് സിറപ് കഴിച്ചതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ കുട്ടികൾ മരിച്ച സംഭവം ആരോഗ്യസുരക്ഷാരംഗത്തെ വലിയ പാളിച്ചയാണ് തുറന്നുകാട്ടുന്നത്. കർശനമാകേണ്ട പരിശോധനയിൽ വന്ന അയവ്, ആരോഗ്യമേഖലയിൽ ഒരു സംഭവമുണ്ടായാൽ അതിവേഗം പ്രവർത്തിക്കേണ്ട സംവിധാനങ്ങളുടെ പരാജയം എന്നിവയെല്ലാം വലിയ ആശങ്കയാണുണ്ടാക്കുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രാലയം ആറു സംസ്ഥാനങ്ങളിലായി 19 വ്യത്യസ്ത മരുന്നു സാന്പിളുകളുടെ പരിശോധന തുടങ്ങിയിട്ടുണ്ട്. വില്ലനായെന്ന് കരുതപ്പെടുന്ന കോൾഡ്രിഫ് കഫ് സിറപ്പിന്റെ നിർമാതാക്കളായ ശ്രേശൻ ഫാർമസ്യൂട്ടിക്കൽസിന്റെ തമിഴ്നാട് കാഞ്ചീപുരത്തെ നിർമാണകേന്ദ്രം അടച്ചുപൂട്ടി. കോൾഡ്രിഫിന്റെ ഒരു ബാച്ചിൽ അപകടകാരിയായ ഡൈ എഥിലിൻ ഗ്ലൈക്കോൾ അനുവദിച്ചതിലും ഉയർന്ന അളവിൽ കണ്ടെത്തി.
വൃക്കകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നതാണ് ഈ രാസവസ്തു. കോൾഡ്രിഫിന്റെയും അതിന്റെ നിർമാതാക്കളുടെ മറ്റു മരുന്നുകളുടെയും വില്പന മധ്യപ്രദേശിൽ നിരോധിച്ചു. കേരളത്തിലും വില്പന നിർത്തിവച്ചിട്ടുണ്ട്. രാജസ്ഥാനിൽ മരണകാരണമായതെന്നു കരുതുന്ന കഫ് സിറപ്പ് നിർമിച്ചത് ജയ്പുരിലെ കെയ്സൺ ഫാർമയാണ്. ഇവരുടെ എല്ലാ മരുന്നുകളുടെയും വില്പന തടഞ്ഞിട്ടുണ്ട്.
ഇത്രയും നടപടികളുണ്ടായെങ്കിലും മധ്യപ്രദേശിൽ പതിനാലും രാജസ്ഥാനിൽ മൂന്നും കുട്ടികൾ മരിക്കാനിടയായ മാപ്പില്ലാത്ത അനാസ്ഥ മറച്ചുവയ്ക്കാനാകില്ല. സെപ്റ്റംബറിന്റെ തുടക്കത്തിലാണ് അഞ്ചു വയസിൽ താഴെയുള്ള കുട്ടികളുടെ അസാധാരണ മരണം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്നുള്ള നിർണായകമായ രണ്ടാഴ്ച കാരണമറിയാതെ മധ്യപ്രദേശ് ആരോഗ്യവകുപ്പ് അധികൃതർ തപ്പിത്തടയുകയായിരുന്നു. അലസമായ പതിവ് അന്വേഷണങ്ങൾ എങ്ങുമെത്തിയില്ല. കുടിവെള്ളത്തിലെ മാലിന്യം, എലി, കൊതുക് എന്നിവയെ ചുറ്റിപ്പറ്റിയായിരുന്നു പരിശോധനകൾ. ഇതൊന്നും മരണകാരണത്തിലേക്ക് വഴിതെളിച്ചില്ല.
ഉണർന്നു പ്രവർത്തിച്ചില്ല
സെപ്റ്റംബർ രണ്ടിനാണ് മധ്യപ്രദേശിലെ ചിന്ദ്വാഡ ജില്ലയിലെ പരാസിയയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്യുന്നത്. ശിവം എന്ന നാലുവയസുകാരൻ. തുടർന്ന് സെപ്റ്റംബർ 16 വരെയുള്ള ദിവസങ്ങളിൽ വിദ്ധി (മൂന്ന്), അദ്നാൻ (അഞ്ച്), ഉസൈദ് (നാല്), റിഷിക (അഞ്ച്), ശ്രേയ (രണ്ട്) എന്നീ കുട്ടികളും മരിച്ചു. സെപ്റ്റംബർ 18ന് ഹിതാൻഷ (നാല്) മരിച്ചതോടെ കുട്ടികൾ ചികിത്സ തേടിയിരുന്ന നാഗ്പുരിലെ ആശുപത്രിക്ക് ജില്ലാ ഭരണകൂടത്തിൽനിന്ന് ഒരറിയിപ്പു കിട്ടി. വൃക്കയുടെ പ്രവർത്തനം തകരാറിലായിട്ടാണു കുട്ടികൾ മരിക്കുന്നത്. അതേദിവസം തന്നെ വികാസ് എന്ന അഞ്ചു വയസുകാരനും മരിച്ചതോടെയാണ് സംഭവത്തിന്റെ യഥാർഥ ഗൗരവം അധികൃതർക്ക് മനസിലാകുന്നത്.
അതോടെ അന്വേഷണത്തിന്റെ ഗതി മാറി. ആശുപത്രി അധികൃതർ പതിവു നിസംഗത വെടിഞ്ഞു. റീനൽ ബയോപ്സി നടത്താൻ തീരുമാനിച്ചു. മൂന്നു കുട്ടികളുടെ ബയോപ്സി നടത്തിയപ്പോൾ നെഫ്രോണുകളുടെ നാശം കണ്ടെത്തി. വൃക്കകളിൽ രക്തം അരിച്ചെടുക്കുന്ന അടിസ്ഥാന ഘടകമാണ് നെഫ്രോൺ. അപ്പോഴാണ് കഫ് സിറപ്പുമായി ബന്ധപ്പെട്ട രോഗബാധയാകാം മരണകാരണമെന്ന നിഗമനത്തിലെത്തിയതെന്ന് പരാസിയയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വികാസ് കുമാർ യാദവ് പറഞ്ഞു.
ഈ മാസമാദ്യം ഒരു വയസുള്ള സന്ധ്യയും ശനിയാഴ്ച ഒന്നര വയസുള്ള യോജിതയും മരണത്തിനു കീഴടങ്ങി. ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്കു നെട്ടോട്ടമോടിയിട്ടും ഫലമുണ്ടായില്ലെന്ന് യോജിതയുടെ ബന്ധുക്കൾ കരഞ്ഞു പറയുന്പോൾ ആരോഗ്യവകുപ്പിന്റെ പിഴവുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ശരിയായ ആശുപത്രികളിലേക്ക് രോഗബാധിതരായ കുട്ടികളെ എത്തിക്കുന്നതിലും സംവിധാനം പരാജയപ്പെട്ടു.
എന്നാൽ, കുട്ടികളെ നാഗ്പുരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയതാണ് കാര്യങ്ങൾ വഷളാക്കിയതെന്നാണ് അരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം. തങ്ങളൊരുക്കിയ പ്രത്യേക സംവിധാനങ്ങൾ അതോടെ ഫലപ്രദമായില്ലെന്ന് അവർ പറയുന്നു. ചിന്ദ്വാഡ ജില്ലയിലെ പരാസിയ ബ്ലോക്കിൽ വീടുകൾ തോറുമുള്ള ആരോഗ്യസർവേ ഇപ്പോൾ നടന്നുവരികയാണ്.
പോസ്റ്റ്മോർട്ടം നടന്നില്ല
അതേസമയം, മരണകാരണത്തിലേക്ക് വെളിച്ചം വീശുമായിരുന്ന പോസ്റ്റ്മോർട്ടം ഒരു കേസിലും നടത്തിയില്ലെന്നതാണ് അങ്ങേയറ്റത്തെ വീഴ്ച. രക്ഷിതാക്കളുടെ സമ്മതം കിട്ടിയില്ലെന്ന ഒഴുക്കൻ കാരണമാണ് അധികൃതർ മുന്നോട്ടുവയ്ക്കുന്നത്. കാര്യത്തിന്റെ ഗൗരവം അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുവോ എന്ന ചോദ്യത്തിന് ഉത്തരമില്ല.
കുടുംബം പോസ്റ്റ്മോർട്ടത്തിന് അനുമതി തന്നില്ല എന്ന് പരാസിയ സബ്ഡിവിഷണൽ മജിസ്ട്രേറ്റ് വികാസ് കുമാർ യാദവ് പറയുന്പോഴും കുടുംബങ്ങൾ പറയുന്നത് മറിച്ചാണ്. “ഭരണകൂടത്തിലെയോ ആശുപത്രിയിലെയോ ഒരാൾ പോലും പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടിട്ടില്ല.” മരിച്ച ഉസൈദ് എന്ന കുട്ടിയുടെ പിതാവ് യാസിൻ ഖാൻ പറയുന്നു. “അത് അത്യാവശ്യമുള്ള കാര്യമാണെന്ന് ഞങ്ങളോടാരും പറഞ്ഞില്ല.” മരിച്ച അദ്നാന്റെ പിതാവ് അമിൻ ഖാനും വ്യക്തമാക്കുന്നു. ഓട്ടോപ്സിക്ക് യാതൊരു വിരോധവും ഉണ്ടായിരുന്നില്ലെന്നും പക്ഷേ, ആരും ആവശ്യപ്പെട്ടില്ലെന്നും മറ്റൊരു രക്ഷിതാവും പറയുന്നു. ഇതോടെ വിലപ്പെട്ട ഫൊറൻസിക് തെളിവാണ് നഷ്ടമായത്.
തമിഴ്നാട്ടിലെ ജാഗ്രത
തമിഴ്നാട്ടിലുണ്ടായ ജാഗ്രത മധ്യപ്രദേശിലുണ്ടായില്ലെന്നതാണ് ആരോപണം. മരുന്നുകളുടെ സുരക്ഷാ പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കാൻ ഉത്തരവാദിത്വമുള്ള സംസ്ഥാനത്തെ ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ ഈ ദിവസങ്ങളിൽ തീർഥാടനത്തിലായിരുന്നെന്നും ഭോപ്പാലിലെ ലാബിലെ അനലിസ്റ്റുകൾ ദസറ അവധി ആഘോഷിക്കുകയായിരുന്നെന്നും വിമർശകർ പറയുന്നു. കാര്യങ്ങൾ വെളിപ്പെട്ടിട്ടും കോൾഡ്രിഫ് സിറപ്പിന്റെ വില്പന തടയാൻ അധികൃതർ തയാറായില്ലെന്ന ആരോപണവുമുണ്ട്.
നാഗ്പുരിൽനിന്നുള്ള റിപ്പോർട്ട് വന്നശേഷവും കോൾഡ്രിഫ് സിറപ്പ് നിർദേശിച്ച ചിന്ദ്വാഡയിലെ ഡോക്ടർ പ്രവീൺ സോണിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ക്ലിനിക്കിലായിരുന്നു മരിച്ചവരിൽ മിക്ക കുട്ടികളും ആദ്യം ചികിത്സ തേടിയിരുന്നത്. ഇയാളുടെ ഭാര്യയുടെയും മരുമകന്റെയും മരുന്നുകടകളിൽനിന്ന് വില്ലൻ സിറപ്പ് പിന്നീടും വില്പന നടത്തിയതായും പോലീസ് പറഞ്ഞു.
ഇന്ത്യയിൽ നിർമിച്ച കഫ് സിറപ്പുകൾ മൂന്നു വർഷം മുന്പ് ആഫ്രിക്കയിലെ ഗാംബിയയിലും മരണകാരണമായതായി ആരോപണമുണ്ടായിരുന്നു. 2022ൽ എഴുപതോളം കുട്ടികളാണ് കഫ് സിറപ്പ് കഴിച്ചതിനുശേഷമുണ്ടായ ആരോഗ്യപ്രശ്നത്തെത്തുടർന്ന് ഗാംബിയയിൽ മരിച്ചത്. ന്യൂഡൽഹി ആസ്ഥാനമായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ മരുന്നിനെതിരേ ലോകാരോഗ്യസംഘടന മുന്നറിയിപ്പു നല്കിയിരുന്നു.
നിസാരമാക്കി അധികൃതർ
മൂന്നാഴ്ചയ്ക്കുള്ളിൽ ഒന്നിനുപിറകെ ഒന്നായി കുട്ടികൾ വൃക്കരോഗം കാരണം മരിക്കുന്പോഴും എല്ലാം യാദൃച്ഛികസംഭവങ്ങളെന്ന് നിസാരവത്കരിക്കുകയായിരുന്നു അധികൃതർ. അതേസമയം, മധ്യപ്രദേശ് സർക്കാരിന്റെ കത്ത് ലഭിച്ച ഒക്ടോബർ ഒന്നിനുതന്നെ തമിഴ്നാട് ഡ്രഗ് കൺട്രോൾ വകുപ്പ് ഉണർന്നു പ്രവർത്തിച്ചു. രണ്ടു ദിവസം സർക്കാർ അവധിയായിരുന്നിട്ടും അന്വേഷണം ഊർജിതമായി നടക്കുകയും ഒക്ടോബർ മൂന്നിന് വില്ലനെ കണ്ടെത്തുകയും ചെയ്തു.
ശ്രേശൻ ഫാർമസ്യൂട്ടിക്കൽസിന്റെ കോൾഡ്രിഫ് കഫ് സിറപ്പിൽ (ബാച്ച് എസ്ആർ-13) 48.6 ശതമാനം ഡൈ എഥിലിൻ ഗ്ലൈക്കോൾ (ഡിഇജി) അടങ്ങിയിട്ടുണ്ടെന്നാണ് അവർ കണ്ടെത്തിയത്. വൃക്കകളെ നശിപ്പിക്കുന്ന വ്യാവസായിക രാസവസ്തുവാണ് ഡിഇജി. തുടർന്നാണ് സ്റ്റോക്ക് മരവിപ്പിക്കുകയും കാഞ്ചീപുരത്തെ കന്പനി പൂട്ടുകയും ചെയ്തത്.