വാഹനം വിട്ടുനല്‍കുന്നത് കസ്റ്റംസ് പരിഗണിക്കണമെന്ന് ഹൈക്കോടതി
Wednesday, October 8, 2025 12:25 AM IST
കൊച്ചി: നടന് ദുല്‍ഖര്‍ സല്‍മാന്റെ പിടിച്ചെടുത്ത വാഹനം വിട്ടുനല്‍കുന്നത് കസ്റ്റംസ് പരിഗണിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ദുല്‍ഖറിന്റെ അപേക്ഷയില്‍ കസ്റ്റംസ് തീരുമാനമെടുക്കണം.
ആവശ്യം തള്ളിയാല്‍ കാരണം സഹിതം കസ്റ്റംസ് ഉത്തരവിറക്കണമെന്നും കോടതി നിര്‍ദേശിച്ചു. വാഹനം വിട്ടു കിട്ടണമെന്ന ദുല്‍ഖറിന്റെ ആവശ്യം കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ പരിഗണിക്കണം.
അന്വേഷണ സംഘത്തിന്റെ വാദങ്ങള്‍ കൂടി പരിഗണിച്ച് അഡ്ജ്യൂഡിക്കേറ്റീവ് അഥോറിറ്റി തീരുമാനമെടുക്കണം. 20 വര്‍ഷത്തെ വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കണമെന്നും ജസ്റ്റീസ് സിയാദ് റഹ്മാന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു.
വാഹനം വിദേശത്തുനിന്ന് കടത്തിയതാണെന്നായിരുന്നു കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ചെയ്തിട്ടുള്ളതെങ്കില് നടപടി നിലനില്‍ക്കില്ലെന്നും പിടിച്ചെടുത്തത് എന്ത് കുറ്റത്തിനാണെന്നത് സീസര്‍ മഹസറില്‍ പറയേണ്ടതല്ലേയെന്നും കോടതി ചോദിച്ചു. ഇത്തരം വാഹനങ്ങള്‍ വര്‍ഷങ്ങളായി സംസ്ഥാനത്ത് പലരും ഓടിച്ചു നടക്കുന്നുണ്ട്.
പിടിച്ചെടുത്ത വാഹനത്തിന്റെയടക്കം രേഖകള്‍ രജിസ്ട്രേഷനും മറ്റുമായി പല ഉദ്യോഗസ്ഥരുടെ പക്കലും ചെന്നിട്ടുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷനും റീ രജിസ്ട്രേഷനും കൈമാറ്റവും നടക്കുന്നുണ്ട്.
എന്നാല്‍, പെട്ടെന്നാണ് ഹര്‍ജിക്കാരന്റെ വാഹനം പിടിച്ചെടുത്ത് കൊണ്ടു പോയത്. അന്വേഷണം നടക്കട്ടെ. എന്നാല്‍, വാഹനം വിട്ടു നല്‍കുന്നത് പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം കൂടി പരിഗണിച്ച് കോടതി നിര്‍ദേശിക്കുകയായിരുന്നു.