കാവുകാട്ട് പിതാവിന്റെ ജീവിതയാത്രയിലെ ജൂബിലിയാചരണങ്ങൾ
ഫാ. ജോസഫ് ആലഞ്ചേരി
Wednesday, October 8, 2025 11:59 PM IST
ലോകരക്ഷകനായ ഈശോമിശിഹായുടെ തിരുജനനത്തിന്റെ 2025-ാം വാർഷികമായ ഈ വർഷം ജൂബിലിവത്സരമായി തിരുസഭ കൊണ്ടാടുകയാണ്. ദൈവം നൽകുന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയാനും അവിടത്തെ കാരുണ്യം യാചിക്കാനും അതിലുപരി, മിശിഹായുടെ സുവിശേഷത്തിന് ലോകമെങ്ങും കൂടുതൽ തീക്ഷ്ണതയോടെ സാക്ഷ്യം നൽകാനുമാണ് സഭ ഇങ്ങനെയൊരു ആചരണം ഓരോ 25 വർഷം കൂടുമ്പോഴും നടത്തുന്നത്. ചില അവസരങ്ങളിൽ അസാധാരണ ജൂബിലി വർഷങ്ങളും മാർപാപ്പമാർ പ്രഖ്യാപിക്കാറുണ്ട്. ഒരു ജീവിതായുസിൽ മൂന്നോ നാലോ ജൂബിലി ആചരണങ്ങൾക്ക ു മാത്രമേ പലർക്കും ഭാഗ്യം ലഭിക്കാറുള്ളൂ.
1904 ജൂലൈ 17ന് പ്രവിത്താനത്ത് ഭൂജാതനായ ദൈവദാസൻ മാർ മാത്യു കാവുകാട്ടിന് 65 വയസ് മാത്രമുള്ള തന്റെ ജീവിതയാത്രയിൽ മേൽപ്പറഞ്ഞവിധമുള്ള മൂന്ന് ജൂബിലി ആഘോഷങ്ങളിൽ പങ്കുകൊള്ളാനുള്ള ഭാഗ്യമുണ്ടായി. ആദ്യത്തേത് 1925ൽ കോളജ് വിദ്യാർഥിയായിരിക്കെ ചങ്ങനാശേരിയിലും തിരുവനന്തപുരത്തും പഠിക്കുന്ന വേളയിലാണ്. ജൂബിലിവർഷമായ 1925ൽ, ബർക്കുമാൻസ് കോളജിലെ പഠനം പൂർത്തിയായതോടെ ഡിഗ്രി പഠനത്തിന് തിരുവനന്തപുരം മഹാരാജാസിലാണ് ചേർന്നത്. കുര്യാളശേരി പിതാവിന്റെ നിർദേശപ്രകാരം പാങ്ങോട് കർമലീത്താ വൈദികർ നടത്തുന്ന ഹോസ്റ്റലിലായിരുന്നു താമസം.
മിശിഹായുടെ മരണത്തിന്റെ 1900-ാം വാർഷികമായ 1933-ാമാണ്ടിൽ അസാധാരണ ജൂബിലിവർഷം പീയൂസ് 11-ാമൻ മാർപാപ്പ പ്രഖ്യാപിക്കുകയുണ്ടായി. ആ ജൂബിലിവത്സരത്തിൽ മാത്യു കാവുകാട്ട് മംഗലപ്പുഴ സെമിനാരിയിൽ പഠിക്കുകയായിരുന്നു. അക്കാലഘട്ടത്തിൽ, ‘വൈദികവിളിയുടെ വെല്ലുവിളികൾ’ എന്ന വിഷയത്തെ അധികരിച്ച് ഒരു പ്രസംഗം അദ്ദേഹം നടത്തി. അതിൽ അദ്ദേഹം അന്നുപയോഗിച്ച ഒരു ഇറ്റാലിയൻ വാക്ക്- aggiornamento, അധുനാധുനീകരണം - പിന്നീട് മുപ്പതു വർഷങ്ങൾക്കുശേഷം രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആപ്തവാക്യമായി മാറുകയുണ്ടായി. ഈ പ്രസംഗം ആ വർഷത്തെ സെമിനാരി മാഗസിനിൽ അപ്പാടെ അച്ചടിച്ചുവരുകയും ചെയ്തു.
മാർ മാത്യു കാവുകാട്ടിന്റെ മൂന്നാമത്തെ ജൂബിലിയാചരണം സംഭവബഹുലമായിരുന്നു. ജൂബിലിവർഷമായ 1950 ജൂലൈ മൂന്നിനു കൂടിയ സമ്മേളനത്തിലാണ് പൗരസ്ത്യ തിരുസംഘം ചങ്ങനാശേരി രൂപതയുടെ മെത്രാനായി മാർ മാത്യു കാവുകാട്ടിനെ നിയമിക്കാനായി മാർപാപ്പയോട് ശിപാർശചെയ്തത്. ഓഗസ്റ്റ് ഏഴിന് മെത്രാൻ നിയമനത്തിന് സമ്മതം ചോദിച്ചുകൊണ്ടുള്ള രഹസ്യകത്ത് കാവുകാട്ടച്ചനു ലഭിച്ചു. അന്നത്തെ സംഭവങ്ങൾ പിതാവ് തന്റെ ഡയറിയിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്:
“രാവിലെ 11 മണിക്ക് കരിക്കംപള്ളിയച്ചൻ എന്റെ മുറിയിലെത്തി, സീലുവച്ച ഒരു കത്ത് നൽകി, എന്റെ കൈമുത്തി. ‘Domine non sum dignus’ (കർത്താവേ, ഞാൻ അയോഗ്യനാണ്) എന്നു പറഞ്ഞ് ഞാൻ ആ കത്തു വാങ്ങി. നേരേ ചാപ്പലിൽ പോയി കത്ത് സക്രാരിക്കു മുമ്പിൽ ബലിപീഠത്തിൽ വച്ച് ഞാൻ പ്രാർഥിച്ചു. പരിശുദ്ധ കന്യകമറിയത്തിന്റെയും യൗസേപ്പിതാവിന്റെയും അൾത്താരകളുടെ മുമ്പിൽ പോയി ഓരോ ചെറിയ ജപം ഉരുവിട്ടു. പിന്നീട് എന്റെ മുറിയിലേക്കു തിരിച്ചുപോന്നു. കുരിശുരൂപത്തിന്റെ മുമ്പിൽ മുട്ടുകുത്തി.
കത്തുതുറന്ന് അതിന്റെ ഉള്ളടക്കം വായിച്ചു. ഡൽഹിയിലെ നുൻഷ്യേച്ചറിൽനിന്നുള്ള അറിയിപ്പാണ്. മാർപാപ്പ എന്നെ ചങ്ങനാശേരി രൂപതയുടെ മെത്രാനായി നിയമിച്ചിരിക്കുന്നു എന്ന്. അത്ര ഉന്നതവും ശ്രേഷ്ഠവുമായ ഈ ഉദ്യോഗത്തിൽനിന്നു തീർത്തും അയോഗ്യനായ എന്നെ ഒഴിവാക്കണമെന്ന് എത്ര തീക്ഷ്ണതയോടെയാണ് ഞാൻ പ്രാർഥിച്ചത്! കത്തു വായിച്ച് കുറച്ചുനേരം ചിന്തിച്ചിരുന്നതിനുശേഷം ഈ സ്ഥാനത്തുനിന്ന് എന്നെ ഒഴിവാക്കണമെന്ന് മാർപാപ്പയോടു ശിപാർശ ചെയ്യാൻ നുൻഷ്യേച്ചറിലേക്ക് ഒരു കത്തുകൂടി അയയ്ക്കാൻ ഞാൻ തീരുമാനിച്ചു.”
മെത്രാൻനിയമനം ചങ്ങനാശേരിയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത് വീണ്ടും ഒരുമാസം കഴിഞ്ഞ് സെപ്റ്റംബർ ഏഴിനാണ്. രൂപതാ അഡ്മിനിസ്ട്രേറ്റർ മോൺ. ജേക്കബ് കല്ലറയ്ക്കലിന്റെ നേതൃത്വത്തിൽ നിയുക്ത മെത്രാനെ ബർക്കുമാൻസ് കോളജിൽനിന്നു മെത്രാപ്പോലീത്തൻ ദേവാലയത്തിലേക്കും തുടർന്ന് അരമനയിലേക്കും വമ്പിച്ച ജനാവലിയുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. ജൂബിലിവർഷമായതിനാൽ മെത്രാഭിഷേകം റോമിൽ നടത്താനും തീരുമാനമായി.
നിയുക്ത മെത്രാന്മാരായ കാവുകാട്ടച്ചനും വയലിലച്ചനും ഒരു പ്രതിനിധിസംഘത്തോടൊപ്പം ഒക്ടോബർ 25ന് റോമിലേക്ക് തിരിച്ചു. റോമിലെത്തിയ ഉടൻ അവർക്കൊരു അസാധാരണ സംഭവത്തിന് ദൃക്സാക്ഷികളാകാനായി. ആ ജൂബിലിവർഷം നവംബർ ഒന്നിനാണ് മാതാവിന്റെ സ്വർഗാരോപണം ഒരു വിശ്വാസസത്യമായി പീയൂസ് 12-ാമൻ മാർപാപ്പ പ്രഖ്യാപിച്ചത്. ആ തിരുക്കർമങ്ങളിൽ ആദ്യാവസാനം അവർ പങ്കെടുത്തു.
നവംബർ ഒമ്പതിനായിരുന്നു മെത്രാഭിഷേകം. ആവിലായിലെ വിശുദ്ധ ത്രേസ്യായുടെ നാമധേയത്തിലുള്ള ബസിലിക്കയിലാണ് കർമങ്ങൾ നടന്നത്. നിഷ്പാദുക കർമലീത്താ സഭയുടെ കേന്ദ്രഭവനം അവിടെയായിരുന്നു. പൗരസ്ത്യ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ടിസറാങ്ങാണ് മെത്രാഭിഷേകത്തിന് മുഖ്യകാർമികത്വം വഹിച്ചത്. കോട്ടയം രൂപതാ മെത്രാൻ മാർ തോമസ് തറയിലും കൊല്ലം രൂപതാ മെത്രാൻ ഡോ. ജെറോം ഫെർണാണ്ടസും സഹകാർമികരായി.
മേല്പ്പട്ടദിനത്തിൽ മനസിലുയർന്ന വികാരങ്ങൾ കാവുകാട്ടുപിതാവ് തന്റെ ഡയറിയിൽ കുറിച്ചത് ഇങ്ങനെയാണ്: “എന്റെ ജീവിതത്തിലെ ഏറ്റം പ്രധാനപ്പെട്ട ദിവസം. സഭയിലെ രാജകുമാരൻ എന്ന സമുന്നത സ്ഥാനത്തേക്ക് ഞാൻ ഉയർത്തപ്പെടുന്നു. ഇത്ര വലിയ സ്ഥാനത്തിന് ഞാനെത്രയോ അയോഗ്യനാണ്. പാപിയായ എന്നോട് ദൈവം എത്രത്തോളം കരുണയാണ് കാട്ടുന്നത്. ഞാനൊരു വലിയ പാപിയാണന്ന് കർത്താവേ, ഞാനേറ്റുപറയുന്നു. എന്നിട്ടും നീ എന്നെ ഈ ഉന്നതസ്ഥാനത്തേക്ക് വിളിച്ചു. ഇതെന്റെ വലിയ വിശുദ്ധീകരണത്തിനും രക്ഷയ്ക്കുമാണെന്ന് ഞാൻ വിശ്വസിക്കുന്നു.”
ചങ്ങനാശേരിയിൽനിന്നു വന്ന എല്ലാവർക്കും നവംബർ 14ന് പീയൂസ് 12-ാമൻ മാർപാപ്പയെ വ്യക്തിഗതമായി കാണാനുള്ള അവസരം ലഭിച്ചു. തുടർന്ന് ഒരുമാസം ഇറ്റലിയിലും യൂറോപ്പിലുമുള്ള പ്രധാന തീർഥാടനകേന്ദ്രങ്ങൾ സന്ദർശിച്ചതിനുശേഷം ഡിസംബർ 18ന് പിതാക്കന്മാർ ചങ്ങനാശേരിയിൽ തിരിച്ചെത്തി.
മറക്കാനാവാത്ത ഓർമകൾ അവശേഷിപ്പിച്ചാണ് 1950ലെ ജൂബിലിവർഷം കടന്നുപോയത്. മറ്റൊരു ജൂബിലിയാഘോഷം കൂടാനാവാതെ കാവുകാട്ടുപിതാവ് 1969 ഒക്ടോബർ ഒമ്പതിന് ദൈവകാരുണ്യത്തിൽ വിലയം പ്രാപിച്ചു. ആ പുണ്യാത്മാവിന്റെ ശ്രാദ്ധം ആചരിക്കുന്ന ഈ ജൂബിലിവർഷം നമുക്കും ദൈവാനുഗ്രഹത്തിന്റെ വത്സരമായി ഭവിക്കട്ടെ.
(കാവുകാട്ടുപിതാവിന്റെ നാമകരണ നടപടിയുടെ പോസ്റ്റുലേറ്ററാണ് ലേഖകൻ)