ചികിത്സിക്കേണ്ടത് സമൂഹത്തെ
ഡോ. നെൽസൺ തോമസ്
Thursday, October 9, 2025 12:16 AM IST
രോഗികളെ രക്ഷിക്കാൻ പ്രതിജ്ഞയെടുത്ത കൈകളെ സമൂഹം ഭയപ്പെടുത്തി വിറപ്പിക്കുമ്പോൾ യഥാർഥത്തിൽ രോഗിയാകുന്നത് ആരാണ്? താമരശേരി താലൂക്ക് ആശുപത്രിയിൽ ഇന്നലെ നടന്ന സംഭവം ഏതൊരു മനുഷ്യന്റെയും ഹൃദയം തകർക്കുന്നതാണ്.
പനി ബാധിച്ച് ആശുപത്രിയിലെത്തിയ കുട്ടി മരിച്ച സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളുടെ ദുഃഖവും രോഷവും നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണെങ്കിലും, ആ ദുഃഖം ഒരു ഡോക്ടറെ വടിവാളുപയോഗിച്ച് ആക്രമിക്കുന്നതിലേക്ക് എത്തിയെങ്കിൽ കേരളത്തിലെ സാഹചര്യങ്ങൾ അതീവ ഗൗരവമുള്ളതാണ്. കൈയിൽ കരുതിയ വടിവാളുമായി ആശുപത്രിയിലേക്ക് കടന്നുവന്ന പിതാവ്, മുന്നിൽ കണ്ട ഒരു ഡോക്ടറുടെ തല ലക്ഷ്യമാക്കി വെട്ടി. തന്റെ മകളെ ചികിത്സിച്ച ഡോക്ടർ ആരാണെന്നുപോലും അയാൾ അന്വേഷിച്ചില്ല. കാരണം, അയാളുടെ കണ്ണിൽ അതൊരു വ്യക്തിക്കു നേരേയുള്ള ആക്രമണമായിരുന്നില്ല. ഒരു വ്യവസ്ഥാപിത സിസ്റ്റത്തെ അയാൾ ആക്രമിച്ചപ്പോൾ മുന്നിൽ കണ്ട ഒരാൾ ആ പകയുടെ ഇരയായി. ആ പിതാവിന്റെ കണ്ണിൽ ഡോക്ടർ മുഖമില്ലാത്ത, വെറും യൂണിഫോമിട്ട, താൻ കുറ്റപ്പെടുത്തുന്ന സിസ്റ്റത്തിന്റെ പ്രതിനിധി മാത്രമാണ്.
രോഗിയെ കേൾക്കുകയും മനസിലാക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിൽനിന്ന്, തന്റെ പ്രശ്നങ്ങൾക്കു നേരേ മുഖം തിരിക്കുന്ന ഒരു സംവിധാനത്തിന്റെ ഭാഗമായി ഡോക്ടർമാർ ചിത്രീകരിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ, അത് ഏത് ഡോക്ടറായാലും പ്രശ്നമല്ല, ആ വൈറ്റ് കോട്ട് തന്നെയാണ് ശത്രു. ഈ ചിന്താഗതിയാണ് ഒരു നിരപരാധിയുടെ തലയിൽ വടിവാൾ വീഴാൻ കാരണമായത്. ഡോക്ടർ-രോഗി ബന്ധം തകർന്നു തരിപ്പണമാകുമ്പോൾ സംഭവിക്കുന്ന അങ്ങേയറ്റത്തെ ഒരു സാമൂഹിക മനോരോഗത്തിന്റെ ലക്ഷണമാണ് താമരശേരിയിൽ കണ്ടത്. ഈ സംഭവം കേരളത്തിൽ ഒറ്റപ്പെട്ടതല്ല. ഡോക്ടർ വന്ദന ഇത്തരം ആക്രമണത്തിന് ഇരയായി മരണപ്പെട്ടിട്ട് അധികനാളായിട്ടില്ല. കേരളത്തിന്റെ ആരോഗ്യരംഗത്ത് ആഴത്തിൽ വേരൂന്നുന്ന അപകടകരമായ പ്രവണതയുടെ, ഒരു സാമൂഹിക രോഗത്തിന്റെ, ഏറ്റവും പുതിയ ഉദാഹരണം മാത്രമാണിത്.
ഒറ്റപ്പെട്ട സംഭവമല്ല
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്ന് പറയാൻ കാരണങ്ങളുണ്ട്. ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്ന ഓൺലൈൻ വാർത്തകളുടെ താഴെ സമൂഹമാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന അഭിപ്രായങ്ങളാണത്. “അവനത് കിട്ടേണ്ടത് തന്നെ”, “ഒരെണ്ണം കിട്ടിയത് നന്നായി, എന്നാലേ പഠിക്കൂ”, “ഇങ്ങനെയല്ലാതെ ഇവരെങ്ങനെ നേരെയാകാനാണ്” എന്നിങ്ങനെയുള്ള ആഹ്ലാദപ്രകടനങ്ങൾ കാണുമ്പോൾ ആ പിതാവിന്റെ കൈയിലെ വടിവാൾ ഒറ്റപ്പെട്ട ആയുധമല്ലെന്ന് നമുക്കു മനസിലാകും. അത് സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന്റെ ഉള്ളിൽ വളരുന്ന വിഷലിപ്തമായ ചിന്തകളുടെ ഭൗതികമായ രൂപം മാത്രമാണ്. ഡോക്ടർമാർ അർഹിക്കുന്ന ശിക്ഷയാണ് ഈ അക്രമം എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ഓരോ അഭിപ്രായവും വിളിച്ചുപറയുന്നത്, ഈ അക്രമം ഒരു വ്യക്തിയുടെ നിരാശയിൽനിന്നോ വേദനയിൽനിന്നോ മാത്രമല്ല, ആരോഗ്യരംഗത്തോടുള്ള ആഴത്തിൽ വേരൂന്നിയ അവിശ്വാസത്തിൽനിന്നും വെറുപ്പിൽനിന്നുമാണ് ഊർജം ഉൾക്കൊള്ളുന്നത് എന്നാണ്. ഇത് സമൂഹത്തിന്റെ വികലമായ ഒരു മനോഭാവമാണ്.
തകരുന്ന വിശ്വാസവും ബന്ധവും
രോഗിയുടെ അവസ്ഥ മോശമാകുമ്പോഴോ മരണം സംഭവിക്കുമ്പോഴോ അക്രമാസക്തമാകുന്ന ബന്ധുക്കളുടെ വികാരവിക്ഷോഭങ്ങൾക്ക് പ്രധാനമായും ഇരകളാകുന്നത് തങ്ങളുടെ കഴിവിന്റെ പരമാവധി രോഗിയെ രക്ഷിക്കാൻ ശ്രമിക്കുന്ന ഡോക്ടർമാരും നഴ്സുമാരുമാണ്. സർക്കാർ ആശുപത്രികളിലെ പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽനിന്ന് അമിതഭാരവും മാനസിക സമ്മർദവും അനുഭവിച്ച് ജോലി ചെയ്യുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. പൊതുജനങ്ങളുടെ നിരാശയും ദേഷ്യവും തീർക്കാനുള്ള ‘പഞ്ചിംഗ് ബാഗുകൾ’ അല്ല ആരോഗ്യപ്രവർത്തകർ. ഈ പ്രശ്നത്തിന്റെ കാതൽ കേവലം ഒരു നിമിഷത്തെ പ്രകോപനമല്ല, മറിച്ച് വർഷങ്ങളായി ഡോക്ടറും രോഗിയും തമ്മിലുള്ള പവിത്രമായ ബന്ധത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്തകർച്ചയാണ്.
യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകൾ
എന്താണ് യഥാർഥത്തിൽ ഡോക്ടർ-രോഗി ബന്ധം? അത് കേവലം ഒരു സേവനദാതാവും ഉപഭോക്താവും തമ്മിലുള്ള ഇടപാടല്ല. പരസ്പരവിശ്വാസത്തിലും ബഹുമാനത്തിലും സഹാനുഭൂതിയിലും അധിഷ്ഠിതമായ ഒരു പങ്കാളിത്തമാണത്. രോഗി തന്റെ വേദനയും ശരീരത്തിന്റെ രഹസ്യങ്ങളും ഡോക്ടർക്ക് മുന്നിൽ തുറന്നുവയ്ക്കുന്നു; ഡോക്ടർ തന്റെ അറിവും കഴിവും ഉപയോഗിച്ച് ആ വേദനയ്ക്ക് ശമനം കണ്ടെത്താൻ ശ്രമിക്കുന്നു. ഈ ബന്ധത്തിന്റെ ആണിക്കല്ല് വിശ്വാസമാണ്. എന്നാൽ, ഇന്ന് ഈ വിശ്വാസത്തിനാണ് ഏറ്റവും വലിയ ഇടിവ് സംഭവിച്ചിരിക്കുന്നത്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകളാണ്. വൈദ്യശാസ്ത്രം സർവജ്ഞാനമുള്ള ഒന്നല്ലെന്നും അതിന് അതിന്റേതായ പരിമിതികളുണ്ടെന്നുമുള്ള അടിസ്ഥാനസത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു.
താമരശേരിയിൽ സംഭവിച്ച ദുരന്തത്തിലേക്ക് നയിച്ച ‘പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ്’ എന്ന രോഗംതന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ‘നേഗ്ലേറിയ ഫൗളറി’ എന്ന അമീബ തലച്ചോറിനെ ബാധിക്കുന്ന ഈ രോഗം ബാധിച്ചാൽ മരണസാധ്യത 97 ശതമാനത്തിനു മുകളിലാണ്.
അമേരിക്കപോലെ ഏറ്റവും നൂതനമായ ചികിത്സാ സൗകര്യങ്ങളുള്ള രാജ്യങ്ങളിൽപോലും വിരലിലെണ്ണാവുന്നവർ മാത്രമാണ് ഈ രോഗത്തെ അതിജീവിച്ചിട്ടുള്ളത്. അതായത്, ലോകത്തിലെ ഏറ്റവും മികച്ച ഡോക്ടർ ഏറ്റവും മികച്ച ആശുപത്രിയിൽ ചികിത്സിച്ചാലും ഫലം നിരാശാജനകമാകാൻ സാധ്യതയുള്ള ഒരസുഖമാണിത്. ഈ ശാസ്ത്രീയ യാഥാർഥ്യം മനസിലാക്കാതെ, എല്ലാ മരണങ്ങളെയും ചികിത്സാപ്പിഴവായി വ്യാഖ്യാനിക്കുന്ന പ്രവണത അപകടകരമാണ്.
ഇന്റർനെറ്റിൽനിന്ന് ലഭിക്കുന്ന അപൂർണമായ വിവരങ്ങൾ ഈ തെറ്റിദ്ധാരണകൾക്ക് ആക്കം കൂട്ടുന്നു. ‘ഗൂഗിളിൽ’ വായിച്ച അത്ഭുതരോഗശാന്തിയുടെ കഥകൾ വിശ്വസിച്ച്, യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകളുമായി ഡോക്ടറെ സമീപിക്കുകയും ഫലം മറിച്ചാകുമ്പോൾ ഡോക്ടറെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് ഈ ബന്ധത്തിലെ വിള്ളലുകൾ വലുതാക്കുകയേയുള്ളൂ.
(തുടരും)