തർക്കങ്ങളല്ല, വേണ്ടത് പരിഹാരം
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
Thursday, October 9, 2025 12:21 AM IST
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് കത്തോലിക്കാ എയ്ഡഡ് അധ്യാപകർ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ സമരത്തിലാണ്. കോട്ടയത്തും തിരുവനന്തപുരത്തുമുൾപ്പെടെ കേരളത്തിലങ്ങോളമിങ്ങോളം സംഘടിപ്പിച്ച പ്രതിഷേധസമരങ്ങൾ അധ്യാപകരുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധ കൈവരിച്ചിട്ടുണ്ട്. 2018 മുതൽ ആരംഭിച്ച ഭിന്നശേഷി സംവരണപ്രശ്നം ഏതാണ്ട് പതിനാറായിരത്തിലധികം അധ്യാപകർക്ക് ശമ്പളമോ നിയമനാംഗീകാരമോ ലഭിക്കാതെ കടുത്ത ജീവിത സാഹചര്യങ്ങൾ നേരിടേണ്ടി വരുന്നുവെന്നതാണ് കഠിന പ്രതികരണങ്ങൾക്കിടയാക്കുന്നത്.
പ്രശ്നപരിഹാരമാണു വേണ്ടത്, രാഷ്ട്രീയവത്കരണമല്ല
നിയമസഭയിൽ അധ്യാപകരുടെ പ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടത് ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രശ്നം രാഷ്ട്രീയവത്കരിച്ച് നീട്ടിക്കൊണ്ടുപോകുന്നതിനേക്കാൾ, ഇരകളായ അധ്യാപകർ ആഗ്രഹിക്കുന്നത് അവർക്കർഹതപ്പെട്ട സ്ഥിരനിയമനാംഗീകാരവും ശമ്പളവും ലഭിക്കണമെന്നതു മാത്രമാണ്. അത്രമാത്രം കടുത്ത ജീവിതസാഹചര്യത്തിലൂടെ കടന്നുപോകുന്ന നമ്മുടെ യുവ അധ്യാപകരുടെ പ്രശ്നം പരിഹരിക്കാൻ കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരുടെയും, പ്രത്യേകിച്ച് സർക്കാരിന്റെ പിന്തുണയും സഹായവുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
ഈ സമരം രാഷ്ട്രീയപ്രേരിതമല്ല. സമരത്തിൽ പങ്കാളികളാകുന്ന അധ്യാപകരെല്ലാവരും പ്രതിപക്ഷ കക്ഷികളുടെ ഭാഗമല്ലെന്നതും ഭരണാനുകൂലികളായ ധാരാളം അധ്യാപകരും ഉൾപ്പെടുന്നുവെന്നതും ശ്രദ്ധിക്കണം. പ്രതിഷേധ സമരങ്ങളിലൊന്നിലും ഒരു രാഷ്ട്രീയ കക്ഷിയെയും പങ്കെടുപ്പിച്ചില്ല എന്നതും സർക്കാർ ശ്രദ്ധിക്കണം. പ്രശ്നത്തിന്റെ രാഷ്ട്രീയവത്കരണത്തിന് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് തയാറല്ല എന്നു വ്യക്തം! പ്രതിഷേധം രാഷ്ട്രീയ തർക്കങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിനേക്കാൾ ജീവിതപ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിലാണ് അധ്യാപകർക്കു താത്പര്യം. പ്രശ്നപരിഹാരത്തിന്റെ രാഷ്ട്രീയമാണ് ഞങ്ങൾ സ്വാഗതം ചെയ്യുന്നത്.
വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവനകൾ
പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഭിന്നശേഷി പ്രശ്നവുമായി ബന്ധപ്പെട്ട് ക്രൈസ്തവസമുദായത്തെക്കുറിച്ചു നടത്തിയ പ്രസ്താവനകളാണ് ചർച്ചയായിരിക്കുന്നത്. ക്രൈസ്തവ മാനേജ്മെന്റുകൾ ഭിന്നശേഷി സംവരണത്തിന് എതിരാണ്, ഭിന്നശേഷിക്കാർക്ക് ജോലി കൊടുക്കാതിരിക്കാനാണ് അവർ സമരം ചെയ്യുന്നത്, ഭിന്നശേഷിക്കാർ സ്കൂളിൽ പ്രയോജനപ്പെടുന്നില്ല എന്നു പറഞ്ഞ് ഭിന്നശേഷി വിഷയം മാറ്റിവയ്ക്കുന്നവരാണ് തുടങ്ങിയ മന്ത്രിയുടെ പ്രസ്താവനകളാണ് ക്രൈസ്തവസമുദായത്തെ വേദനിപ്പിച്ചത്.
സർക്കാർ എന്തിനാണ് പ്രതിഷേധക്കാരെ ശത്രുക്കളായി കാണുന്നത്? അവർ ഭിന്നശേഷി നിയമനത്തിനെതിരല്ല. അർഹരായ ഭിന്നശേഷിക്കാരെ കിട്ടാത്തതുകൊണ്ടാണ് നിയമിക്കാത്തത്; ഭിന്നശേഷിക്കാർക്കായി സീറ്റുകൾ മാറ്റിവച്ചിട്ടും മറ്റധ്യാപകർക്ക് അംഗീകാരം നൽകാത്തതിലാണ് പ്രതിഷേധം. സമരം ചെയ്യുന്നവർക്കെതിരേ സർക്കാരിന് തെറ്റിദ്ധാരണ വേണ്ട; അത് ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടമാണ്. സർക്കാരിന്റെ ഉത്തരവിനെതിരേ രംഗത്തിറങ്ങിയ കത്തോലിക്കരെല്ലാം സർക്കാർ-കോടതി നിയമങ്ങൾ പാലിക്കുന്നവരാണ്. അങ്ങനെ ചെയ്തിട്ടും സർക്കാർ കാണുന്നില്ലെന്നതിലാണ് സങ്കടം.
ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനുണ്ടല്ലോ? അതുമായി ബന്ധപ്പെട്ട് റോസ്റ്റർ തയാറാക്കിയ മാനേജ്മെന്റുകൾ ഏതൊക്കെയാണ്? തസ്തികകൾ ഭിന്നശേഷിക്കാർക്കായി നീക്കിവച്ചിട്ടുള്ളവർ ആരൊക്കെയാണ്? ഇതുവരെ ഭിന്നശേഷിക്കാരെ നിയമിക്കാത്തവർ ആരാണ്? കേരളത്തിൽ യോഗ്യതയുള്ള ഭിന്നശേഷിക്കാരുടെ ലഭ്യത സംബന്ധിച്ച കണക്കും സർക്കാരിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്ന് ശേഖരിക്കാവുന്നതാണ്. ഇത്തരം കണക്കുകൾ സർക്കാരിന്റെ കൈവശമുണ്ട്; അത് ഏതാനും ദിവസങ്ങൾക്കകം പ്രസിദ്ധീകരിക്കാവുന്നതുമാണ്. അങ്ങനെ വരുമ്പോൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വാദപ്രതിവാദങ്ങൾക്ക് പ്രസക്തിയുണ്ടാവില്ല; പ്രശ്നപരിഹാരം എളുപ്പത്തിൽ നടക്കുകയും ചെയ്യും.
ഒരു പക്ഷേ, മന്ത്രിയുടെ മുമ്പിലെത്തിയ റിപ്പോർട്ടുകളിൽ, മേൽ ആരോപണങ്ങൾക്കിടയാക്കുന്ന കണ്ടെത്തലുകളുണ്ടെങ്കിൽ അവരുടെ നിയമന പ്രൊപ്പോസലുകളല്ലേ മാറ്റിവയ്ക്കേണ്ടതും നടപടി സ്വീകരിക്കേണ്ടതും?
സംവരണം ചെയ്യപ്പെട്ടിരിക്കുന്ന അത്രയും തസ്തികകളിലേക്ക് അർഹരായ ഭിന്നശേഷി ഉദ്യോഗാർഥികളെ ലഭിക്കുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം. നിയമിക്കേണ്ടത് മാനേജരാണെങ്കിലും അർഹരായ ഉദ്യോഗാർഥികളെ കണ്ടെത്തിത്തരേണ്ടത് സർക്കാരാണ്. മാനേജർ പലവട്ടം ആവശ്യപ്പെട്ടിട്ടും ഭിന്നശേഷിക്കാർ ഇല്ലെന്ന മറുപടിയാണു കിട്ടുന്നത്. അതായത്, പ്രശ്നം നീളുന്നതിനു പിന്നിലെ യഥാർഥ കാരണം ആവശ്യത്തിന് ഭിന്നശേഷിക്കാരെ കിട്ടാനില്ല എന്നതുതന്നെ!
കോടതിയോ എജിയോ വലുത്?
ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള തസ്തികകൾ മാറ്റിവച്ചാൽ മറ്റു നിയമനങ്ങൾ സ്ഥിരപ്പെടുത്തി അംഗീകാരം നൽകാമെന്നും സമാനസ്വഭാവമുള്ള സൊസൈറ്റികൾക്കും ബാധകമാണ് എന്നും പ്രശ്നം എത്രയും വേഗം പരിഹരിച്ച് പൂർത്തിയാക്കേണ്ടതാണ് എന്നുമുള്ള സുപ്രീംകോടതി വിധി സാമാന്യബോധമുള്ളവർക്ക് സുവ്യക്തമാണ്. എന്നിട്ടും മന്ത്രിക്കും അഡ്വക്കറ്റ് ജനറലിനും (എജി) മനസിലാകുന്നില്ല. കോടതിവിധിക്ക് ഉപരിയായി എജിയുടെ ഉപദേശത്തിന് സർക്കാർ വില കല്പിക്കുന്നു. ഈ നാട്ടിൽ പൗരന്മാർ ആശ്രയിക്കുന്ന വളരെ സമർഥരായ നിയമവിദഗ്ധരുണ്ട് എന്ന കാര്യം അധികാരികൾ വിസ്മരിക്കുന്നു.
എജിയുടെ ഉപദേശമനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നു പറഞ്ഞ് മന്ത്രി രക്ഷപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ, സർക്കാരിന്റെ താത്പര്യമനുസരിച്ചാണ് എജി പറയുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എത്ര നിസാരമായാണ് എജിയും മന്ത്രിയും ഒത്തു കളിക്കുന്നത്? എൻഎസ്എസിന്റെ സമാന ഉത്തരവ് എന്തുകൊണ്ട് മറ്റുള്ളവർക്കു കൊടുക്കാൻ പാടില്ലെന്ന് എജി വ്യക്തമാക്കുന്നുമില്ല. എന്തായാലും പ്രതിസന്ധിയിലാകുന്നത് അധ്യാപക ജീവിതംതന്നെ!
വച്ചുതാമസിപ്പിക്കുക എന്ന ഗൂഢലക്ഷ്യം
തുടർച്ചയായ പ്രസ്താവനകളിൽ മന്ത്രി പറയുന്നു, എൻഎസ്എസിനെപ്പോലെ മറ്റുള്ളവരും സുപ്രീംകോടതിയിൽനിന്ന് വിധി വാങ്ങി വരാൻ! കോടതി വിധിയില്ലാതെ ഈ നാട്ടിൽ നീതി നടപ്പാകില്ലേ? പിന്നെന്തിനാണ് തെരഞ്ഞെടുക്കപ്പെട്ട സർക്കാർ? സത്യം, ധർമം, നീതി, ന്യായം എന്നീ തൂണുകളിലാണ് ഭരണ സംവിധാനം പടുത്തുയർത്തേണ്ടത്. നീതിയും ന്യായവും കോടതി ഉറപ്പാക്കുന്നു. സത്യവും ധർമവും ഭരണകർത്താക്കളിൽനിന്നു ലഭിക്കണം.
കേരളത്തിൽ നൂറുകണക്കിന് സിംഗിൾ, കോർപറേറ്റ് മാനേജ്മെന്റുകൾ ക്രിസ്ത്യൻ സമുദായത്തിൽ തന്നെയുണ്ട്. ഓരോ മാനേജ്മെന്റും അവർക്കായി കോടതിവിധിയുമായി വരണമെന്നാണോ മന്ത്രി ഉദ്ദേശിക്കുന്നത്? എന്തൊരു അസംബന്ധമാണിത്? അതാണോ സത്യ-ധർമ പരിപാലനം? കോടതിയിൽ പോകാൻ മാനേജ്മെന്റുകളെ നിരന്തരം ഉപദേശിക്കുന്ന മന്ത്രിയുടെ ലക്ഷ്യം പ്രശ്നം വച്ചുതാമസിപ്പിക്കുക എന്നതാണ്. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന് പരമോന്നത കോടതി അടിവരയിട്ടു പറയുമ്പോൾ എങ്ങനെയും താമസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഓരോരോ മാനേജ്മെന്റുകളായി സുപ്രീംകോടതിയിൽ പോയി വരാൻ കാലതാമസമെടുക്കുമെന്നു സർക്കാരിനറിയാം. അതുകൊണ്ടാണല്ലോ നാലു മാസത്തിനകം തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതി നൽകിയ നിർദേശം അതുവരെ വച്ചുതാമസിപ്പിച്ച് സമയപരിധി തീരാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സർക്കാർ പ്രതികൂല ഉത്തരവിറക്കിയത്. കോടതിയലക്ഷ്യത്തെക്കുറിച്ചു വിലപിക്കുന്ന മന്ത്രി എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന സുപ്രീംകോടതി വിധിയുടെ കോടതിയലക്ഷ്യമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് എന്തേ മനസിലാക്കുന്നില്ല?
ശമ്പളമില്ലാതെ, അസംതൃപ്തനായ അധ്യാപകൻ പഠിപ്പിക്കുന്ന കുട്ടികളത്രയും സർക്കാരിന്റേതു തന്നെയല്ലേ? എയ്ഡഡായാലും സർക്കാരായാലും പൊതുവിദ്യാലയം നാടിന്റേതാണ്; അവിടത്തെ കുട്ടികൾ സർക്കാരിന്റേതാണ്... ഈയൊരു പൊതുബോധമാണ് ഇനി നമ്മെ നയിക്കേണ്ടത്.
ബിഷപ്പുമാർ വായ മൂടിക്കെട്ടണോ?
ഭിന്നശേഷി പ്രശ്നം നിയമസഭയിൽ അവതരിപ്പിക്കവേ ബിഷപ്പുമാരുടെ പ്രശ്നം അവതരിപ്പിക്കാനുള്ള വേദിയല്ല നിയമസഭയെന്ന സ്പീക്കറുടെ പരാമർശം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. തികഞ്ഞ ധാർഷ്ട്യമായിരുന്നു സ്പീക്കറുടെ വാക്കുകളിൽ കേൾക്കാൻ കഴിഞ്ഞത്.
ആധ്യാത്മിക നേതാക്കളായാൽ വായ മൂടി മിണ്ടാതിരിക്കേണ്ടവരാണെന്ന് ഭരണകർത്താക്കൾ വിചാരിക്കുന്നു. വിശ്വാസികളുടെ ആത്മീയവളർച്ച ശ്രദ്ധിക്കുന്നതിനൊപ്പം അവരുടെ ഭൗതിക ഉന്നതിയും ശ്രദ്ധിക്കുന്നതാണ് യഥാർഥ പൗരോഹിത്യ ധർമം. വിശ്വാസി സമൂഹം നേരിടുന്ന കഷ്ടതകളിൽനിന്നും അപമാനങ്ങളിൽനിന്നും മോചനം നൽകുക എന്നതും പ്രതിസന്ധികളിൽ ഒപ്പം നിൽക്കുക എന്നതും സഭാ നേതൃത്വത്തിന്റെ കടമയാണ്.
സഭയുടെ ചരിത്രത്തിൽ എന്നും അങ്ങനെയാണു താനും. അതുകൊണ്ടുതന്നെ ഭിന്നശേഷി പ്രശ്നത്തിലൂടെ ദുരിതമനുഭവിക്കുന്ന അധ്യാപകർക്കുവേണ്ടി കത്തോലിക്കാ ബിഷപ്പുമാർ ഇനിയും സംസാരിക്കും. അതിഷ്ടപ്പെടാത്ത സ്പീക്കർ പദവി രാജഭരണകാലത്തേതല്ലെന്ന് ഓർമിക്കുന്നത് ഉചിതമാണ്.
സർക്കാരിനു ചെയ്യാവുന്നത്
►ഭിന്നശേഷിക്കാർക്കായി നീക്കിവച്ചിരിക്കുന്ന മുഴുവൻ തസ്തികകളിലും നിയമനം പൂർത്തീകരിച്ചാൽ മാത്രമേ മറ്റു നിയമനങ്ങൾ അംഗീകരിക്കൂ എന്ന വാശി ഉപേക്ഷിക്കുക.
►കോടതിവിധി അനുസരിച്ച് എത്രയും വേഗം മറ്റു നിയമനങ്ങൾ അംഗീകരിക്കുക.
►യോഗ്യതയുള്ള ഭിന്നശേഷിക്കാരുടെ എണ്ണവും അവർക്കായി തസ്തികകൾ മാറ്റിവച്ചവരുടെയും അല്ലാത്തവരുടെയും കണക്കുകളും പ്രസിദ്ധീകരിക്കുക.
►കോടതി-സർക്കാർ ഉത്തരവുകൾ പാലിക്കാത്തവർക്കെതിരേ നടപടി സ്വീകരിക്കുക.
►ഭിന്നശേഷിക്കാർക്കായി സീറ്റുകൾ മാറ്റിവച്ച് നിയമനം നടത്തിയ മാനേജ്മെന്റുകളും നിയമനം നടത്താത്തവരുമുണ്ട്. നിയമനം നടത്താത്തവർ മിടുക്കന്മാരായി മാറാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം.
►പ്രശ്നപരിഹാരത്തിനായി സർക്കാർ രൂപീകരിച്ചിരിക്കുന്ന സമിതികളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുക.
►പ്രതിഷേധത്തിലേർപ്പെട്ടിരിക്കുന്നവരുമായി ചർച്ച നടത്തുമെന്നു പറഞ്ഞത് എത്രയും വേഗം നടപ്പാക്കി പ്രശ്നപരിഹാരം കണ്ടെത്തുക.
(ലേഖകൻ, കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതിയുടെ രക്ഷാധികാരിയും
പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ മാനേജരുമാണ്)