ഇരുണ്ട പാതകളിലെ വിഷാദയാത്ര
എസ്. ജയകൃഷ്ണൻ
Thursday, October 9, 2025 11:47 PM IST
ലാസ്ലോ ക്രാസ്നഹോർകയോട് ഒരു അഭിമുഖകാരൻ ചോദിച്ചു, അനശ്വരമെന്നു വിളിക്കപ്പെടുന്ന സാഹിത്യത്തിലെ കഥാപാത്രങ്ങളെല്ലാം സാധാരണക്കാരിലൂടെയാണ് ഉരുത്തിരിഞ്ഞതെന്നും ഇതൊരു രഹസ്യപ്രക്രിയയാണെന്നും താങ്കൾ പറയുന്നു. വിശദീകരിക്കാമോ?
അദ്ദേഹം പറഞ്ഞു: “സാധാരണക്കാരൻ മാത്രമേ നിലനിൽക്കൂ. കൂടാതെ അവർ വിശുദ്ധരുമാണ്.’’
സാഹിത്യത്തിന് ഈ വർഷത്തെ നൊബേൽ സമ്മാനം ലഭിച്ച ലാസ്ലോ ക്രാസ്നഹോർക ഹംഗേറിയൻ എഴുത്തുകാരനാണ്. ജീവിതത്തെ വരച്ചുകാട്ടാൻ അദ്ദേഹം ഉപയോഗിക്കുന്ന സവിശേഷശൈലിയാണ് ഹംഗറിയിലെ മുൻനിര എഴുത്തുകാരനായി അദ്ദേഹത്തെ ഉയർത്തിയത്. സങ്കീർണ ദാർശനികസമസ്യകളിൽനിന്ന് നിലംതൊടുന്ന നർമത്തിലേക്ക് പകരുന്ന എഴുത്ത്. അനന്തമായി നീളുന്നതായി തോന്നിക്കുന്ന ഒറ്റവാക്യങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ ആഖ്യാനം.
സ്നേഹത്തിന്റെ വിവിധ ഭാവങ്ങൾ കൊച്ചുകൊച്ചു വാക്യങ്ങളിൽ പറയാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പൂർണവിരാമം ‘ദൈവത്തിന്റേതാണ്’ എന്നദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രചനകളിലെ അഗാധമായ മാനവികതയുടെ ഒഴുക്ക് ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു.
ആധുനികനെങ്കിലും ആധുനികതയെക്കുറിച്ച് പണ്ടു പറഞ്ഞ ‘ബോധധാര’യല്ല ആ രചനകളിലെ ഒഴുക്ക്. മറിച്ച്, ലോകത്തെക്കുറിച്ച് സർവവ്യാപിയായ ഒരുതരം ജിജ്ഞാസയാണ്. വായനക്കാരെ അത് വർത്തമാനകാല വഴികളിലൂടെ നടത്തുന്നു.
1954ൽ ആണ് ക്രാസ്നഹോർക ജനിച്ചത്. കരിയറിന്റെ തുടക്കകാലത്ത് അദ്ദേഹത്തിന് യാത്ര ഏറെക്കുറെ അസാധ്യമായിരുന്നു. രഹസ്യപ്പോലീസ് അദ്ദേഹത്തിന്റെ പാസ്പോർട്ട് പിടിച്ചുവച്ചതാണ് കാരണം. ഈ അസഹനീയമായ ശ്വാസംമുട്ടൽ ‘സാത്താൻടാങ്കോ’, ‘മെലങ്കളി ഓഫ് റസിസ്റ്റൻസ്’ എന്നീ നോവലുകളിൽ അനുഭവിക്കാം. കമ്യൂണിസ്റ്റ് ഇരുന്പുമറ മാറിയതിനുശേഷം അദ്ദേഹത്തിനുണ്ടായ ലാഘവത്വം ‘സെയ്ബോ ദേർ ബിലോ’ എന്ന രചനയിൽ വ്യക്തമാണ്. ഏഷ്യൻ കലയും തത്വചിന്തയുമാണ് ഇതിലെ പ്രതിപാദ്യം; വിശേഷിച്ചും ബുദ്ധന്റെ വഴി. മറ്റു ചില കഥകളിലും ഇന്ത്യയും ഇവിടത്തെ ജീവിതവും നിറഞ്ഞുനിൽക്കുന്നുണ്ട്.
ക്രാസ്നഹോർകയുടെ ചലച്ചിത്രകാരനാണ് ബീലതാർ. സാത്താൻടാങ്കോ എന്ന നോവലിനെ അധികരിച്ച് അദ്ദേഹമൊരു സിനിമ ചെയ്തിട്ടുണ്ട്. ഏഴര മണിക്കൂർ നീളം. നോവലിലെ അധ്യായങ്ങൾ നീണ്ടനീണ്ട ഖണ്ഡികകളിലൂടെയങ്ങനെ പോകുകയാണ്. അപ്പോൾപ്പിന്നെ സിനിമയും അങ്ങനെയാകാതെ തരമില്ലല്ലോ. പ്രബന്ധങ്ങളെ അനുസ്മരിക്കുന്നതാണ് അദ്ദേഹത്തിന്റെ രചനാരീതി. മറ്റു നിരവധി കൃതികളും ബീലതാർ സിനിമയാക്കിയിട്ടുണ്ട്. 2011ൽ പുറത്തിറങ്ങിയ ‘ടൂറിൻ ഹോഴ്സ്’ കൂട്ടുകെട്ടിലെ അവസാനത്തെ സിനിമയാണെന്ന് ക്രാസ്നഹോർക പറഞ്ഞിട്ടുണ്ട്.
അദ്ദേഹത്തിന്റെ സമീപകാല നോവലായ ഹെർഷ്റ്റ് 07769 സംഗീതജ്ഞനായ ജെ.എസ്. ബാച്ചിനെ ജർമൻ നവ-നാസിസവുമായി നേർക്കുനേർ നിർത്തുന്നു.
‘ദ് യേൽ റിവ്യൂ’വിൽ പ്രസിദ്ധീകരിച്ച ‘ആൻ ഏഞ്ചൽ പാസ്ഡ് എബൗവ് അസ്’ എന്ന കഥ, യുക്രെയ്നിലെ യുദ്ധത്തിലെ ചെളിക്കുഴികളെ അനാവരണം ചെയ്യുന്നു. യുക്രെയ്നെ പിന്തുണയ്ക്കാത്തതിന്റെ പേരിൽ പ്രധാനമന്ത്രി ഓർബനെ അദ്ദേഹം നിശിതമായി വിമർശിക്കുന്നു. അയൽരാജ്യത്ത് റഷ്യ അധിനിവേശം നടത്തുന്പോൾ എങ്ങനെ നിഷ്പക്ഷത പാലിക്കുമെന്നാണ് ചോദ്യം.
മനുഷ്യാത്മാക്കളുടെ ഇരുണ്ട, വിഷാദംനിറഞ്ഞ പാതകളിലൂടെയാണ് അദ്ദേഹത്തിന്റെ കഥാപ്രബന്ധങ്ങൾ സഞ്ചരിക്കുന്നത്. ‘ദ് വേൾഡ് ഗോസ് ഓൺ’ എന്ന കഥാസമാഹാരം കഥയില്ലായ്മയിലാണ് ചെന്നുതൊടുന്നത്. നമ്മൾ ഭാവിയെക്കുറിച്ച് സ്വയം വഞ്ചിക്കുകയാണ്. ഭാവിയെക്കുറിച്ചാണ് പ്രത്യാശ. എന്നാൽ ഭാവി ഒരിക്കലും വരില്ല. അത് എപ്പോഴും വരാനിരിക്കുന്നതേയുള്ളൂ. നിലവിലുള്ളത് മാത്രമേ ഇപ്പോഴുള്ളൂ-അദ്ദേഹം പറയുന്നു.
ഭൂതകാലത്തെക്കുറിച്ച് നമുക്ക് ഒന്നും അറിയില്ല, കാരണം ഭൂതകാലമായി നാം കരുതുന്നത് ഭൂതകാലത്തെക്കുറിച്ചുള്ള ഒരു കഥ മാത്രമാണ്. വാസ്തവത്തിൽ വർത്തമാനകാലം ഒരിക്കലും വരാത്ത ഭൂതകാലത്തിന്റെയും ഭാവിയുടെയും കഥയാണ്. വർത്തമാനകാലത്തിൽ ജീവിക്കുന്നത് മാത്രമേ നിലനിൽക്കുന്നുള്ളൂ. നരകവും സ്വർഗവും ഭൂമിയിൽ ഉണ്ട്. ഇപ്പോൾ, ഇവിടെത്തന്നെ. അതിനുവേണ്ടി കാത്തിരിക്കേണ്ടതില്ല.- ക്രാസ്നഹോർകയുടെ ദർശനം ഇങ്ങനെ പോകുന്നു.
നിരവധി വർഷം ബർലിനിൽ ജീവിച്ച അദ്ദേഹം പിന്നീട് ഹംഗറിയിലേക്കു മടങ്ങി. രണ്ടു തവണ വിവാഹം ചെയ്തു. മൂന്നു മക്കളുണ്ട്.