ഓടരുതമ്മാവാ, ആളറിയാം
അനന്തപുരി / ദ്വിജൻ
Sunday, October 12, 2025 12:43 AM IST
ശബരിമലയിൽനിന്നു വിലപിടിപ്പുള്ള എന്തെല്ലാം മോഷ്ടിച്ചിട്ടുണ്ടാവാം? നേരിട്ട് ഉത്തരവാദിത്വമുള്ള ദേവസ്വംബോർഡിനറിയില്ല. ദേവസ്വം മന്ത്രിക്കോ സർക്കാരിനോ അറിയില്ല. ശബരിമലയിലെ കാര്യങ്ങൾ പ്രത്യേകം നിരീക്ഷിക്കുന്ന ഹൈക്കോടതിക്കും അറിയില്ല. 2019ൽ ശബരിമലയിൽനിന്നുകൊണ്ടുപോയ സ്വർണപ്പാളികൾ തിരിച്ചുവന്നപ്പോൾ എന്തേ തൂക്കത്തിൽ നാലുകിലോ കുറവുണ്ടായി എന്ന് 2025 സെപ്റ്റംബർ 10ന് കേരള ഹൈക്കോടതി ചോദിക്കുന്നതുവരെ എല്ലാം നടന്നുകൊണ്ടിരിക്കുകയായിരുന്നു. കണക്കുപറയേണ്ടവരെല്ലാം ഞാൻ നിരപരാധിയാണ്, അന്വേഷണം നടക്കട്ടെ, സത്യം പുറത്തുവരട്ടെ എന്നെല്ലാം പറഞ്ഞ് എന്നെ കണ്ടാൽ കിണ്ണംകട്ടെന്നു തോന്നുമോ എന്നു ചോദിക്കുകയാണ്. ഓടരുതമ്മാവാ ആളറിയാം എന്നതാണ് സത്യം.
ഒരു പോറ്റി മാത്രം വിചാരിച്ചാൽ ഇത്രയും കടത്താനാവില്ലെന്നും ശബരിമലയുമായി ബന്ധപ്പെട്ട് കൊള്ളക്കാരുടെ ഒരു സംഘംതന്നെ ഉണ്ടെന്നും കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളായ ഗുരുവായൂർ, ചോറ്റാനിക്കര, ഏറ്റുമാനൂർ, വൈക്കം, തൃപ്പൂണിത്തുറ, കൂടൽമാണിക്യം എന്നിവിടങ്ങളിലെല്ലാം ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞതാണ് സാധാരണക്കാരുടെയെല്ലാം മനസ്. അതുകൊണ്ട് ദേവസ്വം ബോർഡ് ഭരണം ഐഎഎസ്കാരെ ഏൽപ്പിക്കണം എന്നും വെള്ളാപ്പള്ളി പറഞ്ഞു. രാഷ്ട്രീയക്കാർക്കെല്ലാം ഇതിൽ പങ്കുണ്ടെന്നല്ലേ അതിനർഥം. തട്ടിപ്പുവിവരം സർക്കാർ അറിഞ്ഞില്ലെങ്കിലും ബോർഡ് അറിയണമായിരുന്നു എന്നു സിപിഎമ്മുകാരനായ മുൻ ദേവസ്വം മന്ത്രി ജി. സുധാകരൻ പറഞ്ഞതിനോട് ആർക്കാണ് വിയോജിക്കാനാകുക?
സർക്കാർ കണക്കനുസരിച്ച് പ്രതിവർഷം 255 കോടി രൂപ വരുമാനം ഉണ്ടാക്കുന്ന തീർഥാടനകേന്ദ്രമാണ് ശബരിമല. ശബരിമലയിൽ ഉണ്ടാകുന്ന വരുമാനം ഇതിലും എത്രയോ കോടി കൂടുതലാകും എന്ന് ജനം ഇപ്പോൾ സംശയിക്കുന്നു.
2018ൽ സുപ്രീംകോടതിവിധിയുടെ മറവിൽ സർക്കാർ ശബരിമലയിൽ നടത്താൻ ശ്രമിച്ച ആചാരലംഘനമാണ് അയ്യപ്പഭക്തരെ അസ്വസ്ഥരാക്കിയതെങ്കിൽ ഇക്കുറി അയ്യപ്പഭക്തന്മാർ അസ്വസ്ഥരാകുന്നത് ശബരിമലയിൽ വേലിതന്നെ വിളവു തിന്നുന്നു എന്ന തിരിച്ചറിവിലാണ്. അവർ അയ്യപ്പന് സമർപ്പിക്കുന്ന കാണിക്കകൾ ശബരിമലയെ ചുറ്റിപ്പറ്റിയുള്ള കൊള്ളസംഘം തട്ടിയെടുക്കുന്നു എന്നതിന് കൃത്യമായ തെളിവുകൾ കേരള ഹൈക്കോടതിതന്നെ കണ്ടെത്തിയിരിക്കുന്നു. മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമല്ലേ ഹൈക്കോടതി കണ്ടുപിടിച്ച സ്വർണപ്പാളി തട്ടിപ്പ് എന്നാണു സംശയം. കട്ടുകട്ട് കള്ളന്മാർ ശബരിമലയിലെ ശ്രീകോവിലിനു മുന്നിലെ ദ്വാരപാലകവിഗ്രഹത്തിൽ പതിപ്പിച്ചിരുന്ന സ്വർണപ്പാളികൾവരെ തട്ടിയെടുത്തു.
ശബരിമലയിലെ ദ്വാരപാലകശില്പങ്ങളുടെ സ്വർണപ്പാളികൾ തന്നെ അറിയിക്കാതെ നീക്കംചെയ്തെന്ന് ഹൈക്കോടതി നിയോഗിച്ച ശബരിമല സ്പെഷൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ 2025 സെപ്റ്റംബർ എട്ടിന് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് പണ്ടോറയുടെ പെട്ടി തുറന്നത്. ദേവസ്വംവിജിലൻസിന്റെ അന്വേഷണത്തിൽ വലിയ വെട്ടിപ്പുകൾ പുറത്തുവന്നു. 2019ൽ റിപ്പയർ കഴിഞ്ഞ് തിരിച്ചുവന്ന ദ്വാരപാലകവിഗ്രഹത്തിന്റെ തൂക്കം 4.54 കിലോ കുറഞ്ഞു.
ഉണ്ണികൃഷണൻ പോറ്റി
തട്ടിപ്പുകളുടെ കേന്ദ്രകഥാപാത്രമായി ഉണ്ണികൃഷണൻ പോറ്റി എന്നയാൾ മാറുന്നു. പോറ്റിയുടെ ഭൂതകാലം സംശായസ്പദമാണെന്നു കോടതി നിരീക്ഷിച്ചു. ശബരിമലയിൽനിന്ന് മാറ്റിക്കഴിഞ്ഞും ശബരിമലയിലെ എല്ലാ കാര്യത്തിലും പോറ്റി ഇടപെട്ടു. ആരും തടഞ്ഞില്ല. ചെന്നൈയിലെ സ്മാർട് ക്രിയേഷൻസ് സ്വർണം പൂശിയ വസ്തുവകകൾക്കു കൊടുത്തിരിക്കുന്ന 40 വർഷത്തെ വാറന്റി പോറ്റിയുടെ പേരിലാണ്.
1998ലാണ് ശബരിമലക്ഷേത്രത്തിൽ സ്വർണം പതിച്ചത്. ഈപ്രവൃത്തി വഴിപാടായി നടത്തിയ കർണാടകത്തിലെ വിജയ് മല്യയുടെ യുബി ഗ്രൂപ്പിന്റെ കണക്കനുസരിച്ച് 30.291 കിലോഗ്രാം സ്വർണം ഉപയോഗിച്ചിട്ടുണ്ട്. ദ്വാരപാലക ശില്പങ്ങൾ പൊതിയാൻ 1.564 കിലോ സ്വർണം ഉപയോഗിച്ചെന്നും അവർ അറിയിച്ചു. വിജയ് മല്യ ഇതിനായി 18 കോടി രൂപ ചെലവഴിച്ചു. വി.ജി.കെ. മേനോൻ ആയിരുന്നു ദേവസ്വം പ്രസിഡന്റ്.
20 വർഷത്തിനുശേഷം 2019 ജൂലൈ ഏഴിന് ദേവസ്വം ബോർഡ് ശ്രീകോവിലും വാതിലുകളും ദ്വാരപാലകവിഗ്രഹങ്ങളും അറ്റകുറ്റപ്പണികൾക്കു വിധേയമാക്കാൻ തീരുമാനിച്ചു. വിഗ്രഹത്തിന്റെ ചെന്പുപാളി എന്നാണ് ഉത്തരവിലുള്ളത്. 1.564 കിലോ സ്വർണം പതിപ്പിച്ച പാളിയെയാണ് ചെന്പു പാളിയായി ബോർഡ് പറയുന്നത്. ഇതിനായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്കു ദ്വാരപാലകശില്പങ്ങളുടെ മേൽപ്പാളി കൊണ്ടുപോകാൻ ബോർഡ് നിയോഗിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയെത്തന്നെ. ഇതുസംബന്ധിച്ച് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദ് 2019 ജൂലൈ 19, 20 തീയതികളിൽ തയാറാക്കിയ മഹസറിൽ ഇതിനായി ഉപയോഗിച്ച സ്വർണത്തിന്റെയോ ചെന്പിന്റെയോ അളവോ ഗുണമോ സംബന്ധിച്ച് ഒന്നും പറയുന്നില്ല. ചെന്പുപാളികൾ എന്ന് പറയുന്നുമുണ്ട്. എന്തേ ഇങ്ങനെയൊക്കെ നടന്നു എന്ന് അക്കാലത്തെ പ്രസിഡന്റ് എ. പത്മകുമാർ പറയുന്നില്ല. അന്വേഷണം വരട്ടെ എന്നാണു വെല്ലുവിളി.
സന്നിധാനത്തെ രേഖയിൽ പറയുന്നത് പാളിക്കു തൂക്കം 42.8 കിലോ എന്നാണ്. ചെന്നൈയിൽ തൂക്കിയപ്പോൾ 38.258 കിലോ മാത്രം. സ്വർണം പൂശിയപ്പോൾ 38.653 കിലോഗ്രാം ആയി. ചെന്നൈയിലെ സ്ഥാപനം പുതിയ പാളികളാണ് സ്വർണംപൂശി നൽകുക. അത് അവരുടെ നയമാണ്. എങ്കിൽ ഇവിടെനിന്നു കൊണ്ടുപോയവ എവിടെ? പോറ്റി പറയുന്നില്ല. മറ്റാർക്കും അറിയില്ലെന്നാണ് ഇതുവരെയുള്ള വിവരം.
അക്കാലത്തെ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന മുരാരി ബാബു പറയുന്നത് ശ്രീകോവിലിന്റെ വാതിൽപ്പടികളും പോറ്റിക്കു കൈമാറി എന്നാണ്. അതുസംബന്ധിച്ച കഥകൾ വരാനുണ്ട്. എ. പത്മകുമാറായിരുന്നു അക്കാലത്ത് ദേവസ്വം ബോർഡ് ചെയർമാൻ. കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയും.
2023ൽ തന്ത്രി കണ്ഠര് രാജീവര് ശില്പങ്ങളുടെ ശോഭ മങ്ങിയെന്നും റിപ്പയർ ചെയ്യണം എന്നും നിർദേശിച്ചു. റിപ്പയർ സ്പോണ്സർ ചെയ്യാമെന്ന് 2024ൽ ഉണ്ണികൃഷ്ണൻ പോറ്റി ബോർഡിനെ അറിയിച്ചു. ബോർഡ് സമ്മതിച്ചു. 2025 സെപ്റ്റംബർ ഏഴിന് ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ ഇളക്കിയെടുത്ത് പോറ്റി ചെന്നൈക്കു കൊണ്ടുപോയി. 2019ലെ നവീകരണ പണിക്ക് ആറാംവർഷം തകരാർ വന്നതുകൊണ്ടും 40 വർഷ വാറന്റി അദ്ദേഹത്തിന്റെ പേരിലായതുകൊണ്ടുമാണ് 2019ൽ ഇടനിലക്കാരനായിരുന്ന പോറ്റിവഴി 2025ൽ റിപ്പയറിന് അയച്ചത് എന്നാണ് ബോർഡിന്റെ വിശദീകരണം. ബോർഡ് ഹൈക്കോടതിയുടെ അനുമതി ചോദിച്ചില്ല. നടപടിക്രമങ്ങൾ തെറ്റിച്ചു. സംഭവം വിവാദമായി. ഇപ്പോൾ ഹൈക്കോടതി ദേവസ്വം വിജിലൻസിനെയും പ്രത്യേക അന്വേഷണ സംഘത്തെയും ചുമതലപ്പെടുത്തിയിരിക്കുന്നു.
അന്വേഷണം വരട്ടെ
തട്ടിപ്പിന് സമാധാനം പറയേണ്ട ആരോടു ചോദിച്ചാലും അന്വേഷണം വരട്ടെ. സത്യം പുറത്തുവരട്ടെ, ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നാണ് വായ്ത്താരി. 2019ലെ ദേവസ്വം ബോർഡ് ചെയർമാൻ സിപിഎം മുൻ എംഎൽഎ എ. പത്മകുമാർ, ഇടനിലക്കാരനായിരുന്ന പോറ്റി, ഇപ്പോഴത്തെ ചെയർമാൻ പി.എസ്. പ്രശാന്ത്, ദേവസ്വം മന്ത്രി വി.എൻ. വാസവൻ തുടങ്ങിയവരെല്ലാം ഈ വാദം ഉന്നയിക്കുന്നു. 2019ൽ തെറ്റുപറ്റിയെന്ന് അവസാനം സർക്കാർ സമ്മതിച്ചു. സ്വർണം പൊതിഞ്ഞ പാളികൾ ചെന്പ് പാളികളാണെന്ന് രേഖപ്പെടുത്തി ഇടനിലക്കാരൻ ഉണ്ണികൃഷ്ണൻ പോറ്റിക്കു കൈമാറിയത് തെറ്റുതന്നെയാണ് എന്ന് സമ്മതിച്ചു. എന്നാൽ, 2025 സെപ്റ്റംബർ ഏഴിന് ഹൈക്കോടതിയെ അറിയിക്കാതെ എന്തുകൊണ്ട് സ്വർണപ്പാളികൾ അഴിച്ച് വീണ്ടും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറി എന്ന ചോദ്യത്തിന് ഉത്തരമില്ല.
അന്വേഷണം വരട്ടെ, സത്യം തെളിയട്ടെ. എത്ര ലാഘവത്തോടെയാണ് അവരെല്ലാം പറയുന്നത്? സത്യം തെളിയുകയോ പ്രതികൾ ശിക്ഷിക്കപ്പെടുകയോ ഇല്ലെന്ന് അവർക്ക് തീർച്ചയുള്ളതുപോലെയല്ലേ സമീപനം. ഇതുവരെയുള്ള കേരളചരിത്രത്തിലെ ഏറ്റവും ഭീമമായ തട്ടിപ്പായിരുന്നല്ലോ ലാവ്ലിൻ അഴിമതി. വലിയ ബഹളം ഉണ്ടാക്കി, കേസ് സിബിഐ അന്വേഷിച്ചു. അവസാനം ഒരു സിബിഐ കോടതി പിണറായിയെ വെറുതെവിട്ടു. ലാവ്ലിൻ കേസ് 10 വർഷമായി സുപ്രീംകോടതിയിലാണ്. സിബിഐയാണ് കേസ് നീട്ടിക്കൊണ്ടുപോകുന്നത്. സിബിഐ അന്വേഷിച്ചതുകൊണ്ട് ഒരു വ്യത്യാസവും ഇല്ല.
ഹൈക്കോടതി നിയോഗിച്ച എച്ച്. വെങ്കിടേഷ് അന്വേഷിച്ചാലും സത്യം തെളിയുമോ? കണ്ണൂരെ സിപിഎം നേതാവായ പി.പി. ദിവ്യക്കെതിരേ വിജിലൻസ് കേസെടുത്ത ഡിജിപി യോഗേഷ് ഗുപ്തയുടെയും സെൻകുമാറിന്റെയും അനുഭവങ്ങൾ നേരിട്ടു കണ്ടിട്ടുള്ള വെങ്കിടേഷിന് സർക്കാരിനെതിരേ വല്ലതും കണ്ടെത്താനാവുമോ? പിന്നാലെ നടന്ന് ഉപദ്രവിക്കും. കേന്ദ്രത്തിൽ കിട്ടുന്ന പോസ്റ്റിംഗ്പോലും ലഭ്യമാക്കില്ല. ആരും സഹായിക്കില്ല.
ഇതു സംബന്ധിച്ച് ഹൈക്കോടതി നിയോഗിച്ച അന്വേഷണസംഘം കണ്ടെത്തുന്ന കുറ്റവാളികൾ ആരായാലും ഈ സംഭവം വിശ്വാസീസമൂഹത്തിന് ഉണ്ടാക്കുന്ന ആശങ്കയും ശബരിമലയിൽനിന്ന് എന്തെല്ലാം മോഷണം പോയിരിക്കാം എന്ന സംശയവും ശബരിമലയിലുള്ള വിശ്വാസത്തെയും തീർഥാടനകേന്ദ്രത്തിലെ വരുമാനത്തെയുംവരെ പ്രതികൂലമായി ബാധിക്കാം.
അന്വേഷണസംഘം കണ്ടെത്തുന്ന കുറ്റവാളികൾ ആരായാലും അവരെ നിയമിക്കുന്ന സർക്കാരിനും ദേവസ്വംബോർഡിനും ഈ കൊള്ളയുടെ ഉത്തരവാദിത്വത്തിൽനിന്നു കൈകഴുകി രക്ഷപ്പെടാനാവില്ല. ദ്വാരപാലക വിഗ്രഹത്തിലെ സ്വർണപ്പാളികൾ തട്ടിച്ചതുകൊണ്ട് ഉണ്ടായിരിക്കുന്ന സാന്പത്തിക നഷ്ടം 50 പവൻ സ്വർണമാണ്. അതിന്റെ വിലയുടെ എത്രയോ ഇരട്ടിയാണ് വിശ്വാസികളിൽ ഉണ്ടായിരിക്കുന്ന സംശയം ഉണ്ടാക്കുന്ന ദുരന്തം.
ദൈവഭയം ഇല്ലാത്തവർ ഏതു ഭരണത്തിൽ എത്തിയാലും, ദൈവാലയഭരണത്തിൽ എത്തിയാൽ പ്രത്യേകിച്ചും ഉണ്ടാകുന്നതു ദുരന്തമാണ്. നിരീശ്വരർ മാത്രമല്ല, ദൈവവിശ്വാസികൾ എന്ന് അവകാശപ്പെടുന്നവരിലും ദൈവഭയം ഇല്ലാത്തവർ ഏറെയാണ്. പദവികളിൽ എത്തുവാൻ ഏതു ഹീനമാർഗവും സ്വീകരിക്കുന്ന ഇക്കൂട്ടർ അധികാരത്തിൽ എത്തുന്നതുതന്നെ തട്ടിപ്പു നടത്താനാണ്. പദവികൾ കിട്ടാൻ മുടക്കുന്നതെല്ലാം ഒന്നിന് നൂറിരട്ടിയായി തിരിച്ചുപിടിക്കാൻ നോക്കുന്നത് സ്വാഭാവികമാണ്. ഇതെല്ലാം കാണുന്പോൾ സർക്കാർ പറയുന്ന ചർച്ച് ആക്ട് വന്നാൽ പള്ളികളുടെ സ്വത്തും ഇങ്ങനെ കൊള്ളയടിക്കപ്പെടില്ലേ എന്ന സംശയം ചർച്ച് ആക്ട് വേണം എന്ന് കരുതുന്നവരിൽപോലും ഉയരുന്നു.
വികസനസദസും മുസ്ലിംലീഗും
ഈ സമരങ്ങൾക്കിടയിലും മലപ്പുറം ജില്ലയിലെ മുസ്ലിംലീഗുകാർ സർക്കാരുമായി സഹകരിക്കുന്നതിന് തയാറായിരിക്കുന്നു. പഞ്ചായത്തുകളിലെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വികസന സദസുമായിട്ടാണ് മലപ്പുറത്തെ ലീഗ് സഹകരിക്കുന്നത്. മലപ്പുറം ജില്ലയിലെ മിക്കവാറും എല്ലാ ലീഗ് പഞ്ചായത്തും സഹകരിക്കുന്നു. മുന്നണിയിലെ ഏറ്റവും പ്രബലകക്ഷിയായ മുസ്ലിംലീഗ് പഞ്ചായത്തു തെരഞ്ഞെടുപ്പിൽ സ്വീകരിക്കാൻ പോകുന്ന അടവുനയത്തിന്റെ സൂചനയാകുമോ ഈ വികസനസദസ് സഹകരണം എന്ന ചിന്ത പരക്കുന്നുണ്ട്.
സമരം പഠിപ്പിക്കാൻ ശിവൻകുട്ടി
ശബരിമല വിഷയം നിയമസഭയിൽ ഉന്നയിച്ച പ്രതിപക്ഷം സഭാനടപടികൾ ആകെ അലങ്കോലപ്പെടുത്തി. സ്പീക്കറുടെ ഡയസിനു മുന്നിൽ ‘അന്പലംവിഴുങ്ങികൾ’, ‘അയ്യപ്പന്റെ സ്വർണം കട്ടവർ’ എന്നീ മുദ്രാവാക്യങ്ങൾ എഴുതിയ ബാനർ ഉയർത്തി പ്രതിഷേധിച്ചു.
കെ.എം. മാണിയുടെ 13-ാം ബജറ്റ് ദിനത്തിൽ അന്നത്തെ പ്രതിപക്ഷം സഭയിൽ നടത്തിയ പ്രതിഷേധവുമായി തുലനം ചെയ്യാൻപോലും കഴിയാത്തതായിരുന്നു ഇവരുടെ പ്രതിഷേധം. സർക്കാരിനെ അടിക്കാൻ കിട്ടിയ ഒരു വടി ഉപയോഗിക്കുന്നു എന്ന രീതിയിലായിരുന്നു സമരം. എന്നിട്ടും ഭരണപക്ഷം അസ്വസ്ഥമായി. സമരംചെയ്യാൻ പഠിപ്പിക്കാം എന്ന് ബജറ്റ് സമരത്തിൽ മുണ്ടും മാടിക്കെട്ടി നിയമസഭയുടെ ഡെസ്കിലൂടെ നടന്ന ഇന്നത്തെ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
പറഞ്ഞത് ശിവൻകുട്ടി ആയതുകൊണ്ട് ഇത്രയുംപോരാ വീറ് എന്നാവും ഉദ്ദേശിച്ചിരിക്കുക. പക്ഷേ ഇത് ശരിയല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത് അത്ഭുതമുണ്ടാക്കി. നിയമസഭയുടെ ചരിത്രത്തിലാദ്യം എന്ന മന്ത്രി രാജേഷിന്റെ പ്രതികരണവും ചരിത്രം അറിയാത്തതിന്റെ അടയാളമായി.