വേണം, കൂടുതൽ മനുഷ്യത്വമുള്ള നിയമഭാഷ
ഡോ. ജസ്റ്റിൻ ജോസ്
Monday, October 13, 2025 12:03 AM IST
2009ലെ ദേശീയ വിദ്യാഭ്യാസ നിയമം നിലവിൽ വരുന്നതിനു മുൻപുതന്നെ ജോലിയിൽ പ്രവേശിച്ചവരുൾപ്പെടെ എല്ലാ അധ്യാപകർക്കും ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് വിജയം നിർബന്ധമാക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് ചെറുതല്ലാത്ത ആശങ്കകൾക്കാണു വഴിവച്ചിട്ടുള്ളത്.
തൊഴിലുകൾക്കു പുതിയ യോഗ്യതകൾ നിഷ്കർഷിക്കുമ്പോൾ അതു പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്കു മാത്രമാണു സാധാരണ ബാധകമാകുക. എന്നാൽ, സെപ്റ്റംബർ ഒന്നിലെ ഉത്തരവിലൂടെ നിലവിൽ ജോലിയിലുള്ള എല്ലാവർക്കും സർവീസിൽ തുടരണമെങ്കിൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിലെ വിജയം നിർബന്ധമാക്കിയിരിക്കുകയാണു പരമോന്നത കോടതി. എല്ലാ അധ്യാപകരും ഉത്തരവ് തീയതി മുതൽ രണ്ടു വർഷത്തിനുള്ളിൽ ടെസ്റ്റ് വിജയിച്ചിരിക്കണമെന്നാണു നിർദേശം. അമ്പതു വയസിനു മുകളിലുള്ള അധ്യാപകർക്കു സ്ഥാനക്കയറ്റം ആവശ്യമെങ്കിൽ മാത്രം പ്രസ്തുത ടെസ്റ്റ് വിജയിച്ചാൽ മതിയെന്ന ഇളവാണ് കോടതി നൽകിയിട്ടുള്ളത്. കൂടാതെ, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള തീരുമാനം വിശാല ബെഞ്ചിലേക്കു റഫർ ചെയ്യുകയും ചെയ്തു.
വിദ്യാഭ്യാസ അവകാശ നിയമവും അധ്യാപക യോഗ്യതയും
സ്കൂൾ അധ്യാപകരുടെ മിനിമം യോഗ്യതകൾ പുതുക്കി നിശ്ചയിച്ചുകൊണ്ട് 2010ൽ വിജ്ഞാപനമുണ്ടായി. പ്രൈമറി സ്കൂളിൽ വിദ്യാഭ്യാസത്തിലുള്ള ഡിപ്ലോമയും സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസത്തിലുള്ള ബാച്ചിലർ ബിരുദവും അധ്യാപകരുടെ മിനിമം യോഗ്യതയായി നിലനിർത്തിയെങ്കിലും രണ്ടു സുപ്രധാന മാറ്റങ്ങൾ പുതിയ വിജ്ഞാപനം കൊണ്ടുവന്നു. ഒന്നാമത്തേത്, ഈ ഡിപ്ലോമയും ബിരുദവും എൻസിടിഇ അംഗീകരിച്ചവയായിരിക്കണമെന്ന വ്യവസ്ഥ. രണ്ടാമത്തേത്, എൻസിടിഇയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് സർക്കാർ നടത്തുന്ന ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് വിജയിച്ചിരിക്കണമെന്ന വ്യവസ്ഥ. പുതുക്കിയ യോഗ്യതകൾക്കു വിജ്ഞാപന തീയതി മുതലുള്ള പ്രാബല്യമാണ് എൻസിടിഇ നൽകിയത്. പ്രസ്തുത തീയതിക്കു മുന്പ് ജോലിയിൽ പ്രവേശിച്ചവർക്കു പുതിയ യോഗ്യത നേടുന്നതിൽനിന്ന് ഇളവ് നൽകുകയും ചെയ്തു.
2017ൽ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി ചെയ്യുകയും 2015 മാർച്ച് 31നു ശേഷം സർവീസിലുള്ള അധ്യാപകർ നാലു വർഷത്തിനുള്ളിൽ പുതിയ യോഗ്യത നേടിയിരിക്കണമെന്നു നിഷ്കർഷിക്കുകയും ചെയ്തു. പ്രസ്തുത ഭേദഗതി ബില്ലിനെ സംബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചകൾ പരിശോധിക്കുമ്പോൾ ബിഎൽഎഡും ഡിഎൽഎഡും ഉൾപ്പെടെയുള്ള പ്രഫഷണൽ പരിശീലനം ലഭിക്കാത്ത അധ്യാപകരെ സംബന്ധിച്ചാണ് സർക്കാരും ജനപ്രതിനിധികളും ചർച്ചകൾ കേന്ദ്രീകരിച്ചിട്ടുള്ളത് എന്നു മനസിലാക്കാൻ കഴിയും. പ്രസ്തുത നിയമനിർമാണത്തിന്റെ അന്തസത്ത പരിശോധിക്കുമ്പോൾ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് വിജയിക്കാത്തതിന്റെ പേരിൽ അധ്യാപകരെ നീക്കം ചെയ്യണമെന്നു പറയുന്നതിലെ അപാകത വ്യക്തമാണ്.
ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്)
ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് നടത്തുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾ 2011 ഫെബ്രുവരിയിലാണ് എൻസിടിഇ പുറത്തിറക്കിയത്. അതിൻപ്രകാരം, ടെസ്റ്റിന്റെ യുക്തി താഴെപ്പറയുന്നവയായിരുന്നു.
●ഇത് നിയമന പ്രക്രിയയിൽ ദേശീയ നിലവാരവും അധ്യാപക ഗുണനിലവാരത്തിന്റെ അടിസ്ഥാന മാനദണ്ഡവും കൊണ്ടുവരും.
●അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഈ സ്ഥാപനങ്ങളിലെ വിദ്യാർഥികളെയും അവരുടെ പ്രകടന നിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ ഇതു പ്രോത്സാഹിപ്പിക്കും.
●അധ്യാപകരുടെ ഗുണനിലവാരത്തിന് ഗവൺമെന്റ് പ്രത്യേക ഊന്നൽ നൽകുന്നുവെന്ന സന്ദേശം പൊതുസമൂഹത്തിനു നൽകും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു വേണ്ടി സിബിഎസ്ഇയും അതത് സംസ്ഥാനങ്ങൾക്കുവേണ്ടി സംസ്ഥാന ഭരണകൂടങ്ങൾ നിശ്ചയിക്കുന്ന സ്ഥാപനങ്ങളുമാണ് ടെറ്റ് പരീക്ഷകൾ നടത്തുന്നത്. ഇത്തരത്തിൽ, കേരളത്തിന്റെ കെ-ടെറ്റ് നടത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് പരീക്ഷാ ഭവനാണ്. നടപ്പാക്കിയിട്ട് ഒന്നര പതിറ്റാണ്ട് എത്തുമ്പോൾ, മേൽവിവരിച്ചിട്ടുള്ള യുക്തികൾ സാധൂകരിക്കുന്നതിൽ ടെറ്റ് പരീക്ഷകൾ എത്രമാത്രം വിജയിച്ചിട്ടുണ്ട് എന്ന് പരിശോധിക്കുന്നത് ഉചിതമാണ്.
ഒന്നാമത്, നിയമന പ്രക്രിയയിൽ ദേശീയനിലവാരവും അധ്യാപക ഗുണനിലവാരത്തിന്റെ അടിസ്ഥാന മാനദണ്ഡവുമായി ടെറ്റ് മാറുമെന്ന് എൻസിടിഇ പ്രതീക്ഷിക്കുന്നു. എന്നാൽ, നാളിതുവരെ നടന്ന പരീക്ഷകളുടെ ചോദ്യങ്ങൾ പരിശോധിക്കുമ്പോൾ, അധ്യാപകരുടെ ഗുണനിലവാരം നിർണയിക്കുന്നതിൽ ടെറ്റ് എത്രകണ്ട് ഫലപ്രദമാണെന്നു സംശയിക്കേണ്ടതായിവരും. ശാരീരികവും മാനസികവുമായ ധാരാളം ശേഷികളെ ഒരേസമയം സമഞ്ജസമായി സമ്മേളിപ്പിച്ചു നിർവഹിക്കേണ്ട അദ്വിതീയമായ ഒരു കല തന്നെയാണ് അധ്യാപനമെന്നിരിക്കേ, കേവലം മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളിലൂടെ അതിനുള്ള യോഗ്യത അളക്കാമെന്നു കരുതുന്നതു ബുദ്ധിമോശമാണ്. സി-ടെറ്റിനാണെങ്കിലും സംസ്ഥാനങ്ങളുടെ പ്രാദേശിക ടെറ്റുകൾക്കാണെങ്കിലും ചോദ്യങ്ങളിലേറെയും വൈജ്ഞാനികതലങ്ങളുടെ താഴ്ന്ന ശ്രേണിയിൽ മാത്രം ഉൾപ്പെടുന്നവയാണെന്നു കാണാം. കേവലം ഓർമശക്തികൊണ്ടു മാത്രം ഉത്തരമെഴുതാവുന്നവ. അധ്യാപകന് ആവശ്യമായ മറ്റെല്ലാ ശേഷികളെയും വിസ്മരിച്ച് ഓർമശക്തിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പരീക്ഷ അധ്യാപക ഗുണനിലവാരത്തിന്റെ അടിസ്ഥാന മാനദണ്ഡമാകുന്നത് ആശാസ്യമല്ല.
എൻസിടിഇ തന്നെ കർക്കശമായ മാനദണ്ഡങ്ങൾ പാലിച്ച് അംഗീകാരം നൽകിയിട്ടുള്ള അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖാന്തരം ഡിപ്ലോമയും ബിരുദവും നേടിയിട്ടുള്ള ഉദ്യോഗാർഥികളാണ് ഈ പരീക്ഷയ്ക്കു വിധേയരാകുന്നത്. വ്യത്യസ്തങ്ങളായ മൂല്യനിർണയ പ്രക്രിയകളിലൂടെ സഞ്ചരിച്ച് അവർ നേടുന്ന ബിരുദത്തിനുമപ്പുറം, ഇത്തരത്തിൽ നടത്തുന്ന ഒരു പരീക്ഷയാണ് അധ്യാപക യോഗ്യതയുടെ അടിസ്ഥാന മാനദണ്ഡമെന്ന് ഈ സ്ഥാപനങ്ങളിലെ പഠിതാക്കൾ ധരിച്ചാൽ, അവർ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത് അവരുടെ ഓർമശക്തി മാത്രമായിരിക്കുമെന്നതു തീർച്ചയാണ്. അപ്പോൾ, അധ്യാപകരുടെ പ്രകടന നിലവാരം മെച്ചപ്പെടുത്താൻ ടെറ്റ് സഹായകരമാകുമെന്ന രണ്ടാമത്തെ യുക്തിയും അസ്ഥാനത്താണെന്നു പറയേണ്ടതുണ്ട്. അധ്യാപക ഗുണനിലവാരത്തോട് പ്രതിബദ്ധതയുണ്ടെങ്കിൽ എൻസിടിഇ ചെയ്യേണ്ടത്, അവർ അംഗീകാരം നൽകുന്ന അധ്യാപക പരിശീലന സ്ഥാപനങ്ങളിൽ കാലാനുസൃതമായി പാഠ്യപദ്ധതി പരിഷ്കരിക്കപ്പെടുന്നുവെന്നും ശരിയായ രീതിയിൽ ബോധനവും മൂല്യനിർണയവും നടക്കുന്നുവെന്നും ഉറപ്പു വരുത്തുകയാണ്.
സി-ടെറ്റിന്റെ ഒരു പരീക്ഷ മാത്രം എഴുതുന്നതിന് ആയിരം രൂപയും രണ്ടു പരീക്ഷകളും എഴുതുന്നതിന് 1,200 രൂപയുമാണ് ഫീസ്. കെ-ടെറ്റിന് ഇത് ഓരോ പരീക്ഷയ്ക്കും അഞ്ഞൂറു രൂപയുമാണ്. ഇപ്രകാരം, ഉദ്യോഗാർഥികളിൽനിന്ന് സാമാന്യം വലിയ തുക ഫീസ് ആയി ഈടാക്കി പരീക്ഷ നടത്തുന്നത്, അധ്യാപകരുടെ ഗുണനിലവാരത്തിന് ഗവൺമെന്റ് പ്രത്യേക ഊന്നൽ നൽകുന്നുവെന്ന മൂന്നാമത്തെ യുക്തിയെയും അപ്രസക്തമാക്കുന്നു. അത്തരമൊരു യുക്തി നിലനിൽക്കണമെങ്കിൽ, മെച്ചപ്പെട്ട പരീക്ഷ സൗജന്യമായി നടത്തി ഗുണനിലവാരമുള്ള അധ്യാപകരെ സമൂഹത്തിനു സമ്മാനിക്കാൻ സർക്കാർ തയാറാകണം. ഓരോ ആറു മാസം കൂടുമ്പോഴും വരുമാനമുറപ്പിക്കാവുന്ന ഒരു മാർഗമായി സർക്കാരുകൾ ടെറ്റിനെ കാണുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെത്തന്നെ അപായപ്പെടുത്തുന്നു.
നീതിനിഷേധമാകരുത്
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ വരവിനു മുൻപുതന്നെ സർവീസിൽ വന്നവരടക്കം എല്ലാ അധ്യാപകരും രണ്ടു വർഷത്തിനുള്ളിൽ ടെറ്റ് യോഗ്യത നേടിയിരിക്കണമെന്നും അല്ലാത്തപക്ഷം പുറത്തുപോകണമെന്നുമുള്ള വിധി, ഈ അധ്യാപകർ വർഷങ്ങൾകൊണ്ടു നേടിയ അനുഭവജ്ഞാനത്തെ പാടേ തമസ്കരിക്കുന്നതാണ്. ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർ വിദ്യാഭ്യാസം നൽകിയ വിദ്യാർഥികൾ ജീവിതത്തിൽ തിളങ്ങിയിട്ടില്ലെന്നു പറയാനാകില്ലെന്നു വിധിയിൽ കൂട്ടിച്ചേർക്കുന്നുണ്ടെങ്കിലും, നിയമത്തിന്റെ പ്രവർത്തനം ഒരിക്കലും തിന്മയായി കാണാൻ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചുകൊണ്ടാണ്, ഈ അധ്യാപകർക്കു പുറത്തേക്കുള്ള വഴി കോടതി തുറന്നിരിക്കുന്നത്.
വർഷങ്ങളുടെയോ ചിലപ്പോൾ പതിറ്റാണ്ടുകളുടെതന്നെയോ പരിചയംകൊണ്ടു നൈപുണ്യവും സാമർഥ്യവും സിദ്ധിച്ച അധ്യാപകരുടെ ജീവിതമാർഗം, മുൻപു പറഞ്ഞതുപോലെ യുക്തികളൊന്നും സാധൂകരിക്കാനില്ലാത്ത ഒരു പരീക്ഷയുടെ പേരിൽ, തുലാസിലാക്കുന്നത് ന്യായീകരിക്കാനാവില്ല. “നിയമം മനുഷ്യന് വേണ്ടിയാണ്; മനുഷ്യൻ നിയമത്തിനു വേണ്ടിയല്ല” എന്ന വാക്കുകൾ ലാഹോർ കോടതിയിൽ ഭഗത് സിംഗ് ഉച്ചരിച്ചിട്ട് ഒരു നൂറ്റാണ്ടു തികയാറാകുന്ന ഈ വേളയിലെങ്കിലും നിയമത്തിന്റെ ഭാഷ കുറച്ചുകൂടി മനുഷ്യത്വമുള്ളതായി മാറേണ്ടിയിരിക്കുന്നു.
കാലം മാറ്റിയ അധ്യാപക ദൗത്യം
സമീപകാല സാമൂഹ്യ, സാംസ്കാരിക, സാങ്കേതികവിദ്യാ പരിണാമങ്ങൾ അധ്യാപകരുടെ പങ്ക് വൻതോതിൽ വൈവിധ്യവത്കരിച്ചിട്ടുണ്ട്. കേവലം അറിവു കൈമാറുന്നവർ എന്ന നിലയിൽനിന്ന് ഉപദേഷ്ടാക്കൾ, മാർഗനിർദേശകർ, സഹായികൾ എന്നീ നിലകളിലേക്കുകൂടി അധ്യാപകർ ഉയർത്തപ്പെട്ടു. വിമർശനാത്മക ചിന്ത, സഹാനുഭൂതി, പ്രതിരോധശേഷി, സാമൂഹിക ഉത്തരവാദിത്വം എന്നിവ വികസിപ്പിക്കാൻ വിദ്യാർഥികളെ പ്രചോദിപ്പിക്കുക എന്നതുകൂടി അധ്യാപകരുടെ കടമയാണ്.
ഡിജിറ്റൽ പൗരത്വം, പരിസ്ഥിതി ആശങ്കകൾ, ലിംഗസമത്വം, മാനസികാരോഗ്യ വെല്ലുവിളികൾ മുതലായ സങ്കീർണമായ സാമൂഹ്യ യാഥാർഥ്യങ്ങളിലൂടെ പഠിതാക്കളെ നയിക്കുന്നതിൽ അധ്യാപകർ ഇന്നു നിർണായക പങ്കുവഹിക്കുന്നു. മികച്ച സംവേദനക്ഷമതയും സംഭാഷണ ചാതുരിയും സഹകരണ മനോഭാവവും അധ്യാപകർക്ക് അനുപേക്ഷണീയമായ ഗുണങ്ങളായി ഗണിക്കപ്പെടുന്നു. വിദ്യാർഥികളുടെ സ്വഭാവം, ധാർമിക തെരഞ്ഞെടുപ്പുകൾ, പൗരബോധം എന്നിവ രൂപപ്പെടുത്തുന്നതിലേക്കും അധ്യാപകരുടെ ദൗത്യം ഇന്നു വ്യാപിച്ചിട്ടുണ്ട്.
കാലം തീർത്ത ഈ പരിവർത്തനം അധ്യാപകരുടെ പങ്കു കുറയ്ക്കുകയല്ല, മറിച്ച് അതിന്റെ ആഴവും പരപ്പും പതിന്മടങ്ങ് വർധിപ്പിക്കുകയാണുണ്ടായത്. വ്യത്യസ്തങ്ങളായ വൈദഗ്ധ്യങ്ങൾ ഒരേസമയം ആവശ്യമുള്ള ഒരു കർമമണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പും തീർച്ചയായും ഈ ശേഷികളെ പരിശോധിക്കാൻ പ്രാപ്തമായിരിക്കണം. ഈ സാഹചര്യത്തിലാണ് ടെറ്റിന്റെ മൾട്ടിപ്പിൾ ചോയ്സ് പരീക്ഷയുടെ യുക്തി ചോദ്യം ചെയ്യപ്പെടുന്നത്.
ഉദ്ദേശ്യം പ്രശംസനീയമാണെങ്കിലും, നല്ല അധ്യാപകരെ ഈ ഫിൽറ്ററിംഗ് പ്രക്രിയയിൽ നഷ്ടപ്പെടുത്തുന്നുവെന്നതാണ് നിലവിലെ ടെറ്റിന്റെ ഫലം. അതിന്റെ ആത്യന്തിക നഷ്ടം വിദ്യാർഥികൾക്കും. അമേരിക്കൻ വിദ്യാഭ്യാസ വിചക്ഷണനും "ബബിൾ ടെസ്റ്റിനുമപ്പുറം' എന്ന വിഖ്യാത പുസ്തകത്തിന്റെ രചയിതാവുമായ ലിൻഡ ഡാർലിംഗ് ഹാമൻഡ് അഭിപ്രായപ്പെട്ടതുപോലെ എല്ലായ്പ്പോഴും “നാല് ചോയ്സുകളോടെയല്ലല്ലോ ജീവിതം വരുന്നത്.”
(പാലാ സെന്റ് തോമസ് കോളജ് (ഓട്ടോണമസ്) ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ലേഖകൻ)