ദുരന്തങ്ങൾക്കല്ല, പ്രതിരോധത്തിന് പണം
പ്രഫ. ഡോ. സാബു ജോസഫ്
Monday, October 13, 2025 12:08 AM IST
ദുരന്തസാധ്യത അവബോധം, ദുരന്ത ലഘൂകരണം എന്നിവയുടെ ആഗോള സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 13ന് അന്താരാഷ്ട്ര ദുരന്തസാധ്യതാ ലഘൂകരണദിനം ആചരിക്കുന്നു. ദുരന്തത്തെ പ്രതിരോധിക്കുന്ന സമൂഹങ്ങളെ കെട്ടിപ്പടുക്കുന്നതിൽ കൂട്ടായ ശ്രമങ്ങൾ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഈ ദിവസം ഓർമിപ്പിക്കുന്നു. ഈ വർഷത്തെ യുഎൻ പ്രമേയം, ‘ദുരന്തങ്ങൾക്കല്ല, പ്രതിരോധശേഷിക്കായി പണം മുടക്കുക’ എന്നത് ഒരു മുദ്രാവാക്യം മാത്രമല്ല, അതൊരു സാമ്പത്തികവും മാനുഷികവുമായ അനിവാര്യതയാണ്.
കാലാവസ്ഥാ ദുരന്തങ്ങളുടെ എണ്ണം, തീവ്രത, പ്രവചനങ്ങൾ തെറ്റുന്നു എന്നിവ ഇന്ത്യയെപ്പോലുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യാഘാതങ്ങൾ ആഴത്തിലുള്ളതും ആവാസവ്യവസ്ഥയെ തടസപ്പെടുത്തുന്നതും ഭക്ഷ്യസുരക്ഷയെ ഭീഷണിപ്പെടുത്തുന്നതും സാമ്പത്തിക പുരോഗതിയെ പാളംതെറ്റിക്കുന്നതുമാണ്. കൃഷി, മത്സ്യബന്ധനം എന്നിവയുൾപ്പെട്ട ഏകദേശം 700 ദശലക്ഷം ഗ്രാമീണ ഇന്ത്യക്കാരുണ്ട്. ഇവരുടെ ഉപജീവനം കാലാവസ്ഥാമാറ്റവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
ഒരൊറ്റ ദുരന്തത്തിന് പതിറ്റാണ്ടുകളുടെ വികസനത്തെ ഇല്ലാതാക്കാൻ കഴിയും. കേരളത്തിൽ 2018ലെ വിനാശകരമായ വെള്ളപ്പൊക്കം മുതൽ, സംസ്ഥാനം ദുരന്തത്തിന്റെ താണ്ഡവം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. പുത്തുമല, കവളപ്പാറ (2019), പെട്ടിമുടി (2020), കൂട്ടിക്കൽ, കൊക്കയാർ (2021), വയനാട് വിലങ്ങാട് (2024) എന്നിവിടങ്ങളിലെ ഉരുൾപൊട്ടൽ നിരന്തരമായ ദുരന്തഭീഷണിയിലുള്ള ഒരു സംസ്ഥാനത്തിന്റെ ഭയാനകമായ ചിത്രം വരച്ചുകാട്ടുന്നു.
പരമ്പരാഗത ദുരന്തനിവാരണ രീതി ഇനി പര്യാപ്തമല്ല. മറിച്ച്, ഭാവിയുടെ സുരക്ഷിതത്വം പ്രധാനമായും നൂതനമായ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളെയും ആഴത്തിൽ വേരൂന്നിയ സാമൂഹിക ദുരന്ത പ്രതിരോധത്തെയുമാണ് ആശ്രയിക്കുന്നത്.
മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളുടെ നിർണായക പങ്ക്
മുൻകൂർ മുന്നറിയിപ്പ് സംവിധാനം ഒരു പ്രവചനം മാത്രമല്ല; മറിച്ച് വ്യക്തികൾക്കും സമൂഹത്തിനും സ്ഥാപനങ്ങൾക്കും നഷ്ടം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് ഉചിതമായി തയാറെടുക്കാനും പ്രവർത്തിക്കാനും പ്രാപ്തമാക്കുന്നതിന് സമയബന്ധിതവും അർഥവത്തായതുമായ വിവരങ്ങൾ ലഭ്യമാക്കുന്ന ഒരു സംയോജിത പ്രക്രിയയാണ്. അതു വിവരങ്ങളിൽനിന്ന് ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനങ്ങളിലേക്ക് നയിക്കുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ പങ്ക്
ഒരു സുപ്രധാന സംരംഭത്തിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ തുടക്കം കുറിച്ചിരിക്കുന്നു. ദുരന്ത നിവാരണ വിദ്യാഭ്യാസം മുഖ്യധാരയിലെത്തിക്കുന്നു. കോളജുകളിൽ ദുരന്ത നിവാരണ ക്ലബ്ബുകൾ (ഡിആർആർ ക്ലബ്ബുകൾ) തുടങ്ങുക എന്നതാണ് ഒരാശയം. ദുരന്തം കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനങ്ങളിൽ വിദ്യാർഥികൾക്ക് ഏർപ്പെടാം. കുറഞ്ഞ ചെലവിലുള്ള എൽഒടി സെൻസറുകൾ, ഫലപ്രദമായ ആശയവിനിമയ ആപ്പുകൾ പോലുള്ള സാങ്കേതിക പരിഹാരങ്ങൾ എന്നിവ വികസിപ്പിക്കാൻ സാധിക്കും.
മറ്റൊന്ന്, ദുരന്ത നിവാരണത്തിൽ 2-ക്രെഡിറ്റ് കോഴ്സ് ബിരുദതലത്തിലുള്ള പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതാണ്. ഇത് അപകടങ്ങളെക്കുറിച്ച് അറിവുള്ള ഒരു തലമുറയെ സൃഷ്ടിക്കും. സ്വയം സംരക്ഷിക്കുന്നതിനുള്ള കഴിവുകൾ മാത്രമല്ല, ഭാവിയിലെ ജോലികളിലും സമൂഹത്തിലും പ്രതിരോധശേഷി വളർത്തുന്നതിനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകാനുള്ള കഴിവുകളും ഇത് യുവാക്കൾക്ക് നൽകും.
ഫലപ്രദമായ മുൻകൂർ മുന്നറിയിപ്പ് സംവിധാനത്തിന്റെ നാലു വശങ്ങൾ
1. ദുരന്തസാധ്യത സംബന്ധിച്ച അറിവ്
ദുരന്തസാധ്യതകളെക്കുറിച്ചുള്ള വ്യക്തമായ ധാരണയിലാണ് മുന്നറിയിപ്പ് സംവിധാനങ്ങൾ നിർമിക്കേണ്ടത്. തുടർച്ചയായ അപകട നിരീക്ഷണം, ദുർബലത വിലയിരുത്തൽ, ശേഷി വിശകലനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
2. ദുരന്തം കണ്ടെത്തൽ, നിരീക്ഷണം, വിശകലനം
ഇതിൽ ദുരന്ത പ്രവചനത്തിന്റെ സാങ്കേതിക നട്ടെല്ല് ഉൾപ്പെടുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പും, കേന്ദ്ര ജലകമ്മീഷനും ചേർന്ന് ഡോപ്ലർ റഡാറുകൾ, ഓട്ടോമാറ്റിക് കാലാവസ്ഥാ സ്റ്റേഷനുകൾ, റെയിൻഗേജുകൾ എന്നിവ വിന്യസിച്ചുകൊണ്ട് ഇന്ത്യയിൽ ഗണ്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. എന്നാൽ, ആർട്ടിഫിഷൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവ ഉപയോഗിച്ച് കൂടുതൽ കൃത്യവും പ്രാദേശികവുമായ പ്രവചനങ്ങൾ സൃഷ്ടിക്കുന്നതിനും കാലാവസ്ഥാ മാറ്റങ്ങൾ വിശകലനം ചെയ്യാനും കഴിയും.
പശ്ചിമഘട്ടം പോലുള്ള ദുർബലമായ മലമ്പ്രദേശങ്ങളിൽ കുറഞ്ഞ ചെലവിൽ വയർലെസ് സെൻസറുകളുടെ സാന്ദ്രമായ ശൃംഖലകൾ വിന്യസിക്കാം. ഈ സെൻസറുകൾക്ക് മണ്ണിന്റെ ഈർപ്പം, മഴയുടെ തീവ്രത, ഭൂകമ്പ പ്രവർത്തനങ്ങൾ എന്നിവ തത്സമയം നിരീക്ഷിക്കാനും വിവരങ്ങൾ നേരിട്ട് ഒരു കേന്ദ്ര കമാൻഡ് സെന്ററിലേക്ക് കൈമാറാനും കഴിയും. ക്ലൗഡ് കംപ്യൂട്ടിംഗ് പോലുള്ള സാങ്കേതികവിദ്യയും നിർണായക പങ്ക് വഹിക്കുന്നു.
3. മുന്നറിയിപ്പ് നൽകലും ആശയവിനിമയവും
ഒരു മുന്നറിയിപ്പ് അവസാന പോയിന്റിൽ വരെ എത്തിയില്ലെങ്കിൽ അത് ഉപയോഗശൂന്യമാണ്. സെൽ പ്രക്ഷേപണ സംവിധാനങ്ങൾ ഉപയോഗിച്ച്, നെറ്റ്വർക്ക് ട്രാഫിക് പരിഗണിക്കാതെ, ഒരു പ്രത്യേക ഭൂമിശാസ്ത്ര പ്രദേശത്തെ എല്ലാ മൊബൈൽ ഫോണുകളിലേക്കും സെൽ പ്രക്ഷേപണം ലക്ഷ്യം ചെയ്ത അലേർട്ടുകൾ അയയ്ക്കാനാകും. അതുപോലെ, ഉപയോക്തൃ സൗഹൃദ മൊബൈൽ ആപ്ലിക്കേഷനുകൾക്ക് പ്രാദേശിക ഭാഷകളിൽ തത്സമയ അലേർട്ടുകൾ, ഒഴിപ്പിക്കൽ മാപ്പുകൾ, തയാറെടുപ്പ് ഗൈഡുകൾ എന്നിവ നൽകാൻ കഴിയും. അതുപോലെ, ദുരന്തബാധിത മേഖലയിലെ ആരെയും വിട്ടുപോയിട്ടില്ല എന്ന് ഉറപ്പാക്കാൻ പൊതു അലേർട്ട് സംവിധാനങ്ങൾ ആയ സൈറണുകൾ, സോഷ്യൽ മീഡിയ, റേഡിയോ, കമ്യൂണിറ്റി ഉച്ചഭാഷിണി എന്നിവ പ്രയോജനപ്പെടുത്തുകയും ചെയ്യാം.
4. തയാറെടുപ്പും പ്രതികരണശേഷിയും
ഒരു മുന്നറിയിപ്പ് വരുമ്പോൾ എന്തുചെയ്യണമെന്ന് ആളുകൾക്ക് അറിയാമെന്ന് ഉറപ്പാക്കുക എന്നതാണ് അന്തിമവും ഏറ്റവും നിർണായകവുമായ മാർഗം. ഇവിടെയാണ് മുൻകൂർ മുന്നറിയിപ്പ് സമൂഹത്തിന്റെ പ്രതിരോധശേഷിയുമായി സംയോജിപ്പിക്കുന്നത്. ആദ്യം പ്രതികരിക്കുന്നവരായി സമൂഹങ്ങളെ ശക്തീകരിക്കുക എന്നതാണ് പ്രധാനം. മുന്നറിയിപ്പ് കിട്ടിയാലും അതിനനുസരിച്ച് പ്രവർത്തിക്കാനുള്ള അറിവും ശേഷിയും വിഭവങ്ങളും ഉണ്ടെങ്കിൽമാത്രമേ അത് ഫലപ്രദമാകൂ.
സമൂഹ പ്രതിരോധശേഷി വളർത്തുന്നതിനുള്ള മാർഗങ്ങളിൽ പ്രധാനപ്പെട്ടത് സമൂഹാധാരിത ദുരന്ത റിസ്ക് മാനേജ്മെന്റ്, പങ്കാളിത്തത്തിലൂടെ റിസ്ക് മാപ്പിംഗ്, നാട്ടുകാർ അവരുടെ അമൂല്യമായ പരമ്പരാഗത അറിവുപയോഗിച്ച് വിദഗ്ധരുമായി ചേർന്ന് കാര്യങ്ങൾ വിലയിരുത്തുന്നത്, പ്രാദേശിക ദുരന്ത മാനേജ്മെന്റ് പദ്ധതികളുടെ വികസനം, മോക് ഡ്രില്ലുകളും പരിശീലനവും, നിലവിലുള്ള പ്രാദേശിക സംഘടനകളെ ശക്തിപ്പെടുത്തുക എന്നിവയാണ്.
(കേരള സർവകലാശാലയിലെ ഫാക്കൽട്ടി ഓഫ് അപ്ലൈഡ് സയൻസസ് ഡീൻ ആണ് ലേഖകൻ)