ദോഹ: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു. വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി വെള്ളിയാഴ്ച അറിയിച്ചു.
രാജ്യത്തെ സായുധ സേനയുമായും മറ്റ് ബന്ധപ്പെട്ട ഔദ്യോഗിക വകുപ്പുകളുമായും പൂർണമായി ഏകോപിപ്പിച്ചാണ് ഈ നടപടി. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്, മുൻകൂട്ടി നിശ്ചയിച്ച അടിയന്തര പാതകൾ വഴിയാണ് വിമാനങ്ങൾ സർവീസ് നടത്തുക.
കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള പരിമിതമായ വിമാനങ്ങൾക്കും ചരക്ക് വിമാനങ്ങൾക്കും മാത്രമാണ് നിലവിൽ അനുമതിയുള്ളത്. ദോഹയിലേക്കും തിരിച്ചുമുള്ള സാധാരണ ഷെഡ്യൂൾഡ് വിമാനങ്ങളുടെ സർവീസ് ഇപ്പോഴത്തെ അറിയിപ്പിൽ ഉൾപ്പെടുന്നില്ല.
വ്യോമപാത പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഔദ്യോഗിക അറിയിപ്പ് ലഭിച്ചാൽ മാത്രമേ പതിവ് സർവീസുകൾ ആരംഭിക്കൂ.
Tags : Qatar airspace Middle East