എം.വി. ജംസിന
പാലക്കാട്: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ ആനക്കര പഞ്ചായത്ത് ഭരണം എൽഡിഎഫിന്. പ്രസിഡന്റായി സിപിഎം അംഗം എം.വി. ജംസിനയെ തെരഞ്ഞെടുത്തു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജംസിനയുടെ വിജയം. ചൊവ്വാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിക്ക് ഏഴ് വോട്ടും കോൺഗ്രസ് സ്ഥാനാർഥിക്ക് ആറ് വോട്ടും ലഭിച്ചു.
തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ മൂന്ന് അംഗങ്ങൾ വിട്ടുനിന്നു. ബിജെപി അംഗം പങ്കെടുത്തെങ്കിലും വോട്ട് രേഖപ്പെടുത്തിയില്ല. ഇതോടെയാണ് ഏഴ് വോട്ടുകൾ നേടിയ ജംസിനയ്ക്ക് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ക്വാറം തികയാത്തതിനെ തുടർന്ന് മാറ്റിവെച്ചിരുന്നു. അന്ന് സിപിഎം, ബിജെപി അംഗങ്ങൾ മാത്രമാണ് യോഗഹാളിലെത്തിയത്.
കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിൽ എത്തിയെങ്കിലും തെരഞ്ഞെടുപ്പ് നടപടികളിൽ പങ്കെടുത്തിരുന്നില്ല. ചൊവ്വാഴ്ച കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ പങ്കെടുത്തതോടെയാണ് നടപടികൾ പൂർത്തിയായത്. മുൻ പ്രസിഡന്റ് പി.എൻ. അംബികയ്ക്കെതിരായ അവിശ്വാസപ്രമേയം പാസായതോടെയാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ട സാഹചര്യമുണ്ടായത്. സിപിഎം അംഗങ്ങൾക്കൊപ്പം മുസ്ലിം ലീഗ് അംഗങ്ങളും പിന്തുണച്ചതോടെയാണ് അവിശ്വാസപ്രമേയം പാസായത്.
Tags : Palakkad LocalBodyElection AnakkaraPanchayat Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews