കേരള ഹൈക്കോടതി
കൊച്ചി: ലഹരിമരുന്നിനെതിരായ നടപടികളുമായി പൊലിസിന് ശക്തമായി മുന്നോട്ടു പോകാമെന്നു ഹൈക്കോടതി. അതേസമയം, ലഹരിമരുന്ന് ഉപയോഗമുണ്ടെന്ന മുന്‍വിധിയോടെ പൊലിസ് പെരുമാറരുതെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു.
ഡിജെ പാര്‍ട്ടിയാണെങ്കിലും മറ്റെന്തു കൂട്ടായ്മയാണെങ്കിലും കുറ്റകൃത്യം തടയാന്‍ പൊലിസിന് ഉത്തരവാദിത്വമുണ്ട്. ലഹരിമരുന്ന് ഒരു കാരണവശാലും അനുവദിക്കരുത്. ഡിജെ പാര്‍ട്ടിക്കു പോകുന്നവരെ പൊലിസ് നിരീക്ഷിക്കുന്നതില്‍ തടസമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. പൊലിസ് സാന്നിധ്യമുണ്ടെങ്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരു ഭയമുണ്ടാകും.
മാനേജര്‍മാരെ വ്യക്തിപരമായി ഉത്തരവാദികളാക്കിയാല്‍ ഫലമുണ്ടാകുകയും ചെയ്യും. കുറ്റകൃത്യം നടന്നിട്ട് നടപടിയെടുക്കുന്നതിനേക്കാള്‍ നല്ലത് കുറ്റകൃത്യം തടയുന്നതാണ്. എന്നാല്‍, ഇതിന്റെ പേരില്‍ നൈറ്റ് ലൈഫ് വേണ്ടെന്നു പറയാനാകില്ല. പൊതുജനങ്ങള്‍ക്കു ശല്യമുണ്ടാകാത്തപക്ഷം സ്വകാര്യയിടങ്ങളില്‍ നടക്കുന്ന ഡിജെ അടക്കം പാര്‍ട്ടികള്‍ തടയാനാകില്ല.
പഞ്ചനക്ഷത്ര ബാറുകളുടെ പ്രവര്‍ത്തനത്തില്‍ പൊലിസ് ഏര്‍പ്പെടുത്തിയ നിയന്ത്രണം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീലാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്. നക്ഷത്ര ഹോട്ടലുകളിലെ ഡിജെ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തന സമയത്തിനും നിയന്ത്രണമേര്പ്പെടുത്തിയായിരുന്നു കൊച്ചി സിറ്റി പൊലിസ് നേരത്തേ നോട്ടിസുകള്‍ നല്‍കിയത്.
നിയമപരമായും അനുവദനീയമായ രീതിയിലും ക്രമസമാധാനം നടപ്പാക്കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് തടസമാകില്ലെന്നു നേരത്തേ ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു.
Tags : Kerala High Court Police vigorously Proceed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash