പിടിയിലായ ഒ.വി. വിഷ്ണു
ഹരിപ്പാട്: ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് സ്വർണപതക്കം മോഷ്ടിച്ച കേസിൽ ശാന്തിക്കാരൻ പിടിയിൽ. കാർത്തികപ്പള്ളി മഹാദേവികാട് വലിയവീട് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്നാണ് നാല് ഗ്രാം തൂക്കം വരുന്ന പതക്കം മോഷണം പോയത്.
കേസിൽ മുൻ ശാന്തിക്കാരൻ ഒ.വി. വിഷ്ണു (36) ആണ് പിടിയിലായത്. പകരം ശാന്തിക്കാരനായി ഇയാൾ ക്ഷേത്രത്തിൽ മുമ്പ് ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒന്നിന് പുലർച്ചെ നടന്ന മോഷണം, രാവിലെ ശാന്തിക്കാരൻ ക്ഷേത്രം തുറന്നപ്പോഴാണ് അറിയുന്നത്.
ക്ഷേത്രപരിസരത്തുനിന്ന് ലഭിച്ച മൊബൈൽ ഫോണും തോർത്തും കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മ പോലീസ് സ്റ്റേഷന് സമീപത്തെ വീട്ടിൽനിന്ന് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : Crime Police Investigation CaseFile FIR Haripad