പ്രതീകാത്മക ചിത്രം
മണ്ണാർക്കാട്: മുപ്പതാമത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് നെല്ലിപ്പുഴ ഡിഎച്ച്എസ്എസിൽ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. വി.കെ. ശ്രീകണ്ഠൻ എംപി അധ്യക്ഷത വഹിക്കും.
ശാസ്ത്രോത്സവ വിളംബര ഘോഷയാത്ര ഉച്ചകഴിഞ്ഞ് മൂന്നിന് ജിഎംയുപി സ്കൂൾ പരിസരത്തുനിന്ന് ആരംഭിക്കും.
നാളെ മുതൽ വിവിധ വേദികളിൽ മത്സരങ്ങൾ നടക്കും. പ്രവൃത്തി പരിചയ മേള ഡിഎച്ച്എസ്എസിലും ഗണിത ശാസ്ത്രമേള കല്ലടി ഹയർ സെക്കൻഡറി സ്കൂളിലും നടക്കും. ശാസ്ത്രമേള, ഐടി മേള, യൂത്ത് ഇന്നവേറ്റീവ് പ്രോഗ്രാം എന്നിവ എംഇഎസ് എച്ച്എസ്എസിലും സ്കിൽ ഫെസ്റ്റ് മത്സരങ്ങൾ ജിഎംയുപി സ്കൂളിലും സ്കിൽ ഫെസ്റ്റ് പ്രദർശനം, കരിയർ ഫെസ്റ്റ് എന്റർടെയ്ൻമെന്റ് പ്രോഗ്രാം എന്നിവ മിനി മുബാസ് ഗ്രൗണ്ടിലും നടക്കും. ഭക്ഷണശാല യൂണിറ്റി എയുപി സ്കൂളിലാണ് സജ്ജമാക്കിയിരിക്കുന്നത്.
രാവിലത്തെയും രാത്രിയിലെയും ഭക്ഷണം ഭക്ഷണശാലയിലും ഉച്ചയ്ക്ക് മത്സരാർഥികൾക്ക് അതത് വേദികൾക്കടുത്ത് സജ്ജീകരിച്ച ഇടങ്ങളിലും ഭക്ഷണം വിതരണംചെയ്യും. ഏഴായിരം മത്സരാർഥികൾ ഉൾപ്പടെ പന്ത്രണ്ടായിരത്തിലേറെ പേർക്ക് ഭക്ഷണമൊരുക്കും.
യാത്രാ സൗകര്യങ്ങൾക്കായി സ്കൂൾ ബസുകൾ ഉപയോഗപ്പെടുത്തിയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
Tags : Begins Minister N. Shamsudheen Nellippuzha DHSC Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash