വിശ്വാസം നഷ്ടപ്പെട്ടാല്‍ പ്രതീക്ഷപോലും ഇല്ലാതാകും. വിശ്വാസം, അതല്ലേ എല്ലാം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ഏറ്റവും വിശ്വസനീയമായ ഭരണഘടനാ സ്ഥാപനങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യയുടെ തെരഞ്ഞെടുപ്പു കമ്മീഷന്. വ്യാജവോട്ടുകളും ഡ്യൂപ്ലിക്കേറ്റ് വോട്ടുകളും തിരിച്ചറിയാനാകാത്ത ഫോട്ടോകളും വ്യാജ വിലാസങ്ങളും മുതല്‍ ചില വിഭാഗം വോട്ടര്‍മാരെ നീക്കുന്നതും ചില വോട്ടുകള്‍ പ്രത്യേകമായി കൂട്ടിച്ചേര്‍ക്കുന്നതും അടക്കമുള്ള വോട്ടര്‍പട്ടികയിലെ വ്യാപക ക്രമക്കേടുകള്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത വലിയ പരീക്ഷണത്തിലാക്കി.
വോട്ടുകൊള്ളയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിച്ചതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ ആരോപിച്ചു. ഇതിലൊരു സംശയവുമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ആസൂത്രിതവും കേന്ദ്രീകൃതവുമായാണ് ബിജെപി തെരഞ്ഞെടുപ്പു കൃത്രിമം നടത്തുന്നത്. ഇതിന്റെ രീതി തുറന്നുകാട്ടുന്നതിന് വിപുലമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകള്‍ മോഷ്ടിക്കുന്നതിനെക്കുറിച്ചുള്ള തെളിവുകള്‍ പുറത്തുവിടുന്ന പ്രക്രിയ തുടരുമെന്നും രാഹുല്‍ പറഞ്ഞു. ഹരിയാനയിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന പത്രസമ്മേളനം നടത്തി രണ്ടാം ദിവസമാണ് പ്രതിപക്ഷ നേതാവ് ആരോപണം കടുപ്പിച്ചത്.
പ്രധാനമന്ത്രിയും കരിനിഴലില്‍
തെരഞ്ഞെടുപ്പു കൊള്ളയിലൂടെയാണ് (‘ചുനാവ് ചോരി’) നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്ന രാഹുലിന്റെ പുതിയ ആരോപണം അതീവ ഗുരുതരമാണ്. ഗുജറാത്തിലും വോട്ടുകൊള്ള നടന്നു. ആദ്യഘട്ടം വോട്ടെടുപ്പു കഴിഞ്ഞ ബിഹാറിലും വോട്ടുതട്ടിപ്പുണ്ട്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വോട്ടുകൊള്ള നടന്നു. രാജ്യത്തു പലയിടത്തും ഇതാവര്‍ത്തിക്കുന്നുണ്ട്. ബിജെപി തെരഞ്ഞെടുപ്പുകൊള്ളയില് മുഴുകിയിരിക്കുന്നു. പ്രധാനമന്ത്രി മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും തെരഞ്ഞെടുപ്പു കമ്മീഷന് ഒത്തുകളിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു.
ഹരിയാനയിലെ ജനവിധി അപ്പാടെ അട്ടിമറിച്ച 25 ലക്ഷം വോട്ടുകളുടെ തട്ടിപ്പിന്റെ വിശദാംശങ്ങളാണ് ‘വോട്ടു ചോരി’ പരമ്പരയിലെ മൂന്നാമതു പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ കൂടിയായ രാഹുല്‍ പുറത്തുവിട്ടത്. വോട്ടുതട്ടിപ്പിനായി തെരഞ്ഞെടുപ്പു കമ്മീഷന്റെ ഒത്താശയോടെ അഞ്ചു രീതികള്‍ ബിജെപി ഉപയോഗിച്ചു എന്നാണ് ആരോപണം. ധാരാളം തെളിവുകളുണ്ട്. ഇന്ത്യയിലെ പുതുതലമുറയ്ക്കും (ജെന്‍ സെഡ്) യുവാക്കള്‍ക്കും വ്യക്തമായ തെളിവുകള്‍ കാണിച്ചുകൊടുക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാഗ്ദാനം.
ശരിതെറ്റുകള്‍ കണ്ടെത്തണം
രാഹുല്‍ പറഞ്ഞതു ശരിയാകാം, തെറ്റാകാം. നിഷ്പക്ഷമായ അന്വേഷണത്തിലാണു സത്യം കണ്ടെത്തേണ്ടത്. തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ് രാഹുലിന്റെ ആരോപണം. രാജ്യമൊട്ടാകെ ലൈവ് ആയി നടത്തിയ പത്രസമ്മേളനത്തിലെ ആരോപണങ്ങള്‍ വസ്തുതാപരമായ തെളിവുകളോടെ വിശദീകരിക്കാന്‍ ഭരണഘടനാ സ്ഥാപനത്തിനു കഴിയണം. രാഹുല്‍ സാധാരണക്കാരനല്ല, രാജ്യത്തിന്റെ പ്രതിപക്ഷ നേതാവാണ്. പ്രധാനമന്ത്രി കഴിഞ്ഞാല്‍ ജനാധിപത്യത്തില്‍ ഏറ്റവും സുപ്രധാന ഭരണഘടനാപദവി. പക്ഷേ, തെളിവുകള്‍ സഹിതം രാഹുല്‍ ഉന്നയിച്ച വന്‍ ആരോപണത്തെക്കുറിച്ച് അന്വേഷണത്തിനുപോലും തെരഞ്ഞെടുപ്പു കമ്മീഷന് തയാറായിട്ടില്ല. എന്തോ മറയ്ക്കാനുള്ളതുകൊണ്ടാണിതെന്നു സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ പേരെടുത്താണ് രാഹുൽ വിമര്‍ശിച്ചിരിക്കുന്നത്. ആരോപണം തെറ്റാണെങ്കില്‍ രാഹുലിനെതിരേ കേസെടുക്കണം. ഗുരുതരമായ കുറ്റമെങ്കില്‍ അദ്ദേഹത്തെ തെരഞ്ഞെടുപ്പു കമ്മീഷന് അയോഗ്യനാക്കാം. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനും കമ്മീഷനു കഴിയും.
സംശയനിഴലില്‍ നടപടികള്‍
പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്നിവര്‍ ചേര്‍ന്നാണു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷണറെ തെരഞ്ഞെടുത്തിരുന്നത്. ചീഫ് ജസ്റ്റീസിനെ മാറ്റി പകരം പ്രധാനമന്ത്രിയും അദ്ദേഹം നിയോഗിക്കുന്ന മന്ത്രിയും തീരുമാനിക്കുന്നതിനായി മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നിയമഭേദഗതി പാസാക്കി. മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെയും രണ്ടു സഹ കമ്മീഷണര്‍മാരെയും ഫലത്തില്‍ മോദിയും അമിത് ഷായുമാണു നിയമിച്ചത്. പേരിനുള്ള നിഷ്പക്ഷതപോലും ഇതോടെ നഷ്ടമായി. വോട്ടുകൊള്ളയെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണം ഒരുവിഭാഗം ജനമെങ്കിലും വിശ്വസിക്കാന്‍ ഇതു ധാരാളം.
പോളിംഗ് ബൂത്തുകളിലെ നിര്‍ണായക സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ, ഫോട്ടോ തെളിവുകള്‍ 45 ദിവസം കഴിഞ്ഞു നശിപ്പിക്കാനായി പ്രത്യേക ഉത്തരവുകൂടി ഇറക്കിയതോടെ തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി കൂടുതല്‍ സംശയമുനയിലായി. ഹൈക്കോടതികളില്‍ 45 ദിവസത്തിനകം തെരഞ്ഞെടുപ്പു ഹര്‍ജി നല്‍കാത്ത എല്ലാ മണ്ഡലങ്ങളിലെയും ദൃശ്യ തെളിവുകള്‍ നശിപ്പിക്കാനുള്ള തീരുമാനം ദുരൂഹവും കള്ളം മറയ്ക്കാനുമാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.
ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരെ വേഗത്തില്‍ കണ്ടെത്താന്‍ കമ്മീഷന് ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യ 2022 മുതല്‍ ഉപേക്ഷിച്ചത് എന്തിനാണെന്ന ചോദ്യത്തിനും വിശ്വാസയോഗ്യമായ മറുപടിയില്ല. ബിജെപി 50 കൊല്ലം ഭരിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയും സംശയകരമാണ്. അജയ്യരെന്നു കരുതിയ കോണ്‍ഗ്രസിനെയും ഇന്ദിരാ ഗാന്ധിയെയും താഴെയിറക്കിയവരാണ് ഇന്ത്യന്‍ ജനതയെന്നതു വിസ്മരിക്കാതിരിക്കട്ടെ.
ഒന്നും രണ്ടുമല്ല, കള്ളവോട്ടുകള്‍
വ്യാപകമായി ഡ്യൂപ്ലിക്കേറ്റുകള്‍, ബള്‍ക്ക് വോട്ടുകള്‍, വീടുള്ളവര്‍ക്കു പോലും വീട്ടുനമ്പരായി പൂജ്യം നല്‍കുന്നത് അടക്കമുള്ള തെറ്റായ വിവരങ്ങളും വിലാസങ്ങളുമുള്ള വോട്ടുകള്‍, വ്യാജ ഫോട്ടോകള്‍, തിരിച്ചറിയാനാകാത്ത വിളറിയ ഫോട്ടോകള്‍ എന്നിവ വോട്ടുതട്ടിപ്പിന്റെ രീതികളാണ്. പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള ഫോം ആറിന്റെയും വോട്ടര്‍പട്ടികയില്‍നിന്നു നീക്കുന്നതിനുള്ള ഫോം ഏഴിന്റെയും വലിയ ദുരുപയോഗവും വോട്ടുകൊള്ളയുടെ മാര്‍ഗമാണെന്ന് രാഹുല്‍ വിശദീകരിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 ലക്ഷത്തിലധികം (19,26,351) ബള്‍ക്ക് വോട്ടുകള്‍; 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടുകള്‍; 93,174 തെറ്റായ വിലാസങ്ങള്‍; വ്യാജ ഫോട്ടോകളും തിരിച്ചറിയാനാകാത്ത ഫോട്ടോകളുമുള്ള 1,24,177 വോട്ടുകള്‍ എന്നിവയടക്കം ജനവിധി അട്ടിമറിച്ച കള്ളവോട്ടുകളുടെ തെളിവുകളാണു രാഹുല്‍ പുറത്തുവിട്ടത്. ഒറ്റപ്പെട്ട ഏതാനും കേസുകളല്ല, 25 ലക്ഷം വോട്ടുകളുടെ ക്രമക്കേടാണ് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയത്. പത്രസമ്മേളനത്തില്‍ പങ്കെടുത്ത ബിജെപി അനുകൂല മാധ്യമപ്രവര്‍ത്തകരും ലേഖകനും അടക്കം എല്ലാവര്ക്കും അതു വിശ്വസനീയമായി തോന്നിയതില്‍ രാഷ്ട്രീയ ചായ്വുകളില്ലായിരുന്നു.
ഗോപാലകൃഷ്ണന്റെ വീരവാദം
പതിവുപോലെ കമ്മീഷനെ ന്യായീകരിക്കാന്‍ ബിജെപിക്കാരും ബിജെപി അനുകൂല മാധ്യമങ്ങളും രംഗത്തെത്തി. ബ്രസീലുകാരിയുടെ ഫോട്ടോയുള്ള രണ്ടു വനിതാ വോട്ടര്‍മാരെ ചില മാധ്യമങ്ങള്‍ കാണിച്ചു. രാഹുല്‍ കാണിച്ച ഫോട്ടോയിലെ യുവതി ബ്രസീലുകാരിയല്ലെന്ന വ്യാജ പ്രചാരണം ബിജെപിക്കാരും ചില പ്രമുഖ മാധ്യമങ്ങളും നടത്തിയിരുന്നു. വീഡിയോ സന്ദേശവുമായി ബ്രസീലുകാരിതന്നെ രംഗത്തെത്തിയതോടെയാണ് ഇവര്‍ ആ വാദം വിഴുങ്ങിയത്. രാഹുല്‍ പ്രദര്‍ശിപ്പിച്ച ഗോപാലകൃഷ്ണന്റെ വീഡിയോ വ്യാജമാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജുജു പറഞ്ഞതു ഞെട്ടിച്ചു. ആ വീഡിയോ ഒറിജിനലാണെന്ന് കേരളത്തിലെ മാധ്യമങ്ങള്‍ തെളിയിച്ചതോടെ ആ കള്ളം പൊളിഞ്ഞു.
കള്ളവോട്ടിനായി വോട്ടര്‍പട്ടിക
"ഒരാള്‍ക്ക് ഒരു വോട്ട്' എന്ന ഭരണഘടനയിലെ അടിസ്ഥാന തത്വം പാലിക്കേണ്ട കമ്മീഷന് ഇതേക്കുറിച്ചു വിശദീകരണം പോലുമില്ല. ഹരിയാനയില്‍ ഒരാള്‍ക്ക് ഒന്നിലേറെ വോട്ടുകള്‍ ഉണ്ടായിരുന്നുവെന്നതു നിഷേധിക്കാനാകില്ല. വിദേശിയുടെ ഫോട്ടോ വരെ 22 തവണ വോട്ടര്‍പട്ടികയില്‍ ചേര്‍ത്ത തെരഞ്ഞെടുപ്പു കമ്മീഷനാണു കൂടുതല്‍ വെട്ടിലായത്. ഇന്ത്യയില്‍ ഒരാള്‍ക്കെങ്കിലും ബ്രസീലുകാരിയുടെ ഫോട്ടോ ഉപയോഗിച്ച് എങ്ങനെ വോട്ട് ചെയ്യാന്‍ കഴിഞ്ഞുവെന്നതിനു കമ്മീഷന് ഉത്തരം പറയണം.
പത്തു കള്ളവോട്ടുകള്ക്കെങ്കിലും ബ്രസീലിയന്‍ യുവതിയുടെ ഫോട്ടോ ഉപയോഗിച്ചിരിക്കാമെന്നതു തള്ളാനാകില്ല. കേരളത്തിലാണെങ്കില്‍, വോട്ടര്‍പട്ടികയില്‍ മറ്റൊരാളുടെ ഫോട്ടോയാണെങ്കില്‍ വോട്ട് ചെയ്യുന്നതിനെ പോളിംഗ് ഉദ്യോഗസ്ഥരും ഏജന്റുമാരും അപ്പോള്‍തന്നെ എതിര്‍ക്കുമായിരുന്നു. വോട്ടര്‍പട്ടിക പരിശോധനയും ബൂത്തുകളില്‍ സജീവ ഏജന്റുമാരും കേരളത്തിലേതുപോലെ ഉത്തരേന്ത്യയില്‍ ഇല്ലെന്നതു വിസ്മരിക്കരുത്.
പറഞ്ഞതു മുഴുവന്‍ കള്ളമാകില്ല
ഒരു കള്ളവോട്ടെങ്കിലും ഉണ്ടെങ്കില്‍ അന്വേഷണം നടത്താനും നടപടിയെടുക്കാനും തിരുത്താനും തെരഞ്ഞെടുപ്പു കമ്മീഷനു ബാധ്യതയുണ്ട്. ഹൈഡ്രജന്‍ ബോംബ് അല്ലെങ്കില്‍ ഹരിയാന ബോംബ് എന്നു പറയാവുന്ന ‘എച്ച്-ഫയല്‍സ്' ഉയര്‍ത്തിയ മൊത്തത്തിലുള്ള വോട്ടുകൊള്ളയെക്കുറിച്ചു രാഹുല്‍ പറഞ്ഞതു മുഴുവന്‍ കള്ളമല്ലെന്നു തീര്‍ച്ച. താന്‍ ഉന്നയിച്ച "വോട്ട് ചോരി' നൂറു ശതമാനവും സത്യമായ വസ്തുതകളാണെന്ന് പ്രതിപക്ഷ നേതാവു പറഞ്ഞതു പൂര്‍ണമായി അവിശ്വസിക്കേണ്ട കാര്യം കമ്മീഷനില്ല.
തെരഞ്ഞെടുപ്പുകളുടെ നിഷ്പക്ഷതയും സുതാര്യതയും ഉറപ്പു വരുത്താനും ജനങ്ങളെ ബോധ്യപ്പെടുത്താനും കമ്മീഷനു ബാധ്യതയുണ്ട്. വലിയ ക്രമക്കേടുകളുടെ ആരോപണം അന്വേഷിച്ചു വസ്തുതകള്‍ രാജ്യത്തെ ബോധ്യപ്പെടുത്താനാകണം കമ്മീഷന് ശ്രമിക്കേണ്ടത്. പരാതിയില്ലെങ്കിലും അന്വേഷിക്കാന്‍ തടസമില്ല. എന്നാല്‍, താന്‍ നിരത്തിയ വസ്തുതകളെക്കുറിച്ചു തെരഞ്ഞെടുപ്പു കമ്മീഷന് മറുപടി പറയുകയോ അന്വേഷണം പ്രഖ്യാപിക്കുകയോ ചെയ്യുന്നില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തുന്നു. പൊതുനിഷേധവും മറുചോദ്യങ്ങളും അല്ലാതെ, വിശ്വാസയോഗ്യമായ വിശദീകരണമാണു കമ്മീഷന് നല്‍കേണ്ടതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആവശ്യപ്പെടുന്നു.
വരട്ടെ, ബയോമെട്രിക് വോട്ടിംഗ്
ബയോമെട്രിക് തിരിച്ചറിയല്‍ എല്ലാ വോട്ടര്‍മാര്‍ക്കും ഏര്‍പ്പെടുത്തുകയാണ് ഒരു പരിഹാരം. പാസ്പോര്‍ട്ടിനും ആധാര്‍ കാര്‍ഡിനും വിമാനത്താവളങ്ങളിലെ ഡിജി യാത്രയ്ക്കും മറ്റും ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കിയ സര്‍ക്കാരിന്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിനും ബയോമെട്രിക് ഉറപ്പാക്കാന്‍ തടസമില്ല. വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയില്‍ സംശയങ്ങളുള്ളതിനാല്‍ കടലാസ് ബാലറ്റിലേക്കു മടങ്ങുകയെന്നതു ചര്‍ച്ച ചെയ്യട്ടെ. അതുവരെ വോട്ടെടുപ്പു കഴിഞ്ഞെങ്കിലും വിവിപാറ്റ് സ്ലിപ്പുകള്‍ മുഴുവന്‍ എണ്ണേണ്ടതുണ്ട്. തെരഞ്ഞെടുപ്പിലെ പണാധിപത്യം, വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള സൗജന്യങ്ങള്‍, പെരുമാറ്റച്ചട്ട ലംഘനങ്ങളിലെ പക്ഷപാതിത്വം തുടങ്ങി ഒട്ടനവധി കാര്യങ്ങളിലും പരിഷ്കരണവും തിരുത്തലുകളും ആവശ്യമാണ്.
തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനും കോടതികള്‍ക്കും സര്‍ക്കാരിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധ്യതയുണ്ട്. കള്ളവോട്ടുകള്‍ പൂര്‍ണമായി തടയണം. നിഷ്പക്ഷവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ നിലനില്‍പ്പിനുപോലും പ്രധാനമാണ്. ഭരണഘടന അനുശാസിക്കുന്ന സ്വതന്ത്ര തെരഞ്ഞെടുപ്പുകളുടെയും തെരഞ്ഞെടുപ്പു കമ്മീഷന്റെയും വിശ്വാസ്യത നഷ്ടമായാല്‍ ഇന്ത്യ തകരും. വെല്ലുവിളികളെ അതിജീവിക്കാനും തിരുത്തലുകള്‍ വരുത്താനും രാജ്യത്തിനും ജനങ്ങള്‍ക്കും കരുത്തുണ്ടാകട്ടെ.
Tags : Faith Vote Ballet poling Prime Minister Rahul Gandhi