നായ ഇറച്ചി കയറ്റുമതിക്ക് സാധ്യത തേടണം
Thursday, July 17, 2025 11:57 PM IST
തെരുവുനായ്ക്കളുടെ പ്രശ്നം വർഷങ്ങളായി കേരളം ചർച്ച ചെയ്തിട്ടും നാട്ടുകാർക്ക് ഒരു പ്രയോജനവും ഉണ്ടായില്ല. നിയമങ്ങൾ ഇഴകീറി പരിശോധിക്കുന്ന ജഡ്ജിമാരും അധികാരികളും കാറിൽ സഞ്ചരിക്കുന്നത് കൊണ്ടാണോ ഈ പ്രശ്നം അവർ അഭിമുഖീകരിക്കാത്തത് എന്നറിയില്ല.
ആനപ്പുറത്ത് ഇരിക്കുന്നവരെ നായ കടിക്കില്ല എന്ന യാഥാർഥ്യം നമുക്ക് അറിയാമെങ്കിലും അങ്ങനെ ആ പ്രശ്നത്തെ ചെറുതാക്കി കാണാൻ ആവില്ലല്ലോ! എന്തുകൊണ്ടാണു മറ്റു സംസ്ഥാനങ്ങളിൽ തെരുവുനായ നിയമപ്രശ്നം ആകാത്തതും തെരുവുനായ്ക്കൾ അവിടെ പ്രശ്നമാകാത്തതും എന്ന് ആരെങ്കിലും ആലോചിക്കാറുണ്ടോ? പ്രബുദ്ധത കൂടിപ്പോയതും മറ്റുള്ളവർക്ക് ഏതുകാര്യത്തിനും ‘ഒരുപണി കൊടുക്കാം’ എന്ന ദുഷിച്ച ചിന്ത മനസിൽ ഒളിപ്പിച്ച വ്യവഹാരപ്രിയർ കൂടുതലുള്ള നാടായി കേരളം എന്നതുമാകാം കാരണം.
പൊതുജനത്തിന്റെ ന്യായമായ വികാരത്തിനെതിരേ നിൽക്കുന്നവരെ നിലയ്ക്കു നിർത്താൻ രാഷ്ട്രീയ, ജാതി, മതഭേദമന്യേ എല്ലാവരും ഒന്നിക്കുന്ന സംസ്ഥാനങ്ങളാണ് മറ്റുള്ളവ എന്നതാണു സത്യം. നായ്ക്കളെ ഇല്ലായ്മ ചെയ്യാൻ എടുക്കുന്ന ഏതു നടപടിയേയും പിന്തുണയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾ പ്രമേയം പാസാക്കുമ്പോൾ എതിർക്കുന്നവർ തങ്ങളുടെ ചെലവിൽ തെരുവുനായ്ക്കളെ പരിപാലിക്കാനുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കണം.
നായ ഇറച്ചി കഴിക്കുന്ന രാജ്യങ്ങളിലേക്ക് അതു കയറ്റി അയച്ച് വിദേശനാണ്യം സമ്പാദിക്കാനും നിയമമുണ്ടാക്കിക്കൂടെ?
ആർ. രാധാകൃഷ്ണൻ പാലക്കാട്