ട്രോളിംഗ് നിരോധനത്തിന് ഇന്നലെ അർധരാത്രി മുതൽ പ്രാബല്യം
1566048
Tuesday, June 10, 2025 2:12 AM IST
വിഴിഞ്ഞം: കടൽ മത്സ്യങ്ങളുടെ വംശവർധനവും സുരക്ഷയും മുൻനിർത്തിയുള്ള ട്രോളിംഗ് നിരോധനത്തിന് ഇന്നലെ അർഥ രാത്രി മുതൽ പ്രാബല്യം.
ട്രോളറുകൾ ഇല്ലാത്ത വിഴിഞ്ഞം ഉൾപ്പെടെയുള്ള നീരത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന സീസണും മൺസൂൺ കാലം സാക്ഷ്യം വഹിക്കും. ജില്ലയിൽ ഏറ്റവുമധികം വള്ളങ്ങൾ കടലിൽ ഇറങ്ങുന്ന വിഴിഞ്ഞം തുറമുഖത്തു വിവിധ തീരങ്ങളിലും കന്യാകുമാരി ജില്ലയുടെ വിവിധയിടങ്ങളിൽ നിന്നുമായി സീസൺ പ്രതീക്ഷിച്ച് ആയിരങ്ങൾ വള്ളങ്ങളുമായി അണിനിരന്നു.
ഇവരുടെ സംരക്ഷണക്കായി പതിനഞ്ചോളം പിക്കറ്റ് പോസ്റ്റുകളിലായി ഇരുന്നൂറോളം പോലീസുകാരെ വിന്യസിച്ചു. മത്സ്യത്തൊഴിലാളികൾക്കായി കുടിവെള്ളം, ലൈറ്റുകൾ സ്ഥാപിക്കൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കൽ എന്നിവയും അവസാന ഘട്ടത്തിലായതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കടലിളകിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ വള്ളമിറക്കിയവർക്ക് കാര്യമായി മീൻ കിട്ടാത്തതും തിരിച്ചടിയായി. മൺസൂൺ കാലത്തെ കടലിളക്കമാണു മീൻ പിടിത്തക്കാർക്ക് ചാകര സമ്മാനിക്കുന്നത്.
എന്നാൽ ഇക്കുറികടലിന്റെ ഒഴുക്ക് പതിവിൽക്കവിഞ്ഞു വടക്കു പടിഞ്ഞാറു ദിശയിലേക്കായതും മത്സ്യ ലഭ്യത കുറയാൻ കാരണമായെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
ട്രോളിംഗ് നിരോധനം: പരിശോധനയിൽ അഞ്ച് വള്ളങ്ങൾ കസ്റ്റഡിയിൽ
വിഴിഞ്ഞം: ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ടു വിഴിഞ്ഞം ഹാർബർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അഞ്ചു വള്ളങ്ങൾ കസ്റ്റഡിയിലെടുത്തു. വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ രാജേഷിന്റെ നേതൃത്വത്തിൽ മറൈൻ എൻഫോസ്മെന്റ്, കോസ്റ്റൽ പോലീസ് എന്നിവർ ചേർന്നു നടത്തിയ സംയുക്ത പരിശോധനയിലാണ് യൂസർ ഫീ അടയ്ക്കാത്തതും രേഖകൾ കൃത്യമല്ലാത്തതുമായ വള്ളങ്ങൾ പിടിച്ചെടുത്തത്.

നോ മാൻസ് ലാൻഡ്, ഹാർബർ ഭാഗത്തെ വള്ളങ്ങളിൽ പരിശോധന നടത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു. വരുംദിവസങ്ങളിൽ പരിശോധന ശക്തമാകുമെന്നും ഉടമസ്ഥരില്ലാത്ത യാനങ്ങൾ കണ്ടുകെട്ടുമെന്നും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.