മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ പുതുതലമുറയെ പ്രാപ്തരാക്കണം: ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
1584927
Tuesday, August 19, 2025 7:55 AM IST
പന്തല്ലൂർ ഹിൽസ്: ഭാരതം കാത്തുസൂക്ഷിക്കേണ്ട മതേതര മൂല്യങ്ങൾ പുതുതലമുറയെ ഓർമപ്പെടുത്താൻ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്കു കഴിയണമെന്ന് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. നെന്മേനി വിദ്യാജ്യോതി യുപി സ്കൂളിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാതിമത ഭേദമന്യേ ഏവരും ഏകോദര സഹോദരങ്ങളെപ്പോലെ വർത്തിക്കണമെന്നും ജീവിതമൂല്യങ്ങൾ കൈവിടരുതെന്നും ബിഷപ് പറഞ്ഞു.
ചടങ്ങിൽ അഡ്വ. യു. എ. ലത്തീഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. എഇഒ പി.എസ്. ബിന്ദു വയലിൽ അക്കാദമിക് മാസ്റ്റർപ്ലാൻ പ്രകാശനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി, സ്കൂൾ മാനേജർ ഫാ. ജോസഫ് അറയ്ക്കൽ, ബിപിസി സന്തോഷ് പാറൽ, വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ സഫ്ന അനസ്, പിടിഎ പ്രസിഡന്റ് പി.ശിഹാബുദ്ദീൻ, പ്രധാനാധ്യാപിക ഷൈനി മാത്യു, മുൻ പ്രധാനാധ്യാപിക പി.ഐ. അമ്പിളി, സിസ്റ്റർ ലിൻസി, സ്കൂൾ ലീഡർ ഒ.നഷ എന്നിവർ പ്രസംഗിച്ചു. ചെണ്ടമേളവും കലാവിരുന്നും പരിപാടികൾക്കു മിഴിവേകി.