വന്യമൃഗ ശല്യം: എംഎൽഎയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം
1584931
Tuesday, August 19, 2025 7:55 AM IST
നിലമ്പൂർ: ഏറനാട് മണ്ഡലത്തിലെ വന്യമൃഗ ശല്യത്തിന് പരിഹാരം തേടി പി.കെ. ബഷീർ എംഎൽഎയുടെ അധ്യക്ഷതയിൽ എടവണ്ണയിൽ പ്രത്യേക യോഗം ചേർന്നു. കാട്ടാനശല്യം രൂക്ഷമായ സ്ഥലങ്ങളിൽ സോളാർ വൈദ്യുത വേലി നിർമിക്കാൻ ധാരണയായി. വനം, കൃഷി വകുപ്പുകളുടെ ഫണ്ടും എംഎൽഎ ഫണ്ടും ചെലവഴിച്ചായിരിക്കും സോളാർ തൂക്കുവേലികൾ നിർമിക്കുക. ഓരോ പഞ്ചായത്ത് ഭരണ സമിതികളും കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ എത്ര കിലോമീറ്റർ വൈദ്യുത വേലി നിർമിക്കണമെന്ന ആവശ്യം അറിയിക്കണം.
കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാൻ ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള അധികാരം ഗ്രാമ പഞ്ചായത്തുകൾ കാര്യക്ഷമമായി നടപ്പാക്കണമെന്നും യോഗം നിർദേശിച്ചു. ഏറനാട് മണ്ഡലത്തിലെ എടവണ്ണ, ചാലിയാർ, ഊർങ്ങാട്ടിരി, കാവനൂർ, അരീക്കോട്, കുഴിമണ്ണ, കീഴുപറമ്പ പഞ്ചായത്തുകളിലെ ജനപ്രതിനിധികളെ ഉൾപ്പെടുത്തി എടവണ്ണ പിഎസ് ഓഡിറ്റോറിയത്തിലാണ് യോഗം ചേർന്നത്.
അരീക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.റുഖിയ ഷംസു, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി.ധനേഷ്കുമാർ, നോർത്ത് എസിഎഫ് അനീഷ സിദ്ദീഖ്, നിലമ്പൂർ തഹസിൽദാർ എം.പി. സിന്ധു ഏറനാട് തഹസിൽദാർ കെ.എസ്. അഷറഫ്, എടവണ്ണ, ചാലിയാർ, ഊർങ്ങാട്ടിരി, കാവനൂർ, അരീക്കോട്, കുഴിമണ്ണ, കീഴുപറമ്പ എന്നീ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, മെമ്പർമാർ, അരീക്കോട്, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, കൃഷി വകുപ്പ് ഓഫീസർമാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.