സാനിറ്ററി മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്ന പദ്ധതിക്ക് അങ്ങാടിപ്പുറം പഞ്ചായത്തിൽ തുടക്കം
1584929
Tuesday, August 19, 2025 7:55 AM IST
അങ്ങാടിപ്പുറം: പഞ്ചായത്തിൽ സാനിറ്ററി മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്ന പദ്ധതിക്ക് തുടക്കമായി. സാനിറ്ററി മാലിന്യങ്ങൾ ശേഖരിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ ആക്രി ആപ്പുമായി സഹകരിച്ചാണ് പഞ്ചായത്ത് മാലിന്യം ശേഖരിക്കുന്നത്. ആപ്പിലൂടെ രജിസ്റ്റർ ചെയ്യുന്ന വീടുകളിൽ നിന്നും ഏജൻസി നേരിട്ട് എത്തി ആഴ്ചയിൽ ഒരു ദിവസം മാലിന്യം ശേഖരിക്കും.
കിലോയ്ക്ക് 50 രൂപയും 12 ശതമാനം ജിഎസ്ടിയും ഫീസായി നൽകണം. എല്ലാ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സാനിറ്ററി നാപ്കിൻ, ഡയപ്പർ, ഗ്ലൗസ്, യൂറിൻ ബാഗുകൾ, ഡ്രസിംഗ് കോട്ടനുകൾ, കാലഹരണപ്പെട്ട മരുന്നുകൾ എന്നിവയാണ് ശേഖരിക്കുന്നത്. പഞ്ചായത്ത് ഓഫീസിൽ പഞ്ചായത്ത് അധ്യക്ഷ സഈദ മാലിന്യം ശേഖരിക്കുന്ന വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഉപാധ്യക്ഷൻ ഷബീർ കറുമുക്കിൽ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ സെലീന, ഫൗസിയ, മെമ്പർമാരായ കെ.ടി. നാരായണൻ, ബഷീർ തൂമ്പലക്കാടൻ, പി.പി. ഷിഹാബ് , രത്നകുമാരി, വിജയകുമാരി, ഖദീജ, കോറാടൻ റംല, സെക്രട്ടറി സുഹാസ് ലാൽ,ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ സുധീഷ്, ശുചിത്വ മിഷൻ കോഓർഡിനേറ്റർ അരുൺ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ജിജി എന്നിവർ സംബന്ധിച്ചു.