നേന്ത്രക്കായ വിലയിടിവ്; കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടം
1584930
Tuesday, August 19, 2025 7:55 AM IST
കരുവാരകുണ്ട്: ഓണം മുന്നിൽകണ്ട് നേന്ത്രവാഴ കൃഷി ചെയ്തവർ വില തകർച്ചയെ തുടർന്ന് വൻ സാമ്പത്തിക നഷ്ടത്തിലേക്ക്. ഉല്പാദനം വർധിച്ചതും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള നേന്ത്രക്കായ ഇറക്കുമതിയുമാണ് കർഷകർക്ക് വിനയായത്. കഴിഞ്ഞ ഓണത്തിനു മുമ്പ് ഒരു കിലോ നേന്ത്രക്കായക്ക് 60 മുതൽ 65 രൂപ വരെ വില ലഭിച്ചിരുന്നു.
എന്നാൽ ഇന്ന് അതേ സ്ഥാനത്ത് മുന്തിയ ഇനം നേന്ത്രക്കായ ഒരു കിലോയ്ക്ക് 25 രൂപ പ്രകാരമാണ് കർഷകരിൽ നിന്നും വ്യാപാരികൾ ശേഖരിക്കുന്നത്. ചില ദിവസങ്ങളിൽ ഈ വിലയ്ക്കും വാങ്ങാൻ വ്യാപാരികൾ തയാറാകുന്നില്ല.
അമിതകൂലി നൽകി നഷ്ടം സഹിച്ച് പ്രതികൂല കാലാവസ്ഥയെ തരണം ചെയ്ത് വാഴകൃഷി നടത്തി വിളവെടുപ്പ് തുടങ്ങിയപ്പോൾ നേന്ത്രക്കായക്ക് ഉല്പാദന ചെലവുപോലും ലഭിക്കാത്ത സാഹചര്യമായതോടെ കർഷകർ വൻ സാമ്പത്തിക പ്രതിസന്ധിയിലായി.ഇതേത്തുടർന്ന് കൃഷിവകുപ്പ് കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യമാണ് കർഷകർ മുന്നോട്ടു വയ്ക്കുന്നത്.
പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് വാഴ കൃഷി നടത്തുകയും അതിന്റെ വിളവെടുപ്പ് തുടങ്ങിയപ്പോൾ തന്നെ മാന്യമായ വിലയ്ക്ക് ഉല്പന്നം വിറ്റഴിക്കാൻ കർഷകർക്കാകുന്നില്ല. നേന്ത്രക്കായ വാങ്ങാൻ ആളില്ലാതായതിനെ തുടർന്ന് നേന്ത്രക്കുലകൾ മലയോര ഗ്രാമങ്ങളിലെ റോഡരികിൽ കൂട്ടിയിട്ട് തുച്ഛമായ വിലയ്ക്ക് പൊതുജനങ്ങൾക്ക് വില്പന നടത്തുന്നവരെയും കാണാം. അതേ സമയം കർഷകരിൽ നിന്നും 25 രൂപയ്ക്ക് വാങ്ങുന്ന ഒരു കിലോ നേന്ത്രപ്പഴത്തിന് 50 രൂപയ്ക്കും മുകളിലാണ് വ്യാപാരികൾ വില്ക്കുന്നത്. കാലവർഷത്തിൽ അനുഭവപ്പെട്ട കാറ്റിലും മഴയിലും വൻതോതിൽ നേന്ത്രവാഴ കൃഷി നശിച്ചിരുന്നു.
ഓണനാളുകളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്തേക്കുള്ള നേന്ത്രക്കായയുടെ വരവ് തുടങ്ങിയാൽ നിലവിൽ ഇന്ന് കിട്ടുന്ന വില പോലും ലഭിക്കില്ലന്നും കർഷകർ ഭയക്കുന്നു. കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത്, കുരങ്ങുകൾ ഉൾപ്പെടെയുള്ള വന്യജീവികൾ കൃഷിക്കാർക്ക് ഇന്ന് പേടി സ്വപ്നമാണ്. വാഴ തോട്ടത്തിനു ചുറ്റും താല്ക്കാലിക സൗരോർജ വേലി നിർമിച്ചാലും കാട്ടാനകൾ നിമിഷ നേരം കൊണ്ട് നാശം വരുത്തുമെന്നും കർഷകർ പറയുന്നു. പാട്ടത്തിന് സ്ഥലമെടുത്ത് വാഴകൃഷി നടത്തുന്നവരാണ് ഭൂരിപക്ഷവും.
മാണി താഴത്തേൽ