ഓരോ വ്യക്തിയും ജല അംബാസിഡര്‍മാരായി മാറണം: മന്ത്രി റോഷി അഗസ്റ്റിന്
1280356
Thursday, March 23, 2023 11:40 PM IST
കോഴിക്കോട്: ജലസംരക്ഷണം വീടുകളില്‍ നിന്ന് ആരംഭിക്കണമെന്നും ജനങ്ങൾ ഓരോരുത്തരും ജല അംബാസിഡര്‍മാരായി മാറണമെന്നും മന്ത്രി റോഷി അഗസ്റ്റിന്.
ജില്ലാ ജല ശുചിത്വമിഷനും ജല്‍ജീവൻമിഷന്‍ പദ്ധതി നിര്‍വഹണ സഹായ ഏജന്‍സികളും സംയുക്തമായി സംഘടിപ്പിച്ച ജലദിനാചരണം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജലത്തിന്റെ ലഭ്യത വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. ഇന്ന് സുലഭമായി ലഭിക്കുന്ന ജലം നാളെ കിട്ടുമെന്നതില്‍ ഉറപ്പില്ല. ജലത്തിനായി പരക്കം പായുന്ന ഒരു ജനത ഭാവിയില്‍ ഉണ്ടാവാതിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതിനായി ഇപ്പോഴേ നാം മുന്‍കരുതല്‍ എടുക്കണം.
ഓരോ വ്യക്തികളും ജലസംരക്ഷണത്തിന്റെ സന്ദേശവാഹകരായി മാറണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ ജലദിന സന്ദേശം നല്കി. നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് സെക്രട്ടറി പി. ശാരുതി മുഖ്യാതിഥിയായി.