കെട്ടിട നിര്‍മാണം പാതിവഴിയില്‍ : അത്യോടി ആയുര്‍വേദ ഡിസ്പെന്‍സറിക്ക് വേണം അടിയന്തര ചികിത്സ
1574287
Wednesday, July 9, 2025 5:19 AM IST
ജോണ്സണ് പൂകമല
കൂരാച്ചുണ്ട്: മലയോര ഗ്രാമമായ കൂരാച്ചുണ്ടിലെ നൂറുകണക്കിനു കുടുംബങ്ങള്‍ ആശ്രയിക്കുന്ന അത്യോടി സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറിയ്ക്കായി നിര്‍മാണമാരംഭിച്ച കെട്ടിടം പൂര്‍ത്തീകരിക്കാത്തതിനാല്‍ രോഗികളും ജീവനക്കാരും ദുരിതത്തില്‍. കിടത്തി ചികിത്സാ ആവശ്യങ്ങള്‍ക്കായി രണ്ടുവര്‍ഷം മുമ്പാണ് കെട്ടിട നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്.
ഭിത്തി കെട്ടി മേല്‍ക്കൂര വാര്‍ത്തതല്ലാതെ കിടത്തിചികിത്സ ആരംഭിക്കാനുള്ള യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. 2020 -21ല്‍ പുരുഷന് കടലുണ്ടി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ചാണ് ഇരുപത് ബെഡുകളുള്ള കെട്ടിട നിര്‍മാണം ആരംഭിച്ചത്. വയറിംഗ്, പ്ലംബിംഗ് തുടങ്ങിയ പ്രവൃത്തികളാണിനി പൂര്‍ത്തീകരിക്കാനുള്ളത്.
കിടത്തി ചികിത്സ തുടങ്ങണമെങ്കില്‍ ഇവിടെ എട്ട് ജീവനക്കാരെയെങ്കിലും നിയമിക്കണം. നിലവില്‍ ഡിസ്പെന്സറിയില് ആറ് ജീവനക്കാരാണുള്ളത്. ദിനംപ്രതി നൂറോളം പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. വിവിധ ആദിവാസി ഉന്നതികളിലുള്ള നിരവധി കുടുംബങ്ങളും ചികിത്സക്കായി ഇവിടെ എത്തുന്നുണ്ടെങ്കിലും വിദഗ്ധ ചികിത്സകള്‍ക്കായി കിലോമീറ്ററുകള്‍ യാത്ര ചെയ്ത് മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു.
പഞ്ചായത്ത് വിട്ടുനല്‍കിയ 27 സെന്റ് ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന അത്യോടി സര്‍ക്കാര്‍ ആയുവേദ ഡിസ്പെന്‍സറി അസൗകര്യങ്ങള്‍ മൂലം വീര്‍പ്പുമുട്ടുന്ന സാഹചര്യത്തില്‍ പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമാക്കാനായി പഞ്ചായത്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ തുടര്‍ നടപടികള്‍ വൈകുകയാണ്. ജില്ലയില്‍ തന്നെ ഏറ്റവും പഴക്കമുള്ള ആയുര്‍വേദ ഡിസ്പെന്‍സറിയാണ് കൂരാച്ചുണ്ട് പഞ്ചായത്തിലെ അത്യോടി ഗവ.ഡിസ്പെന്‍സറി.
അന്‍പത് വര്‍ഷങ്ങള്‍ പിന്നിട്ട ഡിസ്പെന്‍സറി കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൂരാച്ചുണ്ടിലെയും സമീപ പ്രദേശങ്ങളായ കോട്ടൂര്‍, കായണ്ണ, ചക്കിട്ടപാറ പ്രദേശങ്ങളിലെയും നിരവധി രോഗികള്‍ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്.