അഗസ്ത്യൻമുഴിയിലും മണാശേരിയിലും വാഹനാപകടം; മൂന്ന് പേർക്ക് പരിക്ക്
1588068
Sunday, August 31, 2025 5:19 AM IST
മുക്കം: മുക്കം നഗരസഭയിലെ മണാശേരിയിലും അഗസ്ത്യൻമുഴിയിലുമുണ്ടായ വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു. എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിൽ സെന്റ് ജോസഫ്സ് ആശുപത്രിക്ക് സമീപം ഗുഡ്സ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റുകളിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് തലക്കും കാലിനും പരിക്കേറ്റു. ഇയാളെ സെന്റ് ജോസഫ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഗുഡ്സ് ഓട്ടോറിക്ഷയുടെ മുൻവശം പൂർണമായും തകർന്നു. ഇന്നലെ വൈകീട്ട് 5:45 ഓടെയായിരുന്നു അപകടം.
മണാശേരിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ടകാർ സ്കൂട്ടറിന്റെ പുറകിൽ ഇടിച്ചാണ് അപകടം. വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. മുക്കം ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന സ്കൂട്ടറിലാണ് കാർ ഇടിച്ചത്. സ്കൂട്ടർ യാത്രക്കാരായ സ്ത്രീകൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ മുക്കം കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.