കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചു
1587847
Saturday, August 30, 2025 5:10 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആന്‍ജിയോപ്ലാസ്റ്റി അടക്കമുള്ള അടിയന്തര ശസ്ത്രക്രിയാ ചികിത്സകള്‍ പുനരാരംഭിച്ചു. ആശുപത്രിയില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ സ്റ്റോക്കില്ലാത്തതിനെത്തുടര്ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ താത്കാലിക നടപടി സ്വീകരിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
അവശ്യ ഉപകരണങ്ങളുടെ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ രണ്ടു ദിവസമായി മെഡിക്കല്‍ കോളജില്‍ ആന്‍ജിയോപ്ലാസ്റ്റി അടക്കമുള്ള അടിയന്തര ചികിത്സകള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. വിതരണ കമ്പനികള്‍ക്കു കുടിശിക നല്‍കാതായതോടെയാണ് അവര്‍ ഉപകരണ വിതരണം നിറുത്തിയത്.
ആശുപത്രിയുടെ ഫണ്ടില്‍നിന്ന് തുക ലഭ്യമാക്കി വിതരണക്കാരുടെ കുടിശ്ശികയുടെ ഒരു വിഹിതം നല്‍കാനുള്ള നടപടി ആരംഭിച്ചതോടെയാണ് ഉപകരണങ്ങള്‍ ലഭ്യമാക്കി ഇന്നലെ അടിയന്തര ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചത്. ആരോഗ്യ മന്ത്രി ഇടപെട്ട് കാരുണ്യ ബെനവലന്റ് ഫണ്ടില്‍നിന്ന് അടിയന്തരമായി ഫണ്ട് ലഭ്യമാക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
30നകം കുടിശികയുടെ ഒരു വിഹിതം നല്‍കാനാവുമെന്നാണ് പ്രതീക്ഷ. ഉപകരണ വിതരണം പുനരാരംഭിക്കുന്നതിന് ഏജന്‍സികളുമായി ചര്‍ച്ച തുടരുകയാണെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.2025 മാര്‍ച്ച് വരെയുള്ള കുടിശിക 34.90 കോടിയിലധികമായതോടെയാണ് സ്റ്റെന്റ് അടക്കമുള്ള ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം ഏജന്‍സികള്‍ നിര്‍ത്തിവച്ചത്.