ഐഒസി പ്ലാന്റിലെ ഒഴിഞ്ഞ ടാങ്കില്‍ തീപിടിത്തം
1587846
Saturday, August 30, 2025 5:10 AM IST
കോഴിക്കോട്: ഫറോക്ക് ഐഒസി പ്ലാന്റിലെ ഒഴിഞ്ഞ ഇന്ധന സംഭരണിയിലെ വെല്‍ഡിംഗ് ജോലിക്കിടെ തീപിടുത്തം. രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെയാണ് സംഭവം. ഒരു മാസത്തോളമായി കാലിയായികിടന്നിരുന്ന എഥനോള്‍ ടാങ്കിലെ അറ്റകുറ്റപ്പണിക്കിടെയാണ് ചെറിയ തോതില്‍ തീപിടിത്തമുണ്ടായത്. മീഞ്ചന്തയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തുന്നതിന് മുമ്പു തന്നെ ഐഒസി ജീവനക്കാര്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കിയിരുന്നു.
മീഞ്ചന്ത അഗ്നിരക്ഷാ യൂണിറ്റില്‍ നിന്നു എത്തിയ മൂന്ന് യൂണിറ്റുകള്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വെള്ളം ചീറ്റി സംഭരണി തണുപ്പിച്ചു. തീപിടിത്തമുണ്ടായി ഒരു മിനിട്ടിനുള്ളില്‍ അണയ്ക്കാന്‍ കഴിഞ്ഞുവെന്ന് ഐഒസി അധികൃതര്‍ അറിയിച്ചു.
രണ്ട് കരാര്‍ തൊഴിലാളികള്‍ വൈദ്യശുശ്രൂഷയിലാണ്. അവരുടെ അവസ്ഥ ഗുരുതരമല്ല. പ്ലാന്റിന്റെ പ്രവര്‍ത്തനത്തെ തീപിടിത്തം ബാധിച്ചിട്ടില്ലെന്നും ഐഒസി അറിയിച്ചു.