ഓണത്തിരക്കിലമർന്ന് ജനം : വാഹനത്തിരക്കില്‍ വീര്‍പ്പുമുട്ടി നഗരം
1588057
Sunday, August 31, 2025 5:04 AM IST
കോഴിക്കോട്: തിരുവോണം അടുത്തെത്തിനില്‍ക്കെ വാഹനത്തിരക്കില്‍ നഗരം വീര്‍പ്പുമുട്ടുന്നു. മിക്ക ജംഗ്ഷനുകളിലും ഗതാഗത കുരുക്കാണ്. കനത്ത മഴയത്ത് വെള്ളക്കെട്ട് ഉയരുന്നതും ഗതാഗത തടസത്തിനു വഴിവയ്ക്കുന്നുണ്ട്. വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടിട്ടും ഗതാഗത കുരുക്കുണ്ടാകുന്നതാണ് പോലീസ് നേരിടുന്ന പ്രതിസന്ധി.
മലാപറമ്പ് ജംഗ്ഷന്, എരഞ്ഞിപ്പാലം ജംഗഷ്ന്, കാരപ്പറമ്പ് ജംഗഷ്ന്, കരിക്കാകുളം റോഡ്, മാങ്കാവ് ബേക്കറി ജംഗ്ഷന് തുടങ്ങിയ റോഡുകളില്‍ ഉണ്ടാകുന്ന കുരുക്ക് മണിക്കൂറുകളോളം നീളുന്നതാണ്. എരഞ്ഞിപ്പാലം ജംഗ്ഷനിലൂടെ മാത്രം 1.06 ലക്ഷം വാഹനങ്ങള്‍ ഒരുദിവസം കടന്നു പോകുന്നുണ്ടെന്നാണ് കണക്ക്.
മറ്റ് പ്രധാന ജംഗ്ഷനുകളില്‍ പലതിലും എണ്‍പതിനായിരത്തിനടുത്ത് വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. കാരപ്പറമ്പ് ജംഗഷനില്‍ മിക്ക സമയത്തും നീളുന്ന വാഹന നിരയാണ്. രാത്രി എട്ടുകഴിഞ്ഞാല്‍ ഗതാഗതം നിയന്ത്രിക്കാന്‍ ഇവിടെ ആരുമില്ലാത്തിനാല്‍ വാഹനങ്ങള്‍ തോന്നുംപോലെ ഓടുകയാണ്.
എല്ലാ ജംഗ്ഷനുകളിലും രാവിലെയും രാത്രിയും രണ്ടിലേറെ ട്രാഫിക് പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നുണ്ട്. എന്നിട്ടും തിരക്ക് നിയന്ത്രിക്കാനാവാത്ത സാഹചര്യമാണ്. കുരുക്ക് മുറുകുമ്പോള്‍ മേലുദ്യോഗസ്ഥരില്‍ നിന്നുതുടങ്ങി യാത്രക്കാരില്‍ നിന്നുവരെ പഴി കേള്‍ക്കേണ്ടി വരുന്നതും ഇവരാണ്. വാഹന നിയന്ത്രണത്തിനൊപ്പം നിയമ ലംഘനങ്ങള്‍ക്കെതിരേയുള്ള നടപടികളും മറ്റു പിഴയീടാക്കലും ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസിന്റെ ഉത്തരവാദിത്വമാണ്.
ഇതു രണ്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ പാടുപെടുകയാണ് പോലീസുകാര്‍. നഗരത്തിലെ അനധികൃത പാര്‍ക്കിംഗും പ്രയാസം സൃഷ്ടിക്കുന്നു. പ്രധാന റോഡുകളുടെ വശങ്ങളില് വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. നടപ്പാതകളില്‍ പോലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന അവസ്ഥയാണ്.
മെഡിക്കല്‍ കോളജ് ഭാഗത്തേക്കുള്ള വാഹനങ്ങളും തൊണ്ടയാട് നിന്ന് നഗരത്തിലേക്ക് എത്തുന്ന വാഹനങ്ങളും കടന്നുപോകുന്ന പൊറ്റമ്മല്‍ ജംഗ്ഷനില്‍ തിരക്കൊഴിഞ്ഞ നേരമില്ല. ദേശീയപാത ബൈപാസില്‍ നിന്ന് തൊണ്ടയാട് സര്‍വീസ് റോഡിലേക്ക് എത്തുന്ന വാഹനങ്ങളും പാലാഴി ഭാഗത്തെ സര്‍വീസ് റോഡിലേക്കിറങ്ങുന്ന വാഹനങ്ങളും മാങ്കാവ് ഭാഗത്ത് നിന്ന് കുതിരവട്ടം ഭാഗം വഴിയുള്ള വാഹനങ്ങളും പൊറ്റമ്മലിലാണ് വന്നുചേരുന്നത്. പൊറ്റമ്മല്‍ ജംഗ്ഷനില്‍ നിന്ന് കുതിരവട്ടം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാതെ വന്നാല്‍ ഇവിടെ ഗതാഗതകുരുക്ക് രൂക്ഷമാണ്.
കുതിരവട്ടം റോഡിന്റെ വീതി കൂട്ടുകയാണ് പോംവഴിയെന്ന് ട്രാഫിക് പോലീസ് പറയുന്നു. സ്കൂള്‍ പൂട്ടിയതോടെ നഗരത്തിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്.ഓണം അടുക്കുന്നതോടെ തിരക്ക് ഇനിയും കൂടും.
മിക്കവരും കാറുകളിലാണ് എത്തുന്നത്.ഒരാള്‍ മാത്രമാണെങ്കില്‍ പോലും കാര്‍ കൊണ്ടുവരുന്നു. ഇരുചക്രവാഹനങ്ങളും പതിന്മടങ്ങ് കൂടിയിട്ടുണ്ട്. ഓണക്കാലവത്ത് നഗരത്തില്‍ ഗതാഗതകുരുക്ക് വര്‍ഷങ്ങളായി തുടരുന്ന പ്രതിഭാസമാണ്.
കാറുകളുടെ നീണ്ട പ്രവാഹമാണ് പലയിടത്തും പ്രശ്നമാവുന്നത്. ഒരാള്‍ മാത്രം സഞ്ചരിക്കുന്ന കാറുകള്‍ നഗരത്തിലേക്ക് കടക്കരുത് എന്ന മട്ടിലുള്ള നിര്‍ദേശങ്ങളൊക്കെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നു. ഇത്തവണ അത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ വന്നിട്ടില്ല. ഏതായാലും പോലീസ് കുഴങ്ങുന്ന വിധത്തിലാണ് ഗതാഗതകുരുക്ക് തുടരുന്നത്.