വീണ്ടും ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
1588077
Sunday, August 31, 2025 5:25 AM IST
നാദാപുരം: പുറമേരിയിൽ വീണ്ടും ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് മോഷണം. പുറമേരി കുനിങ്ങാട് വടക്കേടത്ത് പുത്തൻപുരയിൽ കുടുംബ ക്ഷേത്രത്തിലാണ് ശനിയാഴ്ച്ച മോഷണം നടന്നത്.
ക്ഷേത്രത്തിന് മുൻവശത്തെ ഭണ്ഡാരമാണ് കുത്തിത്തുറന്ന് പണം കവർന്നത്. ക്ഷേത്രത്തിന് സമീപത്തെ വീട്ടുമുറ്റത്ത് നാണയങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടതോടെ നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഭണ്ഡാരം കുത്തിത്തുറന്നത് ശ്രദ്ധയിൽ പെട്ടത്. ഇവിടെ നിന്ന് വാക്കത്തിയും, ഇരുമ്പ് പൈപ്പും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
കൂടാതെ രക്തം പുരണ്ട നിലയിൽ വസ്ത്രവും ഇവിടെ കണ്ടെത്തി. ഭണ്ഡാരം തകർക്കുന്നതിനിടെ മോഷ്ടാവിന് പരിക്കേറ്റതായാണ് സൂചന. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നാദാപുരം എസ്ഐ എം.പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ പോലീസ് ക്ഷേത്രത്തിൽ പരിശോധന നടത്തി.
കഴിഞ്ഞ ദിവസം സമീപത്തെ കുഞ്ഞല്ലൂർ നരസിംഹ മൂർത്തി ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മോഷണം നടന്നത്.