എസ്എൻഡിപി നേതാവിന്റെ വീടിന് നേരെ ആക്രമണം
1588073
Sunday, August 31, 2025 5:19 AM IST
വടകര: വടകരയിൽ എസ്എൻഡിപി നേതാവിന്റെ വീടിന് നേരെ ആക്രമണം. എസ്എന്‍ഡിപി യോഗം വടകര യൂണിയന് പ്രസിഡന്റ് എം.എം. ദാമോദരന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.
ജനല്‍ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. മകളോടൊപ്പം മലപ്പുറം താനൂരിലായിരുന്ന ദാമോദരനും ഭാര്യയും ഇന്നലെ രാത്രിയാണ് വടകര കുറുമ്പൊയിലെ മീത്തലെ മഠത്തില്‍ വീട്ടിലെത്തിയത്. ഇതിനു പിന്നാലെയാണ് അര്‍ധരാത്രിയോടെ വീട്ടിന്റെ മുന്‍ഭാഗത്തെ ജനല്‍ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തത്. ശബ്ദം കേട്ടു ഉണര്‍ന്ന വീട്ടുകാർ ആ സമയത്ത് തന്നെ സ്റ്റേഷനില്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി.
ഒന്നില്‍ കൂടുതലുള്ള അക്രമികള്‍ ചില്ലുകള്‍ തകര്‍ത്ത് കടന്നുകളഞ്ഞു. സിസിടിവി കാമറ പിഴുതെറിഞ്ഞതിനു ശേഷമായിരുന്നു മുഴുവന്‍ ജനലുകളും ഒരേ സമയം അടിച്ചു തകര്‍ത്തത്. ഒരു പരമ്പര പോലുള്ള ആക്രമണമാണ് യൂണിയന് നേതാക്കള്‍ക്ക് നേരെ വര്‍ഷങ്ങളായി നടക്കുന്നതെന്ന് യൂണിയന് നേതൃത്വം അറിയിച്ചു.