ഓണ വിപണിയില്‍ സജീവമാകാന്‍ കുടുംബശ്രീയും
1587845
Saturday, August 30, 2025 5:10 AM IST
കോഴിക്കോട്: പല നിറത്തിലുള്ള ജമന്തികള്‍ പൂത്തുനില്ക്കുന്ന പാടങ്ങള്‍. പാവലും, പടവലവും മത്തനുമൊക്കെ വിളഞ്ഞുനില്‍ക്കുന്ന കൃഷിയിടങ്ങള്‍. ഓണക്കൃഷിയില് കുടുംബശ്രീ വിതച്ചതെല്ലാം നൂറുമേനിയാണ്.
വിഷരഹിതവും ഗുണമേന്മയുള്ളതുമായ പച്ചക്കറിയും പൂക്കളും ഓണവിപണിയില്‍ എത്തിക്കാനാണ് കുടുംബശ്രീ ഗ്രൂപ്പുകള്‍ കൃഷിയിറക്കിയത്. പച്ചക്കറിക്കായി ഓണക്കനി പദ്ധതിയും പൂക്കള്‍ക്കായി നിറപൊലിമ പദ്ധതിയും നടപ്പാക്കി ഓണവിപണിയില്‍ സജീവമാകുകയാണ് കുടുംബശ്രീ.
ജില്ലയില്‍ 596 ജെ എല്‍ ജിയിലെ 2527 അംഗങ്ങളുടെ കീഴില്‍ 325 ഏക്കറില്‍ പച്ചക്കറിയും 325 ജെ എല്‍ ജിയിലെ 1374 അംഗങ്ങളുടെ കീഴില്‍ 137 ഏക്കറില്‍ പൂക്കളും കൃഷിചെയ്തിരുന്നു. മേയ് അവസാനമാണ് സംഘകൃഷി ഗ്രൂപ്പുകള്‍ കൃഷിപ്പണി തുടങ്ങിയത്. ഓഗസ്റ്റ് അവസാനത്തോടെ തന്നെ പൂക്കളും പച്ചക്കറികളും വിളവെടുപ്പിന് ഒരുങ്ങി. വെണ്ട, വഴുതന, തക്കാളി, പയര്‍, മത്തന്‍, കുമ്പളം, പടവലം, പാവയ്ക്ക, പയര്‍, മുളക്, ചീര, തുടങ്ങിയവയുടെ വിളവെടുപ്പ് തുടങ്ങി. ജൈവ പച്ചക്കറികളായതിനാല്‍ ആവശ്യക്കാര്‍ ചോദിച്ച് എത്തുന്നുണ്ട്.
ഓണക്കനി, നിറപ്പൊലിമ പദ്ധതികള്‍ ഇതിനകം തന്നെ പൊതുജനങ്ങള്‍ക്കിടയില്‍ മികച്ച രീതിയില്‍ സ്വീകാര്യത നേടിക്കഴിഞ്ഞു. കുടുംബശ്രീ സിഡിഎസിലും കടകളിലുമാണ് നിലവില്‍ വില്‍പ്പന. ഓണച്ചന്തകള്‍ ആരംഭിക്കുന്നതോടെ പച്ചക്കറികള്‍ ചന്തകളിലേക്കും നല്‍കും.
ഇടനിലക്കാരെ ആശ്രയിക്കാതെ കച്ചവടക്കാരിലേക്കു ഈ കാര്‍ഷിക ഉത്പന്നങ്ങള്‍ നേരിട്ട് എത്തിക്കുക എന്നതും ഇതിന്റെ മറ്റൊരു ലക്ഷ്യമാണ്. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലിപ്പൂക്കളാണ് കൃഷിചെയ്തത്. അതിശക്തമായ മഴയില്‍ ചിലയിടത്ത് കൃഷിനാശം സംഭവിച്ചെങ്കിലും വീണ്ടും തൈകള്‍ നട്ടിരുന്നു.
അത്യുത്പാദന ശേഷിയുള്ള ഹൈബ്രിഡ് ഇനങ്ങളുടെ വിത്തും തൈകളുമാണ് കര്‍ഷകര്‍ക്കായി കുടുംബശ്രീ നഴ്സറികള്‍ മുഖേന ലക്ഷ്യമാക്കിയത്. തുറയൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് പഞ്ചായത്തിന് സമീപം നടത്തിയ പൂക്കൃഷി കഴിഞ്ഞദിവസം വിളവെടുപ്പുത്സവം നടത്തിയിരുന്നു. അതേസമയം കാര്‍ഷിക ഉത്പന്നങ്ങളോടൊപ്പം കുടുംബശ്രീ സംരംഭങ്ങള്‍ തയാറാക്കുന്ന വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങളും ഓണവിപണിയില്‍ ലഭ്യമാക്കും.