മലബാർ ടൂറിസം മീറ്റ് സംഘടിപ്പിച്ചു
1588074
Sunday, August 31, 2025 5:19 AM IST
കോഴിക്കോട്: മലബാറിന്റെ സമഗ്ര ടൂറിസം വളർച്ച ലക്ഷ്യമാക്കി കേന്ദ്ര ടൂറിസം വകുപ്പുമായി സഹകരിച്ച് സർക്കാർ സമഗ്ര ടൂറിസം വികസന പദ്ധതി നടപ്പിലാക്കണമെന്ന് എം.കെ. രാഘവൻ എംപി പറഞ്ഞു.
മലബാർ ടൂറിസം കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്, ഡിടിപിസി എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച മലബാർ ടൂറിസം മീറ്റ് 2025 ഹോട്ടൽ ടിയാറയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികൾ എന്ന നിലക്ക് ഞാനടക്കമുള്ള പാർലിമെന്റ് അംഗങ്ങളുടെ പൂർണ പിന്തുണ ഇതിനുണ്ടാകും. മലബാറിലെ പല ക്ഷേത്രങ്ങളിലും ഉത്സവങ്ങൾക്കടക്കം വിദേശികൾ ധാരാളമായി വരുന്ന കാഴ്ചയാണിന്ന്.
പക്ഷേ നമുക്കിത് ഉപയോഗപ്പെടുത്തുവാൻ സാധിക്കുന്നില്ല. ജിസിസി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മെഡിക്കൽ ടൂറിസത്തിന് മലബാറിന് അനന്തസാധ്യതയാണുള്ളത്. പക്ഷേ ഇത് എത്രത്തോളം നമുക്ക് ഉപയോഗപ്പെടുത്തുവാൻ പറ്റുന്നുണ്ട്. ആറുമാസത്തിനുള്ളിൽ കോഴിക്കോട് എയർപോർട്ടിന്റെ റൺവേ വികസനം പൂർത്തിയാകും.
അതോടു കൂടി ഈ രംഗത്തെ യാത്രാ സൗകര്യ കുറവ് പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മലബാർ ടൂറിസം കൗൺസിൽ പ്രസിഡന്റ് സജീർ പടിക്കൽ അധ്യക്ഷത വഹിച്ചു. കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ജോസ് പ്രദീപ്, മലബാർ ചേംബർ പ്രസിഡന്റ് നിത്യാനന്ദ് കമ്മത്ത്,
മലബാർ ടൂറിസം കൗൺസിൽ സെക്രട്ടറി രജീഷ് രാഘവൻ, ഷബീർ നെക്സ്റ്റേയ്, താഹിർ ടിയാരാ, അഷറഫ് വെള്ളാങ്കൽ വളാഞ്ചേരി, അബു ജുനൈദ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. എംടിഎം 2025 എക്സലൻസ് അവാർഡുകൾ അബ്ബാസ് പുളിമൂട്ടിൽ, കെ. മോഹൻ, യാസീർ അറഫാത്ത് എന്നിവർ ഏറ്റുവാങ്ങി.