ഹൈക്കോടതി ഉത്തരവ് ലംഘിച്ചുള്ള പാറഖനനം നിർത്തണമെന്ന്
1587859
Saturday, August 30, 2025 5:26 AM IST
കുറ്റ്യാടി: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മരുതോങ്കര പാമ്പിരിയൻ പാറ ക്വാറിയിൽ നടക്കുന്ന ഖനനം നിർത്താൻ നടപടി സ്വീകരിക്കണമെന്ന് സിറ്റിസൺസ് ഫോറം ഫോർ പീസ് ആൻഡ് ജസ്റ്റിസ് യോഗം ആവശ്യപ്പെട്ടു.
പാരിസ്ഥിതികാനുമതിയുടെ കാലാവധി നീട്ടിക്കിട്ടിയ എല്ലാ ക്വാറികളുടെയും പ്രവർത്തനം നിർത്തിവെക്കണമെന്ന് ഓഗസ്റ്റ് 26 നാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. ഇത് വക വെക്കാതെയാണ് ക്വാറി ഉടമ ഖനനം തുടരുന്നത്.
ഇത് കോടതി അലക്ഷ്യമാണ്. ഉരുൾപൊട്ടൽ സാധ്യതയുള്ളതും നൂറോളം കുടുംബങ്ങൾ താമസിക്കുന്നതുമായ പ്രദേശത്തെ ഖനന പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു പ്രദേശവാസികളുടെ കർമ്മ സമിതി അധികാരികൾക്ക് നിവേദനം നൽകിയതാണ്. ഇതെല്ലാം അവഗണിക്കപ്പെടുകയാണ് ഉണ്ടായതെന്ന് യോഗം കുറ്റപ്പെടുത്തി.
ഉടൻ തന്നെ ഖനനം നിർത്തിയില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കാൻ യോഗം തീരുമാനിച്ചു. ചെയർമാൻ മൊയ്തു കണ്ണങ്കോടൻ, ജനറൽ കൺവീനർ ടി. നാരായണൻ വട്ടോളി, സി.കെ. കരുണാകരൻ, പി. അബ്ദുൾ മജീദ് എന്നിവർ പ്രസംഗിച്ചു.