ചുരം ഗതാഗതം സുഗമമാക്കാന്‍ ശാസ്ത്രീയ നടപടി സ്വീകരിക്കണം: ജില്ലാ വികസന സമിതി
1588058
Sunday, August 31, 2025 5:04 AM IST
കോഴിക്കോട്: താമരശേരി ചുരത്തിലെ മണ്ണിടിച്ചില്‍ മൂലമുള്ള അപകടം ഇല്ലാതാക്കാനുള്ള ശാസ്ത്രീയ നടപടികള്‍ സ്വീകരിക്കണമെന്ന് കോഴിക്കോട് ജില്ലാ വികസന സമിതി യോഗം. കനത്ത മഴയെത്തുടര്‍ന്നുള്ള നീരൊഴുക്കില്‍ താമരശേരി, കുറ്റ്യാടി ചുരങ്ങളില്‍ രൂപപ്പെടുന്ന മണ്ണിടിച്ചില്‍ ഉത്കണ്ഠ സൃഷ്ടിക്കുന്നതാണെന്ന് ജില്ല വികസന സമിതി വിലയിരുത്തി.
പ്രശ്ന പരിഹാരത്തിനായി ബദല്‍ പാതകളുടെ സാധ്യത പരിശോധിക്കാന്‍ ടി.പി. രാമകൃഷ്ണന് എംഎല്‍എ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ആനക്കാംപൊയില്‍- കള്ളാടി -മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള സര്‍ക്കര്‍ നടപടികളെ യോഗം അഭിനന്ദിച്ചു.
ചുരം വഴിയല്ലാതെ കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് നിര്‍മാണത്തിന് പ്രത്യേക പരിഗണന നല്‍കണമെന്നും സമിതി ആവശ്യപ്പെട്ടു.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി 1.5 കോടി രൂപ ചെലവഴിച്ച് റോഡിന്റെ സാധ്യതാ പഠനം പൂര്‍ത്തിയാക്കി വരുകയാണ്. വനത്തിലൂടെ കടന്നുപോകുന്ന റോഡിന് കേന്ദ്ര വനംപരിസ്ഥിതി വകുപ്പുകളുടെ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിപ്പെടുത്തണമെന്നും വികസന സമിതി യോഗം ആവശ്യപ്പെട്ടു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ടി.പി. രാമകൃഷ്ണന്, തോട്ടത്തില്‍ രവീന്ദ്രന്, കെ.പി. കുഞ്ഞമ്മദ് കുട്ടി, പി.ടി.എ. റഹീം, ഇ.കെ. വിജയന്, കെ.കെ. രമ, സച്ചിന് ദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, സബ് കളക്ടര്‍ ഗൗതം രാജ്, എഡിഎം പി. സുരേഷ്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സി.പി. സുധീഷ് എന്നിവര്‍ പങ്കെടുത്തു.