ഓണാഘോഷത്തിന് കണ്ണൂരിൽനിന്ന് രൂപമാറ്റം വരുത്തിയ കാർ; പൊല്ലാപ്പിലായി വിദ്യാർഥികൾ
1587848
Saturday, August 30, 2025 5:10 AM IST
നാദാപുരം: ഓണാഘോഷത്തിന് മാറ്റ് കൂട്ടാൻ കണ്ണൂരിൽ നിന്ന് നാദാപുരത്ത് എത്തിച്ച രൂപമാറ്റം വരുത്തിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ ഇരു ഭാഗത്തും ഡോറുകളിൽ നിറയെ വർണ്ണ ചിത്രങ്ങൾ, സ്ഫോടന ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസർ എന്നിവ ഘടിപ്പിച്ച കാറാണ് പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ച്ച രാവിലെ ഇരിങ്ങണ്ണൂരിലാണ് സംഭവം. കടും വർണ്ണ കളറുകൾ ചാലിച്ച് കാതടിപ്പിക്കുന്ന ശബ്ദവുമായി ചീറി പാഞ്ഞ കെ എൽ 07 എ ബി 8764 രജിസ്ട്രേഷൻ എസ്റ്റിം കാറാണ് നാദാപുരം എസ്ഐ എം.പി. വിഷ്ണുവും സംഘവും പിടികൂടിയത്.
ഇരിങ്ങണ്ണൂർ സ്കൂളിലെ കുട്ടികളാണ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പാപ്പിനിശേരി സ്വദേശിയോട് സ്കൂളിലെ ഓണാഘോഷത്തിന് കാർ ആവശ്യപ്പെട്ടത്. യുവാവിന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് കാറിന്റെ ചിത്രങ്ങൾ കുട്ടികൾ കണ്ടത്. തുടർന്ന് ഒരു ദിവസത്തേക്ക് 6000 രൂപ വാടകയാക്ക് കാർ വാങ്ങുകയായിരുന്നു.
തുടർന്ന് ടൗണിൽ രണ്ട് റൗണ്ട് ഘോര ശബ്ദവുമുള്ള കാറിൽ കറങ്ങുമ്പോഴേക്കും പോലീസ് എത്തി പിടികൂടുകയായിരുന്നു. നാദാപുരം - തലശേരി റോഡിൽ പോലീസ് സ്റ്റേഷന് മുന്നിലൂടെ കാർ ചീറിപ്പാഞ്ഞതോടെയാണ് പോലീസുകാർ ഉണർന്നത്.
കാർ പിടികൂടുമ്പോൾ ഡ്രൈവർക്കൊപ്പം ഡ്രസ് കോഡ് ധരിച്ച് വിദ്യാർഥികളും ഉണ്ടായിരുന്നു. പിടികൂടിയ കാറിന്റെ ഉടമക്കെതിരേ കേസ് എടുക്കുമെന്നും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ഡ്രൈവർക്ക് നോട്ടീസ് നൽകുമെന്നും പോലീസ് അറിയിച്ചു.