പൊളിച്ചു നീക്കേണ്ടത് സുരക്ഷിതമല്ലാത്ത 46 സ്കൂള്‍ കെട്ടിടങ്ങള്‍
1588065
Sunday, August 31, 2025 5:19 AM IST
ജനകീയ വിഷയങ്ങൾ ചർച്ച ചെയ്ത് ജില്ല വികസന സമിതി യോഗം
കോഴിക്കോട്: പൊതുവിദ്യാലയങ്ങളുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ 46 കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടതായി കണ്ടെത്തി. ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം.
ഇതില്‍ ഒമ്പത് കെട്ടിടങ്ങള്‍ അറ്റകുറ്റപണി നടത്തി നിലനിര്‍ത്താമെന്നും സുരക്ഷാ പ്രശ്നമുള്ള കെട്ടിടങ്ങളില്‍ നിലവില്‍ ക്ലാസുകള്‍ നടക്കുന്നില്ലെന്നും വിദ്യാഭ്യാസ വകുപ്പ് യോഗത്തെ അറിയിച്ചു. നവകേരള സദസിന്റെ ഭാഗമായി ജില്ലയില്‍ അനുമതി ലഭിച്ച 91 കോടി രൂപയുടെ 23 പദ്ധതികളുടെ നിലവിലെ പുരോഗതി യോഗം വിലയിരുത്തി.
21 പദ്ധതികളുടെ ഡിപിആര്‍ സര്‍ക്കാരിലേക്ക് ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ബാക്കി രണ്ട് പദ്ധതികളുടെ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. ജല്‍ ജീവന് മിഷന് പദ്ധതികളുടെ നിലവിലെ സ്ഥിതി യോഗം പരിശോധിച്ചു. പദ്ധതിക്കായി പൊളിച്ച റോഡുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പിനോടും കേരള ജല അഥോറിറ്റിയോടും നിര്‍ദേശിച്ചു.
ദേശീയപാത പ്രവൃത്തി: ജില്ലാ ഭരണകൂടം ഇടപെടണമെന്ന്
ദേശീയപാത പ്രവൃത്തി ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് ടി.പി. രാമകൃഷ്ണന് എംഎല്‍എ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ മണ്ണു മാറ്റാത്തത് നിര്‍മ്മാണ പ്രവൃത്തിക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. വേങ്ങാപ്പറ്റ, ചെറുവണ്ണൂര്‍ സ്കൂളുകളിലും ഇതേ പ്രയാസം നേരിടുന്നുണ്ടെന്നും എം എല്‍ എ അറിയിച്ചു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സമയ പരിധി നിശ്ചയിച്ച് പ്രവൃത്തികള്‍ നടത്തണമെന്നും സര്‍വീസ് റോഡുകള്‍ യാത്ര യോഗ്യമാക്കണമെന്നും കെ.കെ. രമ എംഎല്‍എ ആവശ്യപ്പെട്ടു. റവന്യൂ ടവറിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും എംഎല്‍എ നിര്‍ദ്ദേശിച്ചു.
ബേബി മെമ്മോറിയല്‍ ആശുപത്രിക്കും ക്രിസ്ത്യന്‍ കോളജിനും ഇടയിലുള്ള റോഡിനും മലാപ്പറമ്പ് ഇഖ്റ ആശുപത്രി റോഡിന് സമീപവും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ടെന്ന് സച്ചിന്‍ദേവ് എംഎല്‍എ പറഞ്ഞു. അനധികൃത പാര്‍ക്കിംഗിനെതിരെ കൃത്യമായ നിയന്ത്രണമുണ്ടാകുമെന്നും ഇതിനായുള്ള നിര്‍ദേശങ്ങള്‍ ട്രാഫിക്ക് പോലീസിന് നല്‍കുമെന്നും ജില്ല കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.
വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് റെയില്‍വെ ഭൂമിയിലെ അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് നടപടി ഉണ്ടാകണമെന്ന് തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ ആവശ്യപ്പെട്ടു. ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട നടപടികളും കോര്പറേഷന് പരിധിയിലെ റോഡുകളിലെ കുഴികള്‍ അടയ്ക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കാനും എംഎല്‍എ ആവശ്യപ്പെട്ടു.
വിലങ്ങാട് പുഴ: സര്‍വെ വേഗത്തിലാക്കണം
വിലങ്ങാട് ഉരുള്‍പൊട്ടലിന്റെ ഭാഗമായി വിലങ്ങാട് പുഴയുടെ കരയിടിഞ്ഞ ഭാഗങ്ങള്‍ നവീകരിക്കുന്നതിനുള്ള സര്‍വേ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഇ.കെ. വിജയന് എംഎല്‍എ പറഞ്ഞു.
പെരിഞ്ചേരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ്, മൊകേരി കോളേജിലെ ലേഡീസ് ഹോസ്റ്റല്‍ നിര്‍മ്മാണം, കുന്നുമ്മല്‍ കമ്മ്യൂണിറ്റി ഹാള്‍, കുറ്റ്യാടി ഡയാലിസിസ് കെട്ടിട നിര്‍മ്മാണം എന്നീ പ്രവൃത്തികളുടെ പുരോഗതി കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ പരിശോധിച്ചു.