മലയോരത്ത് വികസനത്തിന്റെ ചിറകടി; തുരങ്കപാത നിര്‍മാണം നാളെ തുടങ്ങും
1587842
Saturday, August 30, 2025 5:10 AM IST
കോഴിക്കോട്: മലയോരത്ത് വികസനത്തിന്റെ ചിറകടിയുയരുകയായി. രാജ്യത്തെ ദൈര്‍ഘ്യമേറിയ ഇരട്ട ടണല്പാതയ്ക്ക് നാളെ തുടക്കം കുറിക്കും. സംസ്ഥാനത്തിന്റെ വികസന കുതിപ്പിനു പുതിയ അധ്യായം കുറിക്കുന്ന ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാതയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ 31ന് വൈകിട്ട് നാലിനു ആനക്കാംപൊയില്‍ സെന്റ് മേരീസ് യുപി സ്കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ഒട്ടേറെ പ്രത്യേകതകളുമായാണ് തുരങ്കപാത യാഥാര്‍ഥ്യമാകുന്നത്. ലോകത്തെ ഏറ്റവും ആധുനിക സാങ്കേതിക വിദ്യയായ ന്യൂ ആസ്ട്രിയന്‍ ടണലിംഗ് രീതിയുപയോഗിച്ചാണ് തുരങ്കം നിര്‍മിക്കുന്നത്. യൂറോപ്പിലെ ആല്‍പ്സ് പര്‍വത നിരകളില്‍ ഗതാഗത വാര്‍ത്താ വിനിമയ സംവിധാനം ഒരുക്കുന്നതിനായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണിത്.
സിലിണ്ടര്‍ ആകൃതിയിലുള്ള ഭീമാകാരനായ ടണല്‍ ബോറിംഗ് മെഷിന് ഉപയോഗിച്ചാണ് തുരങ്കം നിര്‍മിക്കുക. നിര്‍മാണത്തിനിടയില്‍ സ്വാഭാവികമായും ഉണ്ടാകുന്ന കല്ലും മണ്ണും പാറയും ചെളിയും നീക്കം ചെയ്യുന്നതിനുള്ള സംവിധാനം ഇതിലുണ്ട്. നിര്‍മാണ സമയത്തുണ്ടാകുന്ന പ്രകമ്പനത്തെ ലഘുകരിക്കാനും സാധിക്കും. 8.73 കിലോമീറ്റര്‍ വരുന്ന പാതയില്‍ 8.1 കിലോമീറ്റര്‍ ടണല്‍ ആണ്. എട്ടുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരൊറ്റ പാറയിലാണ് ടണല്‍ നിര്‍മിക്കുന്നത്.
പത്തു മീറ്റര്‍ വീതിയുള്ള ഇരട്ടകുഴലിന്റെ ആകൃതിയിലാണ് തുരങ്കം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. രണ്ടു ടണലുകളം തമ്മില്‍ 15 മീറ്റര്‍ അകലമുണ്ട്. ഏഴര മീറ്റര്‍ മുതല്‍ എട്ടുമീറ്റര്‍ വരെ ഉയരത്തിലാണ് ടണലിന്റെ ഉള്‍വശം ഉണ്ടാവുക. ഓരോ 300 മീറ്ററിലും ടണലുകളെ പരസ്പരം ബന്ധിപ്പിക്കും.
ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി നിര്‍മിക്കുന്ന പ്രകാശ സ്രോതസുകള്‍ തുരങ്കത്തിനകത്തെ ഇരുട്ടകറ്റും. ശുദ്ധവായു ലഭിക്കുന്നതിനു വായുനിര്‍ഗമന മാര്‍ഗങ്ങളും അകത്ത് ഒരുക്കുന്നുണ്ട്.തുരങ്കത്തിന്റെ വടക്കെ അറ്റത്തും തെക്കെ അറ്റത്തും കൗണ്ടറുകള്‍ സ്ഥാപിച്ച് പ്രവേശനത്തിനു കംപ്യൂട്ടർ വത്കൃത നിയന്ത്രണ സംവിധാനമൊരുക്കും. യന്ത്രത്തകരാര്‍ ഉണ്ടായാല്‍ വാഹനങ്ങള്‍ ഒതുക്കി നിര്‍ത്തുന്നതിനുള്ള സംവിധാനങ്ങളും ഉണ്ടാകും.
കിഫ്ബി പദ്ധതയില്‍ 2134.5 കോടി ചെലവിലാണ് തുരങ്കപാത നിര്‍മിക്കുന്നതെന്ന് ലിന്റോ ജോസഫ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കൊങ്കണ്‍ റെയില്‍വേ കോര്പഷേന് ലിമിറ്റഡാണ് നിര്‍വഹണ ഏജന്‍സി. കോഴിേക്കാട്, വയനാട് ജില്ലകളിലായി 33 ഹെക്ടര്‍ ഭൂമിയാണ് ഇതിനായി ഏറ്റെടുത്തിട്ടുള്ളത്. ടണല്‍ റോഡിലേക്കുള്ള പ്രധാനപാതയുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. രണ്ടു പാക്കേജുകളിലായാണ് നിര്‍മാണം.
പാലവും അപ്രോച്ച് േറാഡും ആദ്യത്തെ പാക്കേജിലും ടണല്‍പാത രണ്ടാമത്തെ പാക്കേജിലുമാണ്. നാലുവരി ഗതാഗതമാണ് ഉണ്ടാവുക. പാത യാഥാര്‍ഥ്യമാകുന്നതോടെ ആനക്കാംപൊയിലില്‍ നിന്ന് 22 കിലോമീറ്റര്‍ കൊണ്ട് മേപ്പാടിയില്‍ എത്താം. ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, എ.കെ ശശീന്ദ്രന് , ഒ.ആര് കേളു എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്സണ്, വി.കെ. വിനോദ്, ടി. വിശ്വനാഥന് എന്നിവരും സംബന്ധിച്ചു.