വിജിലിന്റെ തിരോധാനം : തെരച്ചില്‍ നിര്‍ത്തി; ഇനി രണ്ടു ദിവസം കഴിഞ്ഞ്
1587843
Saturday, August 30, 2025 5:10 AM IST
കോഴിക്കോട്: കാണാതായ വെസ്റ്റ്ഹില്‍ ചുങ്കം സ്വദേശി വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ക്കായുള്ള തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി.പോലീസ് കസ്റ്റഡിയില്‍ വിട്ട രണ്ടു പ്രതികളെയും തിരിച്ച് ഇന്നലെ േകാടതിയില്‍ ഹാജരാക്കി. പ്രതികളായ എരഞ്ഞിപ്പാലം കുളങ്ങരകണ്ടി കെ.കെ നിഖില്‍, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കിയത്.
ഇനി തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങിയശേഷം മാത്രമേ തെരച്ചില്‍ പുനരാരംഭിക്കുകയുള്ളു. സരോവരത്തിലെ ചതുപ്പിലെ വെള്ളക്കെട്ടും പ്രതികൂലമായ കാലാവസ്ഥയുമാണ് തെരച്ചിലിനു തടസമായത്. മഴ കുറഞ്ഞാല്‍ അനുകൂലമായ അന്തരീക്ഷമുണ്ടാകുമെന്നാണ് പോലീസ് കുരുതുന്നത്.
ബുധനാഴ്ച ചതുപ്പിലെ വെള്ളം മോട്ടോര്‍വച്ച് അടിച്ച് ഒഴിവാക്കിയായിരുന്നു തെരച്ചില്‍ നടത്തിയത്. എന്നാല്‍ ചുറ്റുഭാഗങ്ങളിലും വെള്ളം നിറഞ്ഞതിനാല്‍ ചതുപ്പിലുള്ള വെള്ളം മോട്ടോര്‍ ഉപയോഗിച്ച് മറ്റൊരിടത്തേക്ക് പമ്പ് ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിവന്നു. ക്വാറിവേസ്റ്റും മണ്ണും ചതുപ്പില്‍ നിക്ഷേപിച്ച് വഴിയൊരുക്കിയിട്ടുണ്ട്.
ഇന്നലെ മഴ കുറഞ്ഞുവെങ്കിലും തെരച്ചില്‍ കാര്യമായി നടന്നില്ല.കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ രണ്ടു പ്രതികളെയും തിരിച്ച് േകാടതിയില്‍ ഹാജരാക്കി. തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനു വീണ്ടും അപേക്ഷ നല്‍കും.