‘തുരങ്കപാത യുഡിഎഫിന്റെ സങ്കൽപ്പം’ : ചർച്ചയായി സിപിഎം മുൻ എംഎൽഎയുടെ വാക്കുകൾ
1588381
Monday, September 1, 2025 3:42 AM IST
മുക്കം: കോഴിക്കോട്-വയനാട്-മലപ്പുറം ജില്ലകളുടെ സമഗ്ര വികസനത്തിന് ഉതകുന്നതും സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയുമായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിർമാണോദ്ഘാടനത്തിനിടെ സിപിഎം മുൻ എംഎൽഎ ജോർജ് എം. തോമസിന്റെ വാക്കുകൾ ചർച്ചയാകുന്നു.
തുരങ്കപാത എന്ന സങ്കൽപ്പം എൽഡിഎഫിന്റേതല്ലെന്നും അത് യുഡിഎഫിന്റെയാണന്നുമാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ജോർജ് എം. തോമസ് പറഞ്ഞത്. തുരങ്കപാത നിർമാണോദ്ഘാടനത്തിനായി ഇടതുമുന്നണി പ്രവർത്തകരുടെ നേതൃത്വത്തിൽ നാടാകെ ഇളക്കിമറിച്ച് പ്രചാരണങ്ങൾ നടക്കുമ്പോഴാണ് മുൻ എംഎൽഎയുടെ വാക്കുകൾ യുഡിഎഫിന് പിടിവള്ളിയാകുന്നത്.
2006 ൽ തിരുവമ്പാടിയിൽ മത്തായി ചാക്കോ മത്സരിക്കുമ്പോൾ പ്രകടനപത്രിക തയാറാക്കുകയും അതിൽ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി റോഡ് യാഥാർഥ്യമാക്കുമെന്നാണ് പറഞ്ഞിരുന്നതെന്നും ജോർജ് എം. തോമസ് പറയുന്നു. അതിന് മുമ്പ് ആരും അത്തരമൊരു കാര്യം പറയുകയോ പ്രകടനപത്രികയിൽ എഴുതുകയോ ചെയ്തിരുന്നില്ല. പക്ഷെ അന്ന് പ്രകടന പത്രിക തയാറാക്കാൻ മുന്നിൽ നിന്ന താനോ മത്തായി ചാക്കോയോ ഈ സ്ഥലം കണ്ടിട്ട് പോലും ഉണ്ടായിരുന്നില്ല.
തുടർന്ന് ചാക്കോ മരിച്ച് താൻ എംഎൽഎയായപ്പോൾ വീണ്ടും സാധ്യതകൾ പരിശോധിച്ചതായും ജോർജ് എം. തോമസ് പറയുന്നു. അന്നത്തെ ജില്ല പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ മില്ലി മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഫിറ മുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് ജോളി ജോസഫ് എന്നിവരും താനുമുൾപ്പെടുന്ന സംഘം വനത്തിലൂടെ നടന്ന് മേപ്പാടിയിലെത്തിയപ്പോൾ വലിയ സ്വീകരണമാണ് ലഭിച്ചത്.
എന്നാൽ ആ യാത്ര കഴിഞ്ഞപ്പോൾ തങ്ങൾ നടന്നവഴി ഒരിക്കലും റോഡാക്കാൻ പറ്റില്ലെന്ന് മനസിലായെന്നും എന്നാൽ പദ്ധതി അപ്പാടെ ബ്ലോക്കാവുമെന്നതിനാൽ താൻ ഇത് ആരോടും പറഞ്ഞില്ലന്നും ജോർജ് എം. തോമസ് അഭിമുഖത്തിൽ പറയുന്നുണ്ട്.
എങ്കിലും ബജറ്റിൽ ചെറിയ ഒരു തുക വകയിരുത്താൻ സാധിച്ചു. തുടർന്ന് യുഡിഎഫ് അധികാരത്തിലെത്തിയപ്പോഴാണ് തുരങ്കപാത എന്ന ആശയം ഉണ്ടായത്. ഇതിൽ താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന് വലിയ പങ്കുണ്ട്. ഇതുമായി ബന്ധപ്പെട്ട് തങ്ങൾ ധനമന്ത്രി കെ.എം. മാണിയെ കണ്ട് രണ്ട് കോടി രൂപ ബജറ്റിൽ വകയിരുത്തിയതായും ജോർജ് എം. തോമസ് പറയുന്നു. തുടർന്ന് റൂബി സോഫ്റ്റ് എന്ന കമ്പനി പഠനം നടത്തുകയും സ്വർഗം കുന്നിൽനിന്ന് തുരങ്കം ആരംഭിക്കാമെന്ന് കണ്ടെത്തുകയും ചെയ്തു.
എന്നാൽ പിന്നീട് ഇതിന് തുടർച്ചയുണ്ടായില്ല. പിന്നീട് താൻ എംഎൽഎയായപ്പോൾ പദ്ധതി പൊടി തട്ടിയെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെയും ധനമന്ത്രി തോമസ് ഐസക്കിനെയും കണ്ട് വിശദാംശങ്ങൾ നൽകി. മുഖ്യമന്ത്രി നോക്കാം എന്ന ഉറപ്പ് നൽകിയത് വലിയ പ്രതീക്ഷ നൽകി. ജി.സുധാകരൻ അപ്പോൾ തന്നെ 20 കോടി ബജറ്റിൽ ഉൾപ്പെടുത്താൻ നിർദേശം നൽകുകയും ചെയ്തു.
സാമ്പത്തിക- സാമൂഹ്യ റിപ്പോർട്ട് അനുകൂലമായാൽ പണം തടസമാവില്ലെന്ന് ധനമന്ത്രിയും പറഞ്ഞതോടെ പദ്ധതിക്ക് ജീവൻ വയ്ക്കുകയായിരുന്നു.
പിന്നീട് റിപ്പോർട്ട് തയാറാക്കാൻ ശ്രമം തുടങ്ങി. മെട്രോമാൻ ഇ. ശ്രീധരന്റെ ഉപദേശം തേടുകയും അദ്ദേഹവും അനുകൂല നിലപാട് സ്വീകരിക്കുകയുമായിരുന്നു. കൊങ്കൺ റെയിൽവേയെ ബന്ധപ്പെടുന്നതും പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്താൻ മുൻകൈ എടുത്തതും ഇ. ശ്രീധരനാണന്നും ജോർജ് എം. തോമസ് പറഞ്ഞു.
തുടർന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഉൾപ്പെടെ നിരവധി കടമ്പകൾ കടന്നാണ് ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയതെന്നും മുഖ്യമന്ത്രി തന്നെ പ്രത്യേക താത്പര്യമെടുത്തതിനാലാണ് ഇത്രയും പെട്ടെന്ന് പദ്ധതിയിലേക്ക് എത്തിയതെന്നും മുൻ എംഎൽഎ വിശദീകരിക്കുന്നു. അതേ സമയം പത്ത് മിനിറ്റിലധികമുള്ള അഭിമുഖത്തിൽ നിലവിലെ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫിന്റെ പേര് ഒരിക്കൽ പോലും പരാമർശിച്ചിട്ടില്ലായെന്നതും ശ്രദ്ധേയമാണ്.