അമീബിക് മസ്തിഷ്ക ജ്വരം: മരിച്ച സ്ത്രീക്ക് കാർഡിയാക് പ്രശ്നവും ഉണ്ടായിരുന്നെന്ന് മെഡി. കോളജ് പ്രിൻസിപ്പൽ
1588692
Tuesday, September 2, 2025 7:45 AM IST
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച സ്ത്രീക്ക് കാർഡിയാക് പ്രശ്നവും മൂന്ന് മാസം പ്രായമായ കുഞ്ഞിന് പ്രതിരോധ ശേഷി കുറവും ഉണ്ടായിരുന്നതായി കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സജീത് കുമാർ. തുടക്കം മുതൽ രണ്ടുപേരും വെന്റിലേറ്ററിലായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
നെഗ്ലീറിയ വിഭാഗത്തിൽപ്പെട്ട അമീബയാണ് രണ്ട് പേരുടെ തലച്ചോറിലും പ്രവേശിച്ചത്. മികച്ച ചികിത്സയാണ് നൽകിയത്. മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത് പത്ത് പേരാണ്. ഇവരും മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവരാണ്. വിദേശത്ത് നിന്നുള്ള മരുന്ന് എത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം കാപ്പില്‍ ആറാം വാര്‍ഡിലെ കണ്ണോത്ത് മുഹമ്മദ് ബഷിറിന്റെ ഭാര്യ റംലയാണ് മരിച്ചത്. കഴിഞ്ഞമാസം നാലിനാണ് റംലയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രാത്രി ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു മരണം.