സ്വകാര്യ സ്ഥാപനത്തിലെ മാലിന്യം ഓടയിലേക്ക്: നടപടിയില്ലെങ്കില്‍ നഗരസഭാ സെക്രട്ടറിക്കെതിരേ നടപടിയെന്ന്
1588905
Wednesday, September 3, 2025 5:30 AM IST
കോഴിക്കോട്: പൊറ്റമ്മലില്‍ പ്രവര്‍ത്തിക്കുന്ന സ്ലാഷ് എന്ന സ്ഥാപനത്തിലെ മാലിന്യങ്ങള്‍ പൊതുഓടയില് ഒഴുക്കി വിടുന്നതിനെതിരേ ഒരു മാസത്തിനുള്ളില്‍ സ്ഥിരമായ പരിഹാരം കണ്ടില്ലെങ്കില്‍ അത് മനുഷ്യാവകാശ ലംഘനമായി കണ്ട് കോര്പറേഷന് സെക്രട്ടറിക്കെതിരേ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
സ്വീകരിച്ച നടപടികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ രേഖാമൂലം സമര്‍പ്പിക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു. കമ്മീഷന് ശക്തമായ താക്കീത് നല്‍കിയിട്ടും മാസങ്ങളോളം മെല്ലെപ്പോക്ക് നയമാണ് കോര്പറേഷന് സ്വീകരിച്ചതെന്ന് ഉത്തരവില്‍ പറയുന്നു. ഇത് അപലപനീയവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണ്. തിരക്കേറിയ സ്ഥലത്ത് സ്ഥിരമായി മാലിന്യനിക്ഷേപവും ദുര്‍ഗന്ധവും ഉണ്ടായതായി പരാതി വന്നിട്ടും ഫലപ്രദമായ നടപടി സ്വീകരിക്കാത്ത കോര്പറേഷന് ആരോഗ്യവിഭാഗത്തിന്റെ നടപടി നിരുത്തരവാദപരവും ലജ്ജാകരവുമാണ്.
വൃത്തിയുള്ള സാഹചര്യത്തില്‍ ജീവിക്കാനുള്ള പൗരന്റെ മനുഷ്യാവകാശമാണ് നഗ്നമായി ലംഘിക്കപ്പെടുന്നത്. മാലിന്യമുക്ത കേരളം, അഴക് എന്നീ പേരുകള്‍ കൊണ്ടുമാത്രം പരിസരശുചിത്വം ഉറപ്പാക്കാന്‍ കഴിയില്ലെന്ന് നഗരസഭ മനസിലാക്കണം. മാലിന്യനിര്‍മാര്‍ജനം അക്ഷരാര്‍ഥത്തില്‍ നടപ്പിലാക്കേണ്ടതാണ്. അത് തദ്ദേശസ്ഥാപനങ്ങളുടെ അനിവാര്യമായ ചുമതലയാണെന്നും ഉത്തരവില്‍ പറയുന്നു.
കോര്പറേഷന് നടപടിയെടുത്തിട്ടും നിയമലംഘനങ്ങള്‍ തുടരുന്നുണ്ടെന്ന് പറഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ മനുഷ്യാവകാശ ലംഘനത്തിന് കൂട്ടുനില്‍ക്കുന്നുവെന്ന നിഗമനത്തിലെത്തേണ്ടി വരുമെന്നും കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. സ്വകാര്യസ്ഥാപനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ക്ലീന്‍ സിറ്റി മാനേജര്‍ കമ്മീഷനെ അറിയിച്ചു.
തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹാജരായി. സ്ഥാപനത്തിലെ സെപ്റ്റിക് മലിനജലം ഉള്‍പ്പെടെ പൊതു ഓടയിലേക്ക് ഒഴുക്കിവിടുന്നതായി ബോധ്യപ്പെട്ടതായി നഗരസഭ കമ്മീഷനെ അറിയിച്ചു, സ്ഥാപനത്തിന് 25,000 രൂപ പിഴയിട്ടതായും ഓടയിലേക്ക് സ്ഥാപിച്ച പിവിസി പൈപ്പ് അടച്ച് താത്കാലികമായി പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ സ്ഥാപനത്തിന്റെ പരിസര മലിനീകരണത്തിനെതിരേ നെല്ലിക്കോട് സ്വദേശി എം. ദിനേഷ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.