മാവേലിക്കസ് 2025 : പ്രേക്ഷകരുടെ മനംനിറച്ച് തങ്കനാട്ടവും എസ്കേപ്പും
1589168
Thursday, September 4, 2025 5:12 AM IST
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷമായ മാവേലിക്കസ്-2025ല്‍ പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിച്ച് തങ്കനാട്ടം, എസ്കേപ്പ് നാടകങ്ങള്‍. കോഴിക്കോട് ടൗണ്‍ഹാളിലെ വേദിയില്‍ നിറഞ്ഞ സദസിനു മുന്നിലാണ് നാടകങ്ങള്‍ അരങ്ങേറിയത്.
പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ ചെറുത്തുനില്‍പ്പുകള്‍ തുറന്നു കാണിക്കുന്നതാണ് തങ്കനാട്ടം. ക്ഷേത്ര മുറ്റങ്ങളില്‍ ദൈവവേഷം കെട്ടിയാടി ജീവിക്കുന്ന തങ്കന് എന്ന ആട്ടക്കാരന്റെ മനോവ്യഥകള്‍ സമൂഹത്തോട് സംവദിക്കുന്ന നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് ഗിരീഷ് കളത്തിലാണ്.
നന്മ പെരുമണ്ണയാണ് നാടകം അരങ്ങിലെത്തിച്ചത്. കീഴാളരുടെ വിമര്‍ശന ശബ്ദങ്ങള്‍ ഉയര്‍ന്നുവന്നതു മുതല്‍ ആവിഷ്കാരങ്ങളും ആട്ടക്കാരും വേട്ടകള്ക്കിരയാകുന്നതിന്റെ ചരിത്രം കൂടിയാണ് തങ്കനാട്ടം പറഞ്ഞുവയ്ക്കുന്നത്.
പ്രദീപ് ഗോപാല്‍, മധു പന്തീരങ്കാവ്, ഗിരീഷ് ഇല്ലത്ത്താഴം, ഉഷ ചന്ദ്രബാബു, അപര്‍ണ വിനോദ്, സുഭാഷ്, രാജന് മുണ്ടുപാലം, അജയന്, സത്യന് മേഖ, പി.പി. രാമകൃഷ്ണന്, എം.കെ. പ്രവീണ്‍, കെ.പി. രതീഷ് ബാബു, സുധിഷ് കരുവാല്‍, വി.കെ. രമേശ്, പര്‍വീസ് അലി കെഎംസി തുടങ്ങിയവരാണ് അരങ്ങില്‍ എത്തിയത്.
വിനോദ് നിസരി, കെഎംസി പെരുമണ്ണ, അരുണ്‍, സത്യന്മേഖ, സുനീഷ് പെരുവയല്‍, സുധാകരന്, അജയന്, രമേഷ് വെണ്മയത്ത് തുടങ്ങിയവര്‍ പിന്നണിയില്‍ അണിനിരന്നു. നിലവിലെ സാമൂഹിക വ്യവസ്ഥിതിയെ കൃത്യമായി അടയാളപ്പെടുത്തുന്ന നാടകമാണ് എസ്കേപ്പ്. കേരളത്തിന്റെ പല ഭാഗങ്ങളിലായുള്ള മുപ്പതോളം യുവതീയുവാക്കളെ അണിനിരത്തിയാണ് കതിര് തിയറ്റര്‍ കളക്ടീവ് ‘എസ്കേപ്പ്' എന്ന നാടകമൊരുക്കിയത്.
ഭൂരിഭാഗം പേരും കോളജ് വിദ്യാര്‍ഥികളാണ്. യുവ ജനങ്ങളുടെ മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും അവര്‍ പൊതുഇടങ്ങളില്‍നിന്ന് മാറിനില്ക്കേണ്ടിവരുന്ന സാഹചര്യങ്ങളുമാണ് നാടകത്തിലുള്ളത്. നാടുവിട്ട് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭാവിയില്‍ രാജ്യത്ത് സംഭവിച്ചേക്കാവുന്ന ഭീകരാവസ്ഥകള്കൂടി ഇത് വരച്ചുകാട്ടുന്നു.
യുവ നാടക പ്രവര്‍ത്തകനായ ഛന്ദസാണ് രചനയും ഡിസൈനും സംവിധാനവും നിര്‍വഹിച്ചത്. ജി എസ് അനന്തകൃഷ്ണനാണ് ആര്‍ട്ട്. പ്രകാശ വിതാനം സനോജ് മാമോയുടേതാണ്. എം എം അലോക് പ്രോപ്പര്‍ട്ടിയും കൃഷ്ണദേവ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.