മധുരത്തെരുവില്‍ ഉത്സവമായി പായസമേളകള്‍
1589164
Thursday, September 4, 2025 5:12 AM IST
കോഴിക്കോട്: ഓണത്തിരക്കിനിടയില്‍ മധുരം വിളമ്പി മിഠായിെത്തരുവ്. മധുരമൂറുന്ന മിഠായിത്തെരുവില്‍ അധിമധുരവുമായി പായസമേളകളും ഒരുങ്ങിക്കഴിഞ്ഞു. മിഠായിത്തെരുവിലും പരിസരപ്രദേശങ്ങളിലുമായി പായസമേളകളുടെ പൊടിപൂരമാണ്.
വീട്ടമ്മമാരുടെ കൂട്ടായ്മയായ കുടുംബിനി വനിതാ സൊസൈറ്റിയുടെയും കെടിഡിസിയുടേയും ഖാദിയുടെയും മൃഗനയനിയുടെയും വീട്ടമ്മമാരുടെയും നേതൃത്വത്തിലാണ് മിഠായിത്തെരുവില്‍ പായസരുചികളൊരുക്കിയിട്ടുള്ളത്.
തൊട്ടടുത്ത് മുതലക്കുളത്ത് കുടുബശ്രീ ഓണച്ചന്തകളിലും പായസമൊരുക്കിയിട്ടുണ്ട്. വഴിയോരങ്ങളിലും പായസമേളക്കാരുടെ നീണ്ട നിരയാണ്. പുത്തന്‍ രുചിയുടെ സ്പെഷല്‍ പായസങ്ങളും ഇത്തവണയുണ്ട്. ഓണത്തിന് പാഴ്സല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.നിരവധി പേരാണ് പായസ മധുരം ആസ്വദിക്കാന്‍ എത്തുന്നത്.
അതിരാവിലെ തുടങ്ങുന്ന പായസ വില്‍പ്പന പല കൗണ്ടറുകളിലും ഉച്ചയോടെ തീരുന്ന സ്ഥിതിയാണ്. പാല്പായസം, അട പ്രഥമന്‍, മുളയരി പായസം, പരിപ്പ് പ്രഥമന്‍ എന്നിവയ്ക്കൊപ്പം സ്പെഷല്‍ ഇനങ്ങളായി അമ്പലപ്പുഴ സ്പെഷല്‍, പഴം, പൈനാപ്പിള്‍, കാരറ്റ്, ഇളനീര്, മിക്സഡ് പായസം,ഗോതമ്പു പായസങ്ങളെല്ലാം മേളയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഒരു കപ്പിന് 40 രൂപയാണ് നിരക്ക്. ഇതിനു പുറമേ അര ലിറ്റര്‍ മുതല്‍ തുടങ്ങുന്ന പാര്‍സല്‍ കൗണ്ടറും ഒരുക്കിയിട്ടുണ്ട്. ഒന്നിച്ച് വാങ്ങുകയാണെങ്കില്‍ ഒരു ലിറ്ററിന് 390 രൂപയും അര ലിറ്ററിന് 200 രൂപയുമാണ്. പാലട പായസവും പരിപ്പ് പായസവുമാണ് കൂടുതല്‍ ചെലവാകുന്നത്.