ഓണലഹരിയിലാഴ്ത്തി മാവേലിക്കസ് 2025
1589429
Friday, September 5, 2025 5:03 AM IST
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം- മാവേലിക്കസ് 2025 കോഴിക്കോടന്‍ സായാഹ്നങ്ങളെ ഓണലഹരിയുടെ കൊടുമുടിയിലേറ്റുന്നു. തിങ്ങി നിറഞ്ഞ സദസിലാണ് ഓരോ ദിവസത്തെയും കലാപരിപാടികള്‍ അരങ്ങേറുന്നത്. ചെണ്ടയുടെ താളവും ഫ്യൂഷന്‍ ചുവടുകളുമായി മാനാഞ്ചിറയെ ഇളക്കിമറിച്ച വനിതാ ശിങ്കാരിമേളമായിരുന്നു ഇന്നലത്തെ പ്രധാന ആകര്‍ഷണം.
ചെണ്ടയുടെ താളത്തിനും ചുവടുകളുടെ ഭംഗിക്കുമൊപ്പം ഫ്യൂഷന്‍ നൃത്തത്തിന്റെ ചടുലത കൂടി കൊട്ടിക്കയറിയതോടെ നിറഞ്ഞ കരഘോഷം. അറുപതിന് മുകളില്‍ പ്രായമുള്ളവര്‍ മുതല്‍ 17 വയസുള്ള വിദ്യാര്‍ഥിനികള്‍ വരെ 33 പേരടങ്ങുന്ന കുരുവട്ടൂരിലെ സ്വരലയം വനിത ശിങ്കാരിമേളം സംഘമാണ് മാവേലിക്കസ് 2025ന്റെ മാനാഞ്ചിറയിലെ വേദിയെ താളം മുഴക്കി ചുവടു വച്ച് കയ്യിലെടുത്തത്.
2011ല്‍ കുരുവട്ടൂര്‍ പഞ്ചായത്തില്‍ സ്ത്രീഘടക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ ധനസഹായത്തോടെ തുടങ്ങിയ തൊഴില്‍ സംരംഭമായ സ്വരലയം വനിതാ ശിങ്കാരിമേളം നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ 1700ല്‍ അധികം വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കുടുംബശ്രീ സംസ്ഥഥാന കലോത്സവത്തില്‍ ശിങ്കാരിമേളം മത്സരത്തില്‍ തുടര്‍ച്ചയായി ആറ് തവണ ഒന്നാം സ്ഥാനം ലഭിച്ചതും ഇവര്‍ക്കാണ്. ബീച്ചിലെ മാവേലിക്കസ് 2025ന്റെന്റെ വേദിയില്‍ വാര്‍സി സഹോദരരായ നസീര്‍ അഹമ്മദ് ഖാന് വാര്‍സിയും നസ്സീര്‍ അഹമ്മദ് ഖാന് വാര്‍സിയും സംഗീതമഴ പൊഴിച്ചത് സംഗീതാസ്വാദകര്‍ക്ക് കുളിര്‍മഴയായി.
ഹൈദരാബാദില്‍ നിന്നുള്ള ഒന്‍പത് പേരടങ്ങുന്ന സംഘമാണ് ഖവാലിയുമായി കോഴിക്കോടിന്റെ ഓണം ആഘോഷമാക്കാന്‍ എത്തിയത്. മുത്തച്ഛനില്‍ നിന്നും പിതാവില്‍ നിന്നും ലഭിച്ച സംഗീത പരിശീലനമാണ് വാര്‍സി സഹോദരന്മാരെ ഖവാലി മാന്ത്രികരാക്കി മാറ്റിയത്. പരമ്പരാഗത സുഫിയാന ഖവാലി ഗസല്‍, തുമ്രി, ഭജന്‍, ക്ലാസിക്കല്‍ ബന്ദിഷ് എന്നിവയിലും തങ്ങളുടേതായ മുദ്ര പതിപ്പിച്ചവരാണ് ഈ സഹോദരങ്ങള്‍.