കക്കയം ഡാം റോഡിൽ കടുവ; ഭീതിയിലായി യാത്രക്കാർ
1589170
Thursday, September 4, 2025 5:12 AM IST
കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് റോഡിൽ കടുവയെ കണ്ടു. ഇന്നലെ വൈകുന്നേരം ഡാം സൈറ്റ് റോഡിലെ വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടറിന് സമീപമുള്ള സിസിലി മുക്ക് എന്നറിയപ്പെടുന്ന ഭാഗത്ത് ഇതുവഴി വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വനം വകുപ്പ് ജീവനക്കാർ തന്നെയാണ് കടുവയെ കണ്ടത്.
റോഡിലൂടെ കടുവ ഓടിപ്പോകുന്നതാണ് കണ്ടത്. തുടർന്ന് ഇവർ പിന്തുടരുകയും പിന്നീട് വനത്തിനുള്ളിലേക്ക് കയറിപ്പോയതായും പറയുന്നു. ഡാം സൈറ്റ് റോഡ് മേഖലയിൽ മാസങ്ങൾക്ക് മുമ്പും കണ്ടിരുന്നു. ഇപ്പോൾ രണ്ടാം തവണയാണ് കടുവയെ കാണുന്നത്.
വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന കക്കയം ഡാം സൈറ്റ് മേഖലയിലേക്ക് ഇതുവഴി അനുദിനം നൂറുകണക്കിന് വിനോദസഞ്ചാരികൾ യാത്ര ചെയ്യുന്നുണ്ട്. കൂടാതെ ഇവിടെ നിന്നും ജനവാസ മേഖലയിലേക്ക് അധികം ദൂരമില്ലെന്നുള്ളതും നിരവധിയാളുകളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഓണം അവധിക്കാലമായതോടെ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി കുടുംബങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തുന്നുണ്ട്. എന്നാൽ ഡാം റോഡ് വനമേഖലയിൽ കടുവയുടെ സാന്നിധ്യം നേരത്തെയുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സി. വിജിത്ത് പറഞ്ഞു.