മരം മുറിക്കാൻ ലഭിച്ച പണം തിരികെ നൽകി അന്നമ്മ
1589433
Friday, September 5, 2025 5:03 AM IST
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്ത് മേഖലയിൽ ഉൾപ്പെട്ട പെരുവണ്ണാമൂഴി - മുതുകാട് പാതയോരത്ത് ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിന്നിരുന്ന വൻ മരങ്ങൾ മുറിച്ച് മാറ്റിയ സന്തോഷത്തിലാണ് വയോധിക അന്നമ്മ.
ഈ സന്തോഷത്തിൽ തനിക്ക് മരം മുറിക്കാൻ സ്വന്തം പോക്കറ്റിൽ നിന്ന് പണം നൽകിയ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിനെ നേരിൽ കണ്ട് പണം കൈമാറുകയും ചെയ്തു.
മരം മുറിക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് ഓഫീസ് വരാന്തയിൽ കുത്തിയിരുപ്പ് സമരം നടത്തി തളർന്നു വീണ ഇവരെ പ്രസിഡന്റ് കെ. സുനിൽ തന്റെ ഓഫീസ് മുറിയിൽ എത്തിച്ച് പക്കലുണ്ടായിരുന്ന നാലായിരം രൂപ മരം മുറിക്കാനായി നൽകുകയായിരുന്നു.
പഞ്ചായത്തല്ല മരം മുറിക്കേണ്ടതെന്നും ജലസേചന വകുപ്പാണെന്നും പ്രസിഡന്റ് അവരെ അറിയിച്ചു. ഇത് വാർത്തയായതിനെ തുടർന്ന് വൻമരങ്ങൾ കുറ്റ്യാടി ജലസേചന വകുപ്പ് മുറിച്ചു നീക്കി പ്രശ്നം പരിഹരിച്ചു.
ഇതോടെ പണം നൽകാൻ അന്നമ്മ സന്നദ്ധത അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിലെത്തി മറ്റു ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ പ്രസിഡന്റ് കൊടുത്ത പണം തിരികെ നൽകുകയായിരുന്നു.