സ്നേഹതീരം ഗ്രാന്‍ഡ്മാ ഹോമിന് തറക്കല്ലിട്ടു
1588898
Wednesday, September 3, 2025 5:13 AM IST
കോഴിക്കോട്: ജീവിതത്തില്‍ ഒറ്റപ്പെടലിന്റെ നൊമ്പരവുമായി കഴിയുന്ന അമ്മമാര്‍ക്ക് വേണ്ടി ഫാറൂഖ് കോളജ് പരുത്തിപ്പാറ സ്നേഹതീരം ഭവനത്തില്‍ മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ നിര്‍മിക്കുന്ന ഗ്രാന്‍ഡ്മാ ഹോമിന്റെ ശിലാസ്ഥാപനം മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ് നിര്‍വഹിച്ചു. ഹൈദരാബാദിലെ കോയ ആൻഡ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ടി.കെ. സലീം ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. എല്ലാ മതവിഭാഗത്തില്‍പ്പെട്ട അമ്മമാര്‍ക്കും പ്രാര്‍ഥനയ്ക്കുള്ള സൗകര്യങ്ങള്‍ അടക്കം ഗ്രാന്‍ഡ്മാ ഹോമില്‍ ഒരുക്കുന്നുണ്ട്.
രാമനാട്ടുകര നഗരസഭാധ്യക്ഷ വി.എം. പുഷ്പ, ഫറോക്ക് നഗരസഭാധ്യക്ഷന്‍ എന്‍.സി. അബ്ദുൾ റസാഖ്, ഉപാധ്യക്ഷന്‍ പി.കെ. അബ്ദുൾ ലത്തീഫ്, വികെസി ഗ്രൂപ്പ് ചെയര്മാന് വികെസി മമ്മദ് കോയ, രാമകൃഷ്ണ ശാരദാമിഷന്‍ സെക്രട്ടറി പ്രവാജിക രാധാപ്രാണ മാതാജി, സ്നേഹതീരം ട്രസ്റ്റ് അംഗങ്ങളായ എം.സി. അക്ബര്‍, കെ.ടി. കബീര്‍, സിദ്ദീഖ് കോടമ്പുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഗതികളായ അമ്മമാരെ സംരക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുന്നതിനായി മലബാര്‍ ഗ്രൂപ്പിന്റെ ഗ്രാന്‍ഡ്മാ ഹോമുകള്‍ ഇപ്പോള്‍ ബംഗളൂരുവിലും ഹൈദരാബാദിലും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഗ്രാന്‍ഡ്മാ ഹോമുകള്‍ ആരംഭിക്കും. കേരളത്തില്‍ വയനാട്, തൃശൂര്‍, നെടുമ്പാശേരി, കൊടുവള്ളി എന്നിവിടങ്ങളില്‍ ഗ്രാന്‍ഡ്മാ ഹോമുകളുടെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.