ജില്ലയില്‍ ആകെ 26,54,972 വോട്ടര്‍മാര്‍
1589173
Thursday, September 4, 2025 5:29 AM IST
ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത് കോഴിക്കോട്ട്
കോഴിക്കോട്: സപ്തംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച തദ്ദേശ സ്ഥാപനങ്ങളുടെ അന്തിമ വോട്ടര്‍ പട്ടികയില്‍ കോഴിക്കോട് ജില്ലയിലുള്ളത് ആകെ 26,54,972 വോട്ടര്‍മാര്‍. 12,53,480 പുരുഷന്മാരും 14,01,460 സ്ത്രീകളും 32 ട്രാന്‍സ്ജെന്‍ഡേഴ്സും അടങ്ങിയതാണ് ജില്ലയിലെ വോട്ടര്‍ പട്ടിക. ഇതിനു പുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ ആകെ 902 പേരുണ്ട്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത് കോഴിക്കോട് ജില്ലയിലാണ്.
കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് ഓഗസ്റ്റ് 12 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹിയറിംഗ് നടത്തിയുമാണ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ (ഇആര്‍ഒ) അന്തിമ വോട്ടര്‍പട്ടിക തയാറാക്കിയത്. സംക്ഷിപ്ത പുതുക്കലിനായി ജൂലൈ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ ആകെ 24,80,032 വോട്ടര്‍മാരാണുണ്ടായിരുന്നത്.
ഇതില്‍ 3,31,035 വോട്ടര്‍മാരെ പുതുതായി ചേര്‍ത്തപ്പോള്‍ 1,56,095 പേരെ ഒഴിവാക്കി. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷന് അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക തയാറാക്കിയത്. വോട്ടര്‍പട്ടിക കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്.
ഒളവണ്ണ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള പഞ്ചായത്ത്
കോഴിക്കോട്: സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് ഒളവണ്ണയില്‍. 26,545 പുരുഷന്മാരും 28,555 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെ 55,101 വോട്ടര്‍മാരാണ് ഒളവണ്ണ ഗ്രാമപഞ്ചായത്തിലുള്ളത്. ജില്ലയിലെ 70 പഞ്ചായത്തുകളില്‍ ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് കായണ്ണ പഞ്ചായത്തിലാണ്.
5,693 പുരുഷന്മാരും 6,025 സ്ത്രീകളും ഉള്‍പ്പെടെ 11,718 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. കോഴിക്കോട് കോര്‍പറേഷനില്‍ ആകെ 4,69,771 വോട്ടര്‍മാരുണ്ട്. 2,21,533 പുരുഷന്മാരും 2,48,231 സ്ത്രീകളും ഏഴ് ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പ്പെടെയാണിത്. പ്രവാസി വോട്ടര്‍പട്ടികയില്‍ കോര്‍പറേഷനില്‍ 11 പേരാണുള്ളത്. ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ വടകരയിലാണ്.
29,041 പുരുഷന്മാരും 32,558 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെ 61,600 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 28,486 പുരുഷന്മാരും 32,865 സ്ത്രീകളും ഉള്‍പ്പെടെ 61,351 വോട്ടര്‍മാരുമായി കൊയിലാണ്ടി മുനിസിപ്പാലിറ്റിയാണ് രണ്ടാം സ്ഥാനത്ത്.
ജില്ലയില്‍ ഏറ്റവും കുറവ് വോട്ടര്‍മാര്‍ രാമനാട്ടുകര മുനിസിപ്പാലിറ്റിയിലാണ്. 14,525 പുരുഷന്മാരും 15,888 സ്ത്രീകളും ഉള്‍പ്പെടെ 30,413 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത് ആയഞ്ചേരി പഞ്ചായത്തിലാണ്- 174 പേര്. 146 പേരുമായി പുറമേരി പഞ്ചായത്താണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള മണിയൂര്‍ പഞ്ചായത്തില്‍ 75 പ്രവാസി വോട്ടര്‍മാരാണുള്ളത്.